ബാലുവിൻ്റെ രാജി സ്വീകരിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി. കെ. ഗോപി അറിയിച്ചു
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്നും ബി. എ. ബാലു രാജിവെച്ചു. ഇന്നലെയാണ് ദേവസ്വം ഓഫീസിൽ നേരിട്ടെത്തി അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറിയത്. കഴകം ജോലിയിൽ ബാലുവിന് നിയമനം ലഭിച്ചതിന് പിന്നാലെ ക്ഷേത്ര തന്ത്രിമാർ എതിർപ്പ് അറിയിച്ചതോടെ ജാതി വിവേചന പരാതി ഉയർന്നിരുന്നു. അതേസമയം, ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് ബാലുവിൻ്റെ രാജിയെന്നാണ് കൂടൽമാണിക്യം ദേവസ്വത്തിൻ്റെ പ്രതികരണം.
ബാലുവിൻ്റെ രാജി സ്വീകരിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി. കെ. ഗോപി അറിയിച്ചു. ആരോഗ്യപരവുമായ വ്യക്തിപരവും കാരണങ്ങൾ കൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് ബാലു രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ബാലുവിന്റെ രാജിവിവരം സർക്കാരിനെ അറിയിക്കുമെന്നും, ഒഴിവു നികത്തുന്ന സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണെന്നും ദേവസ്വം ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.
കെ ബി ബാലു രാജിവച്ചതിനെ തുടർന്ന് റാങ്ക് പട്ടികയിലെ രണ്ടാമനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ കെ. ബി. മോഹൻദാസ് അറിയിച്ചു." ബി. എ. ബാലുവിന് നിയമനം നൽകിയത് ജനറൽ വിഭാഗത്തിൽ ആയിരുന്നു. ഇനി നടക്കേണ്ടത് ഈഴവിഭാഗത്തിൽപ്പെട്ട ആളുടെ നിയമനമാണ്.റാങ്ക് പട്ടികയിൽ ഈഴവ വിഭാഗത്തിൽപ്പെട്ട ആളുണ്ടെങ്കിൽ നിയമനം നൽകും. ഇല്ലാത്ത പശ്ചാത്തലം ഉണ്ടായാൽ ഈഴവ വിഭാഗത്തിൽപ്പെട്ട ആളുകൾക്കായി റിക്രൂട്ട്മെൻറ് നടത്തും"കെ. ബി. മോഹൻദാസ് അറിയിച്ചു.
ക്ഷേത്രത്തിൽ ഈഴവ യുവാവിന് കഴക ജോലി ചെയ്യാൻ നിയമനം ലഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പുകയാൻ തുടങ്ങിയത്. ഫെബ്രുവരി 24നാണ് ബാലുവിന് നിമയമനം ലഭിച്ചത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുന്നതിനാൽ ഈഴവന് കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജവും എടുത്തതെന്ന് ഭരണസമിതി അറിയിച്ചിരുന്നു.
ഇനി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലി ചെയ്യില്ലെന്നും,ഞാൻ കാരണം അവിടെ ഒരു പ്രശ്നം ഉണ്ടാകരുതെന്നും,ബാലു പറഞ്ഞിരുന്നു. "ദേവസ്വം ഓഫീസ് ജീവനക്കാരനായി തുടരാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് ദേവസ്വത്തിന് അപേക്ഷ നൽകും. അംഗീകരിച്ചില്ലെങ്കിൽ നാട്ടിലേക് മടങ്ങും", എന്നും ബാലു വ്യക്തമാക്കിയിരുന്നു.
ബാലുവിൻ്റെ പിന്മാറ്റം ഭയം മൂലമാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.പിന്മാറ്റം നട്ടെല്ലില്ലാത്ത ആളുകളുടെ രീതിയാണ്. "പ്രാദേശിക പിന്തുണ ഇല്ലാതെ ജോലി ചെയ്യാൻ ആവില്ല എന്ന് അയാൾ കരുതിക്കാണും. സർക്കാരും എസ്എൻഡിപിയും പിന്തുണ നൽകിയിട്ടും പിന്മാറാനുള്ള തീരുമാനമെടുത്തത് ശരിയായില്ല",വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.