പരിശോധനയ്ക്കായി ആളുകളുടെ ചര്‍മത്തിന്റേയും മുടിയുടേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്
വിചിത്രമായ രോഗാവസ്ഥയുടെ പിടിയിലായതിന്റെ ആശങ്കയിലാണ് മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍. വന്‍തോതില്‍ മുടികൊഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ണ കഷണ്ടിയാകുന്ന അപൂര്‍വ അവസ്ഥയിലാണ് ഗ്രാമങ്ങളിലെ പലരും. ബുല്‍ധാനയിലെ ബൊറഗോണ്‍, കല്‍വാഡ്, ഹിംഗന ഗ്രാമങ്ങളിലുള്ളവര്‍ക്കാണ് അപൂര്‍വ രോഗാവസ്ഥ.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ മുടികൊഴിയുന്നതായാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ സ്ഥലത്ത് ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തി. പരിശോധനയ്ക്കായി ആളുകളുടെ ചര്‍മത്തിന്റേയും മുടിയുടേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
മുടികൊഴിച്ചില്‍ തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും കഷണ്ടിയായി മാറുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. 50 ഓളം പേര്‍ സമാന പ്രശ്‌നങ്ങള്‍ നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവെച്ചു.
Also Read: സിഗരറ്റ് വാങ്ങാൻ പോകില്ലെന്ന് പറഞ്ഞു; ബിഹാറിൽ എട്ട് വയസുകാരനെ വെടിവെച്ച് വീഴ്ത്തി
ജലമലിനീകരണമാണോ മുടികൊഴിച്ചിലിന് കാരണമെന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധര്‍. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ, ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് ഗ്രാമവാസികള്‍ക്ക് ലഭിച്ച നിര്‍ദേശം.