വീട്ടിലെത്തിയ ആശാ വർക്കർമാരെ കാണാൻ അനുവദിച്ചില്ല എന്ന ആരോപണം മന്ത്രി തള്ളി
ആശ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന തുക ഓണറേറിയമായി നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീട്ടിലെത്തിയ ആശാ വർക്കർമാരെ കാണാൻ അനുവദിച്ചില്ല എന്ന ആരോപണം മന്ത്രി തള്ളി. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നുവെന്നും ആശ വർക്കർമാരെ സഭയ്ക്ക് പുറത്തുവച്ച് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയ്ക്ക് പുറത്തുവച്ച് കണ്ടപ്പോൾ ആശ വർക്കർമാർ നിവേദനം നൽകിയിരുന്നതായി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിലെ വീട്ടിൽ എത്തിയ ആശമാരെ കാണാൻ അനുവദിച്ചില്ല എന്ന് പറയുന്നത്തിന്റെ ദുരുദ്ദേശ്യം എന്താണ് എന്ന് അറിയില്ല. അവിടെയാരും വന്നതായും അറിയില്ല. സംശയം ഉണ്ടങ്കിൽ cctv പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. സമരമുഖത്ത് അങ്ങനെയുള്ള കാര്യങ്ങൾ പറയുമായിരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ സമരം ചെയ്യാൻ തയ്യാറെന്ന് വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രം പണം നൽകാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും 2023-24ൽ 100 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളതെന്നുമാണ് മന്ത്രി അറിയിച്ചത്. കേന്ദ്രവിഹിതം കിട്ടാതിരുന്നിട്ടും സംസ്ഥാനം തുക നൽകി. തുക വർധിപ്പിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാട്. ചില ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നവയല്ലെന്നും ഇനിയും ചർച്ച ചെയ്യണമെങ്കിൽ അതിന് ഒരു തടസവുമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.