നിള ബോട്ട് ക്ലബിന്റെ അനധികൃത പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പൊലീസിനും പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. റവന്യൂ വകുപ്പും കൃഷി വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതമായി പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബിൻ്റെ വാർത്ത ന്യൂസ് മലയാളമാണ് പുറത്തുകൊണ്ടുവന്നത്.
തൃശൂർ ചെറുതുരുത്തിയിലെ നിള ബോട്ട് ക്ലബിന്റെ അനധികൃത പ്രവർത്തനത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി വള്ളത്തോൾ നഗർ പഞ്ചായത്ത്. ബോട്ട് ക്ലബിന് അനുമതി നൽകാനാവില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. നിള ബോട്ട് ക്ലബിന്റെ അനധികൃത പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പൊലീസിനും പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. റവന്യൂ വകുപ്പും കൃഷി വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതമായി പ്രവർത്തിക്കുന്ന ബോട്ട് ക്ലബ്ബിൻ്റെ വാർത്ത ന്യൂസ് മലയാളമാണ് പുറത്തുകൊണ്ടുവന്നത്.
ഭാരതപ്പുഴയിൽ അഞ്ച് മാസത്തിലേറെയായി അനധികൃതമായി പ്രവർത്തിക്കുന്ന ബോട്ട് ക്ലബിനായി ഉന്നതർ ഇടപെട്ടതിന്റെ തെളിവുകളും ന്യൂസ് മലയാളത്തിന് ലഭിച്ചു. ബോട്ട് ക്ലബ് ഉടമകളുടെ ലൈസൻസിനായുള്ള അപേക്ഷ പഞ്ചായത്ത് നിരസിച്ചിട്ടും ഉന്നതർ സഹായിക്കാൻ ശ്രമിച്ചെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തൃശൂരിൽ നടന്ന തദ്ദേശ അദലാത്തിൽ, സ്ഥാപനത്തിന് അനുകൂലമായി എൻഒസി നൽകാൻ ഉന്നതർ നിർദേശിച്ചിരുന്നു.
ALSO READ: ചൂട് കൂടും! സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം നിള ബോട്ട് ക്ലബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ബോട്ട് സർവീസ് നടത്തിയതിനെതിരെയാണ് പൊലീസ് നടപടിയെടുത്തത്. നെൽപ്പാടം മണ്ണിട്ട് നികത്തിയും ഭാരതപ്പുഴ കയ്യേറിയും പ്രവർത്തനം തുടരുന്ന ബോട്ട് ക്ലബ്ബിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
പാലക്കാട് ഷൊർണ്ണൂർ നഗരസഭയുടെയും തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും അതിർത്തിയിൽ ഭാരതപ്പുഴ കയ്യേറിയും നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തിയുമാണ് നിള ബോട്ട് ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. പാഞ്ഞാൾ സ്വദേശി ശിവശങ്കരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ബോട്ട് ക്ലബിനായി രണ്ട് എക്കർ 27 സെന്റ് നെല്ല് വയലും റവന്യൂ പുറമ്പോക്ക് തോടും നികത്തിയെടുത്തിരുന്നു. ഭാരതപ്പുഴ കൈയ്യേറി നിർമിച്ച ഹോട്ടലിനും കുട്ടികളുടെ പാർക്കിനും പഞ്ചായത്തിന്റെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ല.
വള്ളത്തോൾ നഗർ പഞ്ചായത്ത് അധികൃതരുടെ അറിവോടെ നടക്കുന്ന അനധികൃത നിലം നികത്തിലിനും ബോട്ട് ക്ലബ് പ്രവർത്തനത്തിനും വില്ലേജ് ഓഫീസർ രണ്ട് വട്ടമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കൃഷി വകുപ്പ് അന്വേഷണം നടത്തി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതായി കണ്ടെത്തി. നിലവിൽ താൽക്കാലിക കെട്ടിടം നിർമിച്ച് ബോട്ട് ക്ലബെന്ന പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെ റിസോർട്ട് നിർമാണമാണ് നടക്കുന്നതെന്ന് ജനപ്രതിനികളും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. ഷൊർണ്ണൂർ - ചെറുതുരുത്തി മേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്. നിരവധി കുടിവെള്ള പദ്ധതികൾ പുഴയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ പുഴവെള്ളം പൂർണമായും മലിനമാക്കും വിധമാണ് നിള ബോട്ട് ക്ലബ് നടത്തുന്ന അനധികൃത ബോട്ട് സർവീസുകളെന്നും ആരോപണമുണ്ട്.