രണ്ടാം വിള നെൽകൃഷി ഇപ്പോൾ മാർച്ച് വരെ നീളുന്നുണ്ട് എന്നതിനാൽ കേരളത്തിന് പറമ്പിക്കുളം - ആളിയാറിൽ നിന്നും ലഭിക്കുന്ന ജലം തികയാതെ വരുന്ന സ്ഥിതിയുണ്ടാകുന്നു
പറമ്പിക്കുളം-ആളിയാർ ഡാമിൽ നിന്നുള്ള ജലവിതരണ ക്രമത്തിൽ മാറ്റം ആവശ്യപ്പെടാനൊരുങ്ങി കേരളം. ഫെബ്രുവരി 27 ന് നടക്കാനിരിക്കുന്ന കേരള -തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ പുതിയ വിതരണ ക്രമം വേണമെന്ന ആവശ്യമുന്നയിക്കാനാണ് കേരളത്തിൻ്റെ നീക്കം. കരാർ പ്രകാരം ഒരു വർഷം 7.25 ടിഎംസി ജലം കേരളത്തിനായി മണക്കടവ് വിയറിലേക്ക് തമിഴ്‌നാട് വിട്ടു നൽകണമെന്നാണ് വ്യവസ്ഥ.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ മാസവും നൽകേണ്ട വെള്ളത്തിൻ്റെ അളവും കരാറിലുണ്ട്. എന്നാൽ കേരളം നേരിടുന്ന പുതിയ പ്രതിസന്ധി, നിലവിലെ പട്ടിക പ്രകാരം കൂടുതൽ ജലം ആവശ്യമുള്ള സമയത്ത്, കുറഞ്ഞ അളവ് ജലം ലഭിക്കുന്നു എന്നതാണ്. നമ്മുടെ കാലാവസ്ഥയിലും, കൃഷിയിലും വന്ന മാറ്റമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നിലവിലെ കരാർ പ്രകാരം ഫെബ്രുവരിയിൽ 200 മില്യൺ ക്യൂബിക് ഫീറ്റും മാർച്ചിൽ 480 മില്യൺ ക്യുബിക് ഫീറ്റും ജലമാണ് ലഭിക്കേണ്ടത്. എന്നാൽ രണ്ടാം വിള നെൽകൃഷി ഇപ്പോൾ മാർച്ച് വരെ നീളുന്നുണ്ട് എന്നതിനാൽ കേരളത്തിന് പറമ്പിക്കുളം - ആളിയാറിൽ നിന്നും ലഭിക്കുന്ന ജലം തികയാതെ വരുന്ന സ്ഥിതിയുണ്ടാകുന്നു.
ഏപ്രിലിൽ കുടിവെളള വിതരണത്തിനും ജലം ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ മാസങ്ങളിൽ ജലത്തിൻ്റെ അളവ് വർധിപ്പിക്കണം എന്നാണ് ജലസേചന വകുപ്പും, കൃഷി വകുപ്പും ആവശ്യപ്പെടുന്നത്. ഫെബ്രുവരി 27 ന് നടക്കുന്ന കേരള-തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കാനാണ് സംസ്ഥാനത്തിൻ്റെ നീക്കം. പറമ്പിക്കുളം-ആളിയാർ കരാർ രണ്ടു തവണ പുതുക്കേണ്ട കാലാവധി ആയിട്ടും നടപടികൾ നീളുന്ന സാഹചര്യത്തിലാണ്, കരാർ പുതുക്കുന്നത് വരെ പുതിയ വിതരണ ക്രമം വേണമെന്ന് കേരളം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തിൻ്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചാൽ ചിറ്റൂർ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.