fbwpx
ശബരിമല ലേഔട്ട് പ്ലാനിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം; ആദ്യഘട്ട വികസനത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 600.47 കോടി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Jan, 2025 10:08 PM

തദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

KERALA



ശബരിമല ലേഔട്ട്‌ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം. സന്നിധാനം പമ്പ എന്നിവിടങ്ങളിലെ ലേഔട്ട് പ്ലാനിങിനാണ് അംഗീകാരം നൽകിയത്. മൂന്ന് ഘട്ടമായി വികസന പ്രവർത്തനങ്ങൾ നടത്തും. സന്നിധാനത്തെ ആദ്യഘട്ട വികസനത്തിന് 600.47 കോടി ചെലവാണ് കണക്കാക്കുന്നത്. ഒപ്പം തദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബി. അശോക് ഐഎഎസിനെ കമ്മീഷനായി നിയമിക്കാനാണ് തീരുമാനം.


ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക്റൂട്ടിന്റെയും ലേഔട്ട് പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.


ALSO READ: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കലിന് പച്ചക്കൊടി കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; നടപടികൾ വേഗത്തിലാക്കി സർക്കാർ


സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ALSO READ: "പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം"; യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ മുഖ്യമന്ത്രി


പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ട്രക്ക്‌റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ കണക്കാക്കിയിരിക്കുന്ന ചെലവ് 255.45 കോടി രൂപയാണ്.


അതേസമയം തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബി. അശോക് ഐഎഎസിനെ കമ്മീഷനായി നിയമിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ കൂടി അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുക, സംതുലിതമായ ഒരു നിലപാട് സ്വീകരിക്കുക, വികസന സംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായി പുനഃപരിശോധിക്കുക തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് കമ്മീഷനെ നിയമിക്കുന്നത്.


KERALA
കൈ നീട്ടി, 'അങ്ങനെ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്‌സിലേക്ക് ശിവന്‍കുട്ടിയും; ആസിഫിനൊപ്പമുള്ള വൈറല്‍ വീഡിയോ പങ്കുവെച്ച് മന്ത്രി
Also Read
user
Share This

Popular

KERALA
NATIONAL
എൻ.എം. വിജയൻ്റെയും മകൻ്റെയും മരണം: ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ