പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് എഫ്ബിഐയുടെ തലപ്പത്തേക്ക് ക്രിസ്റ്റഫർ റേയ്ക്ക് പകരം, തൻ്റെ വിശ്വസ്തനായ കാശ്യപ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു
രാജി പ്രഖ്യാപിച്ച് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ റേ. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതിന് മുമ്പായി, ജനുവരിയിൽ രാജിവെക്കുമെന്നാണ് ക്രിസ്റ്റഫർ റേയുടെ പ്രഖ്യാപനം. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ്, എഫ്ബിഐയുടെ തലപ്പത്തേക്ക് ക്രിസ്റ്റഫർ റേയ്ക്ക് പകരം, തൻ്റെ വിശ്വസ്തനായ കാശ്യപ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് റേ സ്വയമേവ രാജി പ്രഖ്യാപിച്ചത്. 2025 ജനുവരി 20നാണ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ.
സാധാരണഗതിയിൽ 10 വർഷമാണ് ഒരു എഫ്‌ബിഐ ഡയറക്‌ടറുടെ പ്രവർത്തന കാലാവധി. ഇതനുസരിച്ച് ക്രിസ്റ്റഫർ റേയ്ക്ക് രണ്ട്-മൂന്ന് വർഷം കൂടി സ്ഥാനത്ത് തുടരാം. എന്നാൽ ഡയറക്ടർ സ്ഥാനത്തേക്ക് കാശ് പട്ടേലിനെ നാമനിർദേശം ചെയ്ത സാഹചര്യത്തിൽ, ട്രംപ് ക്രിസ്റ്റഫറിനെ പുറത്താക്കിയേക്കും. ഇത് മുൻകൂട്ടി കണ്ടാണ് രാജി. ട്രംപ് തന്നെയാണ് 2017ൽ 38,000ത്തോളം ഉദ്യോഗസ്ഥരുള്ള എഫ്ബിഐയുടെ തലവനായി ക്രിസ്റ്റഫർ റേയെ ചുമതലപ്പെടുത്തിയതെന്നതാണ് മറ്റൊരു കൗതുകം.
ALSO READ: എഫ്ബിഐ തലപ്പത്തേക്കെത്താൻ ഇന്ത്യൻ വംശജൻ; ആരാണ് ട്രംപ് നിർദേശിച്ച കാശ് പട്ടേൽ?
“ക്രിസ്റ്റഫർ റേ രാജി വെയ്ക്കുന്ന ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം മഹത്തായ ഒന്നാണ്. ഇത് 'അമേരിക്കയുടെ അനീതിയുടെ വകുപ്പി'ലെ (ഡിപാർട്മെൻ്റ് ഓഫ് ഇൻജസ്റ്റിസ്) ആയുധവൽക്കരണം അവസാനിപ്പിക്കും,” ട്രംപ് തൻ്റെ സോഷ്യൽ മീഡയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
വൈറ്റ് ഹൗസിൽ നിന്ന് അനുമതിയില്ലാതെ എടുത്ത രഹസ്യ രേഖകൾ വീണ്ടെടുക്കാൻ 2022 ഓഗസ്റ്റിൽ, ക്രിസ്റ്റഫർ റേയുടെ നേതൃത്വത്തിൽ എഫ്ബിഐ ട്രംപിൻ്റെ മാർ-എ-ലാഗോ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഈ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതിനും നീതി തടസ്സപ്പെടുത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്തിയെങ്കിലും, ട്രംപ് തന്നെ നിയമിച്ച ജഡ്ജി കേസ് തള്ളുകയായിരുന്നു.
യാതൊരു കാരണവും കൂടാതെ, തന്നെ നിയമവിരുദ്ധമായി ഇംപീച്ച് ചെയ്യാനും കുറ്റം ചുമത്താനും ക്രിസ്റ്റഫർ ശുഷ്കാന്തിയോടെ പ്രവർത്തിച്ചെന്നാണ് ട്രംപിൻ്റെ പക്ഷം. അമേരിക്കയുടെ വിജയത്തേയും ഭാവിയെയും നശിപ്പിക്കാൻ ക്രിസ്റ്റഫർ മറ്റ് പല കാര്യങ്ങളും ചെയ്തെന്നും ട്രംപ് ആരോപിക്കുന്നു.
മൂല്യങ്ങളിലും തത്വങ്ങളിലും വേരൂന്നി പ്രവർത്തിക്കുന്ന എഫ്ബിഐയെ ഒരു മത്സരരംഗത്തേക്ക് വലിച്ചിടാൻ താൻ ആഗ്രഹിക്കുന്നല്ലെന്ന് പ്രസ്താവിച്ചായിരുന്നു ക്രിസ്റ്റഫർ റേ രാജി പ്രഖ്യാപിച്ചത്. എഫ്ബിഐയുടെ സ്വാതന്ത്ര്യവും വസ്തുനിഷ്ഠതയും നിലനിർത്തേണ്ടതുണ്ടെന്നും, പക്ഷപാതത്തിനും രാഷ്ട്രീയത്തിനും അതീതമായി തുടരണമെന്നും റേ സഹ ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകി.