ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മൽസരങ്ങളും ജയിച്ച ഏക ടീമായ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സെമിയിൽ ഓസ്ട്രേലിയയെ നേരിടാനെത്തുന്നത്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ മുറിവുണക്കാൻ ലക്ഷ്യമിട്ട് രോഹിത്തും സംഘവും ഇന്ന് ഓസ്ട്രേലിയയെ നേരിടും. 2023 ഏകദിന ഫൈനലിന് ശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മൽസരങ്ങളും ജയിച്ച ഏക ടീമായ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സെമിയിൽ ഓസ്ട്രേലിയയെ നേരിടാനെത്തുന്നത്. ഗ്രൂപ്പ് ബിയിൽ നിന്നും ഒരു വിജയവുമായി സെമിയിലെത്തിയതാണ് ഓസ്ട്രേലിയ. ഒരു മത്സരം മഴമൂലം ഫലമില്ലാതായപ്പോൾ, മറ്റൊരു മത്സരം മഴ കാരണം ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ഐസിസി ടൂർണമെൻ്റിലെ റെക്കോർഡ് റൺ ചേസ് നടത്തിയാണ് ഓസ്ട്രേലിയ നേടിയത്.
മൽസരം നടക്കുന്ന ദുബായ് ഗ്രൗണ്ടിൽ 250ന് മുകളിലുള്ള ഏത് സ്കോറും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കടുത്ത വെല്ലുവിളിയാകും. വേഗത കുറഞ്ഞ ഔട്ട് ഫീൽഡും പന്ത് ബാറ്റിലേക്കെത്താൻ വൈകുന്നതും ബാറ്റർമാരെ കുഴപ്പിക്കും. ചാംപ്യൻസ് ട്രോഫിയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെയും വേദി ഇതുതന്നെ ആയിരുന്നതും അതിലെല്ലാം വിജയം നേടാൻ കഴിഞ്ഞതും ഇന്ത്യയ്ക്ക് മാനസികമായ മുൻതൂക്കം നൽകും.
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ മുൻ ടൂർണമെൻ്റുകളിൽ ഇരു ടീമുകളും ഇതുവരെ നാലു തവണ നേർക്കുനേർ വന്നപ്പോൾ, ഇന്ത്യ രണ്ട് വിജയങ്ങൾ നേടിയിരുന്നു. ഓസ്ട്രേലിയ ഒരു വിജയം നേടിയപ്പോൾ, ഒരു മത്സരം ഫലമില്ലാതെയായി. ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിന് ഇന്ത്യൻ സ്പിൻ ബോളിങ് നിരക്കെതിരെ മികച്ച റെക്കോർഡാണ് ഉള്ളത്. 2022ൽ ഏകദിനത്തിലേക്ക് തിരിച്ചു വന്ന ട്രാവിസ് ഹെഡ് പവർ പ്ലേയിൽ ഏറ്റവും വേഗത്തിൽ സ്കോർ ചെയ്യുന്ന ബാറ്റർമാരിൽ ഒരാളാണ് എന്നതും ഇന്ത്യക്ക് തലവേദനയാണ്.
ALSO READ: സെമി ഫൈനലിൽ ഓസ്ട്രേലിയയേക്കാൾ മാനസിക മുൻതൂക്കം ഇന്ത്യക്ക്: സുനിൽ ഗവാസ്‌കർ
ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സെഞ്ചുറി നേടിയ ജോൺ ഇംഗ്ലീസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ , അലക്സ് ക്യാരി, മാർനസ് ലബൂഷെയ്ൻ തുടങ്ങി... മികച്ച ബാറ്റിങ് നിരയുമായാണ് ഓസീസ് സെമിയിലെത്തുന്നത്. ബൗളിങ്ങിൽ ബെൻ ഡാർഷ്യൂസ്, സ്പെൻസർ ജോൺസൺ, ആദം സാംപ എന്നിവരും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തും.
ഇന്ത്യയ്ക്കു വേണ്ടി സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ഫോമിലേക്കുയർന്ന വിരാട് കോഹ്‌ലി, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ് നിര അതിശക്തമാകുമ്പോൾ ഓൾറൗണ്ട് മികവിൽ അക്ഷർ പട്ടേൽ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും.. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിരയിൽ കുൽദീപ് യാദവ്, നിതീഷ് റാണ, ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച വരുൺ ചക്രവർത്തിയും അണിനിരക്കും.