നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ ശേഷമാണ് സംഭവം
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ ഹോട്ടൽ തകർത്തതിന് പുതിയ കേസ്. എറണാകുളം രായമംഗലം പൊലീസാണ് കേസെടുത്തത്. ഹോട്ടലിൽ കയറി തെറിവിളിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും ,ഹോട്ടലിൻ്റെ ചില്ല് അടിച്ച് തകർത്തതിനുമാണ് കേസ്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ ശേഷമാണ് സംഭവം.
കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിക്ക് കടുത്ത ഉപാധികളോടെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയായി മുന്നോട്ട് വച്ചത്. എല്ലാ മാസവും 10ന് പൾസർ സുനി പൊലീസിന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
Also Read: വിദ്വേഷ പരാമർശ കേസ്: പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യും
2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.