ഇയാളുടെ വാടകയ്‌ക്കെടുത്തതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ കറുത്ത കൊടി കെട്ടിയിരുന്നു
യുഎസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണം എന്ന് എഫ്ബിഐ. ആക്രമണത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞു. 42 കാരനായ ഷംസൂദ് ദിൻ ജബ്ബാറാണ് ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
Also Read: ന്യൂ ഓർലിയൻസില്‍ നടന്നത് തീവ്രവാദി ആക്രമണം എന്ന് മേയർ; അന്വേഷണം ഏറ്റെടുത്ത് എഫ്ബിഐ
ആക്രമണം നടത്തുമ്പോൾ ജബ്ബാർ ശരീര കവചം ധരിച്ചിരുന്നു. ഇയാളുടെ വാടകയ്‌ക്കെടുത്തതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ കറുത്ത കൊടി കെട്ടിയിരുന്നു. എന്നാൽ ഈ പതാക ഏത് സംഘടനയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമല്ല.
Also Read: യുഎസ്സില്‍ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; 10 പേർ കൊല്ലപ്പെട്ടു
പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ഷംസൂദ് ദിൻ ജബ്ബാർ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയത്. ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലായിരുന്നു സംഭവം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തെ 'തീവ്രവാദി ആക്രമണം' എന്നാണ് ന്യൂ ഓർലിയൻസ് മേയർ കാൻട്രൽ വിശേഷിപ്പിച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ശേഷം ഡ്രൈവർ വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തു എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതായും ഇതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.