നിലവിൽ പിഎസ്‌സി ചെയർമാന് ശമ്പളം 76,450 രൂപയാണ്. അലവൻസും ആനുകൂല്യങ്ങളും ചേർത്താൽ രണ്ടേ കാൽ ലക്ഷം ലഭിക്കും. പിഎസ്‌സി അംഗത്തിന് ശമ്പളം 70,290 രൂപയാണ്. അലവൻസും ആനുകൂല്യവും ചേർത്ത് 2,19,090 രൂപയാണ് നൽകിവരുന്നത്.
പി എസ് സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ച് സർക്കാർ.ആനുകൂല്യവും അലവൻസും ചേർത്താൽ മൂന്നര ലക്ഷത്തിനു മുകളിൽ ശമ്പളം ലഭിക്കും.വിവാദമായതിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച ശുപാർശയാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത് 76,000 രൂപയിൽ നിന്ന് പി എസ് സി ചെയർമാൻ്റെ ശമ്പളം ഒറ്റയടിക്ക് കൂട്ടിയത് രണ്ടേകാൽ ലക്ഷത്തോളം.അലവൻസും ആനുകൂല്യവും ചേർത്താൽ മാസം കയ്യിൽ കിട്ടുക ഏകദേശം മൂന്നേ മുക്കാൽ ലക്ഷം രൂപ. പിഎസ് സി അംഗങ്ങളുടെ ശമ്പളത്തിലും കുറവില്ല.എഴുപതിനായിരം രൂപയുണ്ടായിരുന്ന ശമ്പളം എല്ലാ ആനുകൂല്യങ്ങളും ചേർത്താൽ ഇനിമുതൽ മൂന്നര ലക്ഷത്തോളം വരെയാകും.
ഒരു ലക്ഷത്തിന് മുകളിൽ ഉണ്ടായിരുന്ന ക്ഷാമബത്തയും 10,000 രൂപ വീതം നൽകിയിരുന്ന വീട്ടുവാടകയും കൂട്ടും.ജഡ്ജിമാരുടെ ശമ്പള സ്കെയിൽ മാനദണ്ഡമാക്കിയാണ് പിഎസ്‌സിയിലും ശമ്പള പരിഷ്കരണം.2006-ലാണ് പി എസ് സിയിൽ ശമ്പള പരിഷ്കരണം ഒടുവിൽ നടപ്പാക്കിയത്.പിന്നീട് പലവട്ടം ശുപാർശ ചെയ്തെങ്കിലും എതിർ സ്വരമുയർന്നതോടെ മാറ്റിവെച്ചതാണ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു കിടക്കുന്ന ഒരു സമയത്ത് നടപ്പാക്കുന്നത്. മുൻകാല പ്രാബല്യം ഉണ്ടോ,പെൻഷൻകാർക്ക് വർധനയുണ്ടോ എന്നത് ഉൾപ്പെടെ സംബന്ധിച്ച് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പിഎസ്‌സിയിലെ ഭൂരിപക്ഷം പേരും സർക്കാർ സർവീസിൽ ഉള്ളവരാണെന്നും അവിടെ തുടർന്നിരുന്നെങ്കിൽ ഈ ശമ്പളത്തേക്കാൾ അധികം ലഭിക്കുമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ വേതനം കൂട്ടാത്തതും ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ ഉൾപ്പടെ സമരം ചെയ്യുന്ന സമയത്താണ് പിഎസ്‌സിയിൽ വൻ ശമ്പളവർധന നടപ്പാക്കാനുള്ള സർക്കാർ നീക്കം.