സെബി ക്രമക്കേടില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്
ഓഹരി വിപണി തട്ടിപ്പ് ആരോപണത്തില്‍ സെബി മുന്‍ മേധാവി മാധബി പുരി ബുച്ചിന് ആശ്വാസം. ബുച്ചിനെതിരെ കേസെടുക്കാനുള്ള പ്രത്യേക കോടതി ഉത്തരവ് മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്‌റ്റേ ചെയ്തത്.
സെബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്തു. സെബി ക്രമക്കേടില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചകളുണ്ടായതിനും ഗൂഢാലോചന നടന്നതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓഹരി വിപണി തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധബി ബുച്ച് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എല്ലാ വിശദാംശങ്ങളിലേക്ക് കടക്കാതെയും പ്രതികളുടെ പങ്ക് ആരോപിക്കാതെയും യാന്ത്രികമായാണ് പ്രത്യേക കോടതി ഉത്തരവിട്ടതെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.