വിദ്യാഭ്യാസ-സാമുഹിക പുരോഗതികളെയാകെ മറികടന്നുകൊണ്ട്, സമൂഹത്തെ വിവേചിക്കുന്ന ഘടകമായി ജാതി സര്‍വ തലങ്ങളിലും വേരാഴ്ത്തി നില്‍ക്കുന്നുണ്ട്
പുരോഗമനത്തിന്റെ വായ്ത്താരികള്‍ എത്രയുറക്കെ പാടിയാലും, തികട്ടി വന്നുകൊണ്ടിരിക്കുന്ന ജാതിബോധം. അതിന് ദേശാതിര്‍ത്തികളില്ല. കാലഭേദങ്ങളില്ല. ജാതിവിവേചനത്തിന്റെ പഴങ്കഥകള്‍ക്ക്, കള്‍ച്ചറല്‍ ഡിഫറന്‍സ് എന്നാണ് പുതിയ കാലത്തിന്റെ ഭാഷ. പണ്ട് ജാതിവെറിയുമായി അടുത്തെത്തുന്നവരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അത് സാധിക്കില്ലെന്നു മാത്രം. ഇതൊരു സാമുഹ്യ യാഥാര്‍ഥ്യമാണ്. അതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ്, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വി.എസ്. സനോജ് കഥയും സംവിധാനവും നിര്‍വഹിച്ച അരിക് എന്ന സിനിമ. ആദ്യമേ പറയട്ടെ. ഈ സിനിമ പൊതുസമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള പുതിയ സന്ദേശമൊന്നും തരുന്നില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ, വിദ്യാഭ്യാസ-സാമുഹിക പുരോഗതികളെയാകെ മറികടന്നുകൊണ്ട്, സമൂഹത്തെ വിവേചിക്കുന്ന ഘടകമായി ജാതി സര്‍വ തലങ്ങളിലും വേരാഴ്ത്തി നില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യത്തെ കൃത്യമായി വിവരിക്കുന്നുണ്ട് അരിക്. ജനനത്തിലും പഠനത്തിലും വിവാഹത്തിലും ജോലിയിലും തുടങ്ങി സാമുഹ്യജീവിതത്തിന്റെ ഏതു കോണിലും വിവേചനത്തിന്റെ മതിലുകള്‍ തീര്‍ത്തുകൊണ്ട് അതിങ്ങനെ തുടരുകയാണെന്ന് അരിക് ഉറക്കെ പറയുന്നു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.
ജാതി വിവേചനത്തിന്റെ ചരിത്രവും, വര്‍ത്തമാനവുമാണ് അരിക് പറയുന്നത്. കോരനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഭഗവതിയെയും കമ്മ്യൂണിസത്തെയും ജീവിതത്തോട് ചേര്‍ത്ത കോരന്‍. പ്രസ്ഥാനം രണ്ടായി പിളര്‍ന്നതിനോട് പൊരുത്തപ്പെടാന്‍ പോലും കഴിയാത്ത പച്ച മനുഷ്യനായാണ് കോരന്‍ അരങ്ങിലെത്തുന്നത്. അക്കാലത്തെ സാമുഹ്യ വ്യവസ്ഥകളെക്കുറിച്ച് കോരന്‍ ബോധവാനാണ്. ചത്ത പശുവിനെ കുഴിച്ചിടാന്‍ വൈകിയെത്തിയതിന്റെ പേരില്‍ കയര്‍ക്കുന്ന മേല്‍ജാതിക്കാരനോട് എന്നാല്‍ തനിയെ കുഴിച്ചിട്ടോളൂ എന്ന് പറയാനുള്ള ധൈര്യം കോരനുണ്ട്. ഇഎംഎസിനോടുള്ള ആരാധന കൊണ്ട് കോരന്‍ മകന് ശങ്കരന്‍ എന്നാണ് പേരിടുന്നത്. ലോകം കണ്ടിട്ടുള്ള സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശങ്കര്‍ എന്ന് പരിഷ്കരിക്കാന്‍ ശ്രമിക്കുമ്പോഴും, സ്വത്വബോധം വിട്ടൊരു ഒത്തുതീര്‍പ്പിന് കോരന്‍ തയ്യാറാകുന്നില്ല. പഠിപ്പും ജോലിയുമൊക്കെ ആകുമ്പോള്‍ സ്ഥിതികള്‍ക്കെല്ലാം മാറ്റം വരുമെന്നാണ് കോരന്‍ വയ്ക്കുന്ന പ്രതീക്ഷ. വിദ്യാഭ്യാസവും, വ്യവസായവും, നഗരവത്കരണവുമൊക്കെ വരുമ്പോള്‍ ജാതി വിവേചനവും, തൊട്ടുകൂടായ്മയും ഇല്ലാതാകുമെന്ന അംബേദ്ക്കറിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ന്നുപോകുന്നുണ്ട് കോരന്റെ ചിന്തയും. പക്ഷേ, അംബേദ്കറിനെന്നപോലെ കോരന്റെ പ്രതീക്ഷകളും തെറ്റുന്നു.
ജാതി വിവേചനത്തിന്റെ മുറിവുകള്‍ ശങ്കരന് കുട്ടിക്കാലം മുതല്‍ ഏല്‍ക്കേണ്ടിവരുന്നുണ്ട്. സ്കൂളില്‍ പുതുതായി വന്ന ടീച്ചറുടെ മകള്‍ക്ക് മനസിലാകാത്ത കണക്ക് പറഞ്ഞുകൊടുക്കാന്‍ അധ്യാപകന്‍ നിയോഗിക്കുന്നത് ശങ്കരനെയാണ്. അതിലൂടെ ഉണ്ടാകുന്ന സൗഹൃദം, സ്റ്റൈപ്പന്റ് വാങ്ങാന്‍ പേരുവിളിക്കുന്നവരുടെ കൂട്ടത്തില്‍ ശങ്കരനും ഉണ്ടെന്ന് കാണുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. ശങ്കരന്റെ ജീവിതം പുരോഗമന പ്രസ്ഥാനങ്ങളുടെ കാലത്തേക്ക് സഞ്ചരിക്കുമ്പോഴും അതിന് മാറ്റം സംഭവിക്കുന്നില്ല. സര്‍വകലാശാലാ വിദ്യാഭ്യാസവും ജേണലിസവുമൊക്കെ സ്വന്തമാക്കിയിട്ടും പാരലല്‍ കോളേജിലും, ചെറുകിട പത്രസ്ഥാപനങ്ങളിലും പ്രസിലുമൊക്കെയായി ജീവിതം തള്ളിനീക്കുകയാണ് ശങ്കരന്‍. അതിനിടെ, സംവരണം ഉള്ളതുകൊണ്ട് മറ്റു ജാതിയിലുള്ളവര്‍ക്കൊന്നും ജോലി കിട്ടുന്നില്ലെന്ന എക്കാലത്തെയും വലിയ നുണ, സര്‍ക്കാര്‍ ജോലി കിട്ടാതെ നടക്കുന്ന ശങ്കരനു മുന്നില്‍ ചിലര്‍ വയ്ക്കുന്നത് കാണാം. എഴുത്തിലും പ്രസംഗത്തിലുമൊക്കെ പുരോഗമനം പകര്‍ത്തിവെക്കുന്ന യുവ എഴുത്തുകാരിക്ക് ശങ്കരനോടുള്ള ഇഷ്ടം ഇല്ലാതായി പോകുന്നതിന്റെ കാരണം, കള്‍ച്ചറല്‍ ഡിഫറന്‍സ് ആണ്. ജാതിബോധത്തിന് പുതിയ കാലം നല്‍കിയ വിശേഷണം. പ്രണയത്തിന് കണ്ണും മൂക്കുമില്ലായിരിക്കാം, പക്ഷേ, ജാതിയുണ്ട്.
അവിടെയും തീരുന്നില്ല. ശങ്കരന്റെ മകള്‍ ശിഖ ലോ കോളേജിലെത്തുമ്പോള്‍, നിറത്തിന്റെ പേരിലുള്ള അധിക്ഷേപമാണ് നേരിടുന്നത്. കൾച്ചറൽ ഡിഫറൻസ് പറഞ്ഞ് ശങ്കരനോടുള്ള പ്രണയം ഉപേക്ഷിച്ച പഴയ സാഹിത്യ നായിക സാഹിത്യ അക്കാദമി ഹാളില്‍ സംസാരിക്കുന്നത് ശിഖ കേട്ടിരിക്കുന്നുണ്ട്. ജാതിരഹിത സമൂഹത്തെക്കുറിച്ച് വാക്കുകളില്‍ ശിഖ ആകൃഷ്ടയാവുമ്പോള്‍, ശങ്കരന്റെ മുഖത്തൊരു ചിരി പടരുന്നതും കാണാം. ലഖ്നൗവില്‍ ഉപരിപഠനത്തിനെത്തുമ്പോഴും, ജാതി വെറിയുടെ പുതിയ ഭേദങ്ങള്‍ ശിഖ അനുഭവിക്കുന്നുണ്ട്. അനുവദിച്ചുകിട്ടുന്ന ഹോസ്റ്റല്‍ സൗകര്യം മുതല്‍ സുഹൃത്തിന്റെ മരണം വരെ അത് നീണ്ടുകിടക്കുന്നു. ജാതി വിവേചനം അങ്ങനെയൊരു പാന്‍ ഇന്ത്യന്‍ വാസ്തമാകുന്നു. നോര്‍ത്തിനെ അപേക്ഷിച്ച് ഇവിടെ ഭേദമല്ലേ എന്നൊരു ആശ്വാസം മാത്രമേ ശങ്കരനുപോലും തോന്നുന്നുള്ളൂ. ഓരോ ജാതിക്കും ഓരോ മാട്രിമോണി എന്ന ശിഖയുടെ ഡയലോഗ് ജാതി എല്ലായിടത്തുമുണ്ടെന്ന യാഥാര്‍ത്ഥ്യബോധത്തെ പ്രതിഫലിപ്പിക്കുന്നു.
ALSO READ: ഒരു പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്; അരിക് ട്രെയ്‌ലര്‍ എത്തി
തകര്‍ന്നുപോയാല്‍ ജാതിവെറിയന്മാര്‍ സന്തോഷിക്കും. അവരെ സന്തോഷിപ്പിക്കണോ, സങ്കടപ്പെടുത്തണോ എന്ന് കോരന്‍ കൊച്ചുമകളായ ശിഖയോട് ചോദിക്കുന്നുണ്ട്. ആദ്യം സന്തോഷിപ്പിക്കാം, പിന്നെ സങ്കടപ്പെടുത്താം എന്നാണ് അതിന് ശിഖ നല്‍കുന്ന മറുപടി. പഠിച്ച് വക്കീലായാല്‍ പോരാ, മജിസ്ട്രേറ്റാകണം എന്ന കോരന്റെ വാക്കുകളിലേക്കാണ് പിന്നെ ശിഖയുടെ സഞ്ചാരം. പഠിച്ചും പരീക്ഷയെഴുതിയും ആഗ്രഹിച്ച ജോലി നേടിയെടുക്കുന്നുണ്ട് ശിഖ. പക്ഷേ, അവിടെയും ജാതി വിവേചനം അവസാനിക്കുന്നില്ല. മകള്‍ പുതിയ പദവിയിലെത്തിയത് കാണാന്‍ കോടതിയിലെത്തിയ ശങ്കരനും ജീവിത പങ്കാളിയുമാണ് അത് നേരിട്ടറിയുന്നത്. മജിസ്ട്രേറ്റിനെക്കുറിച്ച് കോടതിവളപ്പിലെ ചായക്കടക്കാരന്‍ ചോദിക്കുമ്പോള്‍, മറ്റവരുടെ ആളാ... ലളിതാംബിക മേഡവും ത്രിവിക്രമന്‍ സാറുമൊക്കെ ഇരുന്ന കസേരയല്ലേ... എന്ന ഗുമസ്തന്റെ മറുപടിയില്‍ അത് പ്രകടം. അതുവരെ ക്ഷമിച്ചും സഹിച്ചുംനിന്ന ശിഖയുടെ അമ്മയുടെ കൈ ഉയരുന്നത് അവിടെയാണ്. ജാതിബോധത്തിന് കിട്ടിയ മുഖമടച്ചുള്ള അടി. മനുഷ്യ മനസാക്ഷിയെ പൊള്ളിക്കുന്ന അടിയായി അത് മാറുന്നു.
കോരനായി സെന്തില്‍ കൃഷ്ണ നടത്തിയ പകര്‍ന്നാട്ടം അത്ഭുതപ്പെടുത്തുന്നതാണ്. യുവാവും മധ്യവയസ്കനും വൃദ്ധനുമായി, നടപ്പിലും എടുപ്പിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം സെന്തില്‍ മികച്ചുനില്‍ക്കുന്നു. പ്രതീക്ഷയും നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയുമൊക്കെ കണ്ണുകളില്‍ നിറച്ചാണ് ഇര്‍ഷാദിന്റെ ശങ്കരന്‍ സ്ക്രീനില്‍ നിറയുന്നത്. പ്രകടനം കൊണ്ട് ധന്യ അനന്യയുടെ ശിഖയും സിജി പ്രദീപിന്റെ അമ്മയും ശങ്കരന്റെ കൂട്ടുകാരന്‍ ഡിക്രൂസായെത്തുന്ന റോണിയും മനം കവരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍ നിര്‍മിച്ച ചിത്രത്തിന് സനോജും ജോബി വർഗീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒതുക്കമുള്ള തിരക്കഥയ്ക്കൊപ്പം മനേഷ് മാധവന്റെ ക്യാമറ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്നത് മികച്ച ദൃശ്യാനുഭവമാണ്. ചില ഫ്രെയ്മുകളൊക്കെ അതുല്യം. 1960കള്‍ മുതലുള്ള കാലഘട്ടങ്ങളെ പുനരാവിഷ്കരിക്കാന്‍ ഗോകുല്‍ദാസിന്റെ കലാസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നു. വളരെ ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമയെന്ന തോന്നല്‍ ഒരിടത്തും നിഴലിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. ശിഖയുടെ ലഖ്നൗ പഠനം പോലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാലും കഥ പറച്ചിലിനെ അത് ബാധിക്കില്ലായിരുന്നു. അത്രമേല്‍ കാമ്പുള്ളതാണ് അരികിന്റെ പ്രമേയം.