നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് പിഴ. പിഴ നല്‍കേണ്ടത്, ഉപയോഗിക്കുന്നവരല്ല, മറിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കമ്പനിയാണ്
16 വയസ്സില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള നിര്‍ണായക ഉത്തരവ് ഓസ്‌ട്രേലിയ പാസാക്കി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലാണ് നിരോധനം. രണ്ട് പാര്‍ലമെന്ററി ചേംബറുകളും ബില്‍ പാസാക്കി ഉത്തരവിറക്കി.
നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് പിഴ. പിഴ നല്‍കേണ്ടത്, ഉപയോഗിക്കുന്നവരല്ല, മറിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കമ്പനിയാണ് എന്നതും ശ്രദ്ധേയമാണ്. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും.
Also Read: മൂന്ന് വർഷത്തിനു ശേഷം അവൾ എത്തി; സന്തോഷത്തിനായി ലോകം സബ്‌സ്‌ക്രൈബ് ചെയ്ത 'ലി സികി'
കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ലോവര്‍ ചേംബര്‍ അംഗീകരിച്ച ബില്‍ വ്യാഴാഴ്ച സെനറ്റും അംഗീകാരം നല്‍കുകയായിരുന്നു. കനത്ത പിഴ ഈടാക്കുന്ന നിയമം അവ്യക്തവും പ്രശ്‌നമുള്ളതുമാണെന്നാണ് സോഷ്യല്‍മീഡിയ കമ്പനികള്‍ വിശേഷിപ്പിച്ചത്.
Also Read: ഇസ്രയേൽ- ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ: ലെബനനിൽ ആഘോഷങ്ങൾക്ക് തുടക്കമായി
അതേസമയം, രാജ്യത്തെ പ്രധാന പാര്‍ട്ടികളുടെയെല്ലാം പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. കുട്ടികളെ സോഷ്യല്‍മീഡിയയുടെ തെറ്റായ സ്വാധീനത്തില്‍ നിന്നും രക്ഷിക്കാനാണ് പുതിയ നിയമം എന്നാണ് ഓസ്‌ട്രേലിയന്‍ ആന്റണി അല്‍ബാനീസിന്റെ വാദം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, രക്ഷിതാക്കളില്‍ നിന്നുമുള്ള പിന്തുണ തനിക്ക് ലഭിക്കുമെന്നും അല്‍ബാനീസ് കണക്കുകൂട്ടുന്നു.
എന്നാല്‍, ഓസ്‌ട്രേലിയയിലെ ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് പുതിയ നിയമത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മറ്റെന്തെങ്കിലും വഴികള്‍ കണ്ടെത്തുമെന്നുള്ള കുട്ടികളുടെ പ്രതികരണവും ഇതിനകം വന്നിട്ടുണ്ട്.