fbwpx
വയനാട് പുനരധിവാസം: 750 കോടിയില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍; നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 09:30 PM

ടൗണ്‍ഷിപ്പിന്‍റെ സവിശേഷതകളും സർക്കാരിന്‍റെ പുനരധിവാസ കാഴ്ചപ്പാടും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു

KERALA


വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും  നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലുമായിരിക്കും വീട് നിർമാണം. 750 കോടി മുടക്കിയാണ് നിർമാണം. കിഫ്‌കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. ടൗണ്‍ഷിപ്പിന്‍റെ സവിശേഷതകളും സർക്കാരിന്‍റെ പുനരധിവാസ കാഴ്ചപ്പാടും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കൂടി പങ്കെടുത്ത വാർത്താ സമ്മേളനത്തില്‍ പുനരധിവാസ പദ്ധതിയുടെ മോഡൽ വീഡിയോയും പ്രദർശിപ്പിച്ചു. 


രക്ഷാപ്രവ‍ർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം സാധ്യമായ ഏറ്റവും വേഗത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി ലോകം ആകെയുള്ള മലയാളികൾ ഒറ്റ മനസായി ചേർന്നുനിന്നു. സഹായഹസ്തവുമായി ഒരുപാട് പേരെത്തി. സമയബന്ധിതമായി പുനരധിവാസം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കിടപ്പാടം നഷ്ടമായ എല്ലാവരെയും ഒരേ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ വയനാട്ടിൽ ഭൂമി കണ്ടെത്താൻ പ്രയാസമുണ്ട്. വീട് വെയ്ക്കൽ മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രിതിയിലും ദുരിതങ്ങളെ അതിജീവിച്ച് ഉപജീവന മാർഗം ഉറപ്പാക്കൽ കൂടിയാണ് പുനരധിവാസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് സഹായവുമായി മുന്നോട്ട് വരുന്ന എല്ലാവരെയും ചേർത്തുപിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പ​ദ്ധതി പൂർത്തിയാക്കുകയെന്നും പിണറായി വിജയന്‍ പറഞ്ഞു. 


ALSO READ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കാര്യത്തിൽ കേന്ദ്രത്തിന് നിസംഗത, കേന്ദ്ര സഹായത്തെക്കുറിച്ച് കത്തിൽ സൂചനയില്ല: മുഖ്യമന്ത്രി


ടൗൺഷിപ്പിലേക്ക് പുനരധിവസിപ്പിക്കപ്പെട്ട ശേഷവും ദുരന്തമുണ്ടായ സ്ഥലത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്ക് തന്നെയാകും. ഉരുൾപൊട്ടിയ ഭൂമി വനപ്രദേശമായി മാറാതിരിക്കാൻ കളക്ടീവ് ഫാമിങ് പോലുള്ള ഉത്പാദനപരമായ മാർ​ഗങ്ങൾ പിന്നീട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആ ഭൂമി ഉടമകളിൽ നിന്ന് അന്യം നിന്ന് പോകില്ല. ടൗൺഷിപ്പ് പദ്ധതിയുടെ ഭരണ വകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി. ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക്  നിർമാണ കരാർ നല്‍കാന്‍ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


"2005ലെ ദുരന്തനിവാരണ നിയമ പ്രകാരമാണ് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന വ്യവഹാരങ്ങളിൽ സർക്കാരിനുള്ള നിലപാട് തുടർന്നുകൊണ്ട് തന്നെയായിരിക്കും ഇവിടെ പുനരധിവാസം നടപ്പിലാക്കുക.  കണ്ടെത്തിയ ഭൂമിയിൽ പുനരധിവാസത്തിനും നിർമാണത്തിനും അനുയോജ്യമല്ലാത്ത ഭാ​ഗം ഒഴിവാക്കിയതിനു ശേഷം എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറും ആണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്‍റേഷൻ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്. ഇപ്പോൾ ഫീൽഡ് സർവേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്നതോടെ കൂടുതൽ കണിശതയുള്ള കണക്കുകൾ ലഭ്യമാകും", മുഖ്യമന്ത്രി പറഞ്ഞു.  ഭൂമിയുടെ വില കണക്കിലെടുത്താണ് എൽസ്റ്റോണിൽ 5 സെൻ്റും നെടുമ്പാലയിൽ 10 സെൻ്റും അനുവദിക്കുന്നത്. ടൗണ്‍ഷിപ്പുകളിൽ വീടുകൾക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റുകൾ, ആരോ​ഗ്യകേന്ദ്രം, വൈദ്യുതി, കളിസ്ഥലം, അം​ഗനവാടി, കുടിവെള്ളം, ശുചിത്വ സംവിധാനം എന്നിവയും ഉണ്ടാകും. ദുരന്തബാധിതരുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 ന് പുറത്തിറക്കാൻ കഴിയും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തബാധിതർക്ക് ഉപജീവനമാർ​ഗം ഒരുക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവേ നടത്തിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. മേപ്പാടി ​ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽപ്പെടുന്ന 4652 പേരടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് മൈക്രോ പ്ലാൻ നടപ്പിലാക്കിയത്. ഇതിൽ 79 പേ‍ർ മൃ​ഗ സംരക്ഷ മേഖലയാണ് തിരഞ്ഞെടുത്തത്. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാന മാർ​ഗങ്ങളുമാണ് തിരഞ്ഞെടുത്തത്. പ്രത്യേക പരി​ഗണന നൽകേണ്ട സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികൾ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങൾ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരം​ഗം മാത്രമുള്ള 87കുടുംബങ്ങളേയും പ്ലാൻ വഴി കണ്ടെത്തി.


ALSO READ: സനാതന ധർമ വിഷയത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി


ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നിർമാണത്തിന്. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനി‍ർമാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട് ഇംപ്ലിമന്റേഷൻ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കും. പദ്ധതി നടത്തിപ്പിലെ സുതാര്യതയും ​ഗുണമേന്മയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. പുനരധിവാസത്തിന് നാല് ട്രൈബൽ കുടുംബങ്ങളാണ് ഉള്ളത്. ഇവരിൽ നാല് പേർ ടൗൺഷിപ്പ് സ്വീകരിക്കുമെന്ന് അറിയിച്ചു. അവരുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ള പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലങ്ങാട്ടെ ദുരന്തബാധിതർക്കും 15 ലക്ഷം രൂപ സഹായം നല്‍കും. ഈ രണ്ടിടത്ത് മാത്രമാകും ഈ ആനുകൂല്യം. പുനരധിവാസം ഒരുമിച്ചാകും നടപ്പിലാക്കുക.  ഗുണഭോക്താക്കളെ രണ്ട് ഘട്ടമായി കണക്കാക്കും. സ്പോൺസർമാരുടെ യോഗം ചേർന്നുവെന്നും 100 ൽ കൂടുതൽ വീട് വാഗ്ദാനം ചെയ്തത് 38 സ്പോൺസർമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരെ ഉൾപ്പെടുത്തി വെബ് പോർട്ടൽ രൂപീകരിക്കും. നിർമാണ പുരോഗതി ഇതിലൂടെ വിലയിരുത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.


2024 ജൂണ്‍ 30ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല-മുണ്ടക്കൈ-പുഞ്ചരിമട്ടം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചരിമട്ടം നിത്യഹരിത വനത്തിനുള്ളിലായിരുന്നു ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രം. തെന്നിമാറിയ ഭൂമിയും പാറയും അടങ്ങിയ ഉരുള്‍ പുന്നപ്പുഴ വഴി എട്ട് കി.മീ വരെ ഒഴുകിയെത്തി. അവശിഷ്ടങ്ങളുടെ ഒഴുക്ക് മണിക്കൂറില്‍ 100.8 കി.മീ വരെ വേഗത കൈവരിച്ചുവെന്നാണ് കണക്കുകള്‍. 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളും ദുരന്ത മേഖലയില്‍ നിന്നും മലപ്പുറം ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തിയത്. 17 കുടുംബങ്ങളില്‍ ആകെയുണ്ടായിരുന്ന 58 ആളുകളും കൊല്ലപ്പെട്ടു. 6 കുട്ടികള്‍ ഉള്‍പ്പെടെ 21 പേർ അനാഥരായി.

Also Read
user
Share This

Popular

KERALA
KERALA
അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി