fbwpx
ഇന്ത്യ-പാക് ക്രിക്കറ്റ്: വെറുമൊരു കായിക പോരാട്ടത്തിനപ്പുറം
logo

എസ് ഷാനവാസ്

Last Updated : 28 Feb, 2025 01:13 PM

1996ൽ ഏകദിന ലോകകപ്പിന് വേദിയായശേഷം, മൂന്ന് പതിറ്റാണ്ടിനിപ്പുറമാണ് പാകിസ്ഥാൻ മറ്റൊരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്.

CRICKET


2009ൽ നടന്ന കാര്യങ്ങൾ ഒരു ദുസ്വപ്നം പോലെയാണ് തോന്നുന്നത്. അതിന് പത്ത് വർഷത്തോളം ശിക്ഷിക്കപ്പെട്ടു. ഞങ്ങളുടെ ക്രിക്കറ്റ് വളരെ പിന്നാക്കം പോയി... ഇപ്പോൾ വീടുകളിലും സ്കൂളിലും മാർക്കറ്റിലും ഓഫീസിലുമെല്ലാം ചാംപ്യൻസ് ട്രോഫിയെക്കുറിച്ചാണ് സംസാരം. പ്രിയപ്പെട്ട താരങ്ങളുടെ കളി നേരിട്ട് കാണുന്നത് ആരാധകർക്കെന്നപോലെ, യുവ ക്രിക്കറ്റർമാർക്കും വലിയ കാര്യമാണ്. അല്ലായെങ്കിൽ, ക്രിക്കറ്റ് സംവിധാനമാകെ നിശ്ചലമായിപ്പോകും. ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു കായിക പോരാട്ടം മാത്രമല്ല. അത് പ്രതീക്ഷകളുടെയും വികാരങ്ങളുടെയും സമ്മേളനം കൂടിയാണ്... പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖ് റോയിട്ടേഴ്സിനോട് പറഞ്ഞ വാക്കുകളാണിത്.

2009ൽ പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചാണ് ഇൻസമാം പറഞ്ഞത്. 2009 മാർച്ച് മൂന്നിന് പാക് പര്യടനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമാണ് ഭീകരാക്രമണം നേരിട്ടത്. മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബസിൽ പുറപ്പെട്ട ടീമിനെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ഒരുപറ്റം ഭീകരർ തടഞ്ഞുവെച്ചു. റൈഫിളും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളുമൊക്കെയായി സായുധരായിരുന്നു അവർ. ആക്രമണത്തിൽ ആറ് പൊലീസുകാരും, മാച്ച് ഒഫീഷ്യൽസിനെ അനുഗമിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ശ്രീലങ്കൻ ക്യാപ്റ്റനായിരുന്ന മഹേല ജയവർധനെ, വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാർ സംഗക്കാര, അജാന്ത മെൻഡിസ്, തിലൻ സമരവീര, തരംഗ പരണവിതാന ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. പര്യടനം മതിയാക്കി ശ്രീലങ്ക തിരിച്ചുപോയി. യഥാർത്ഥത്തിൽ ഇന്ത്യയായിരുന്നു പാകിസ്ഥാനിൽ കളിക്കേണ്ടിയിരുന്നത്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പിന്മാറിയപ്പോഴാണ് ശ്രീലങ്ക പാക് പര്യടനത്തിന് തയ്യാറായത്. രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് ശ്രീലങ്ക പാകിസ്ഥാനിലെത്തിയത്. എന്നിട്ടും ആക്രമണം ഉണ്ടായി.

ക്രിക്കറ്റിനെ ബാധിച്ച സുരക്ഷാഭയം
പാകിസ്ഥാനിലെ സുരക്ഷ സംബന്ധിച്ച ആശങ്ക മുൻപും പാക് ക്രിക്കറ്റിനെ ബാധിച്ചിട്ടുണ്ട്. 2015ൽ സിംബാബ്‌വെയ്ക്കുശേഷം പാകിസ്ഥാനിലെത്തുന്ന ടീം ശ്രീലങ്ക ആയിരുന്നു. 2002ലെ ചാവേർ ബോംബാക്രമണത്തെത്തുടർന്ന് ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയും പാക് പര്യടനം വേണ്ടെന്നുവച്ചിരുന്നു. 2009ലെ ഭീകരാക്രമണം അത്തരം ആശങ്കകൾ വർധിപ്പിച്ചു. മറ്റു രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കാൻ പാകിസ്ഥാനിലേക്ക് പോകാതെയായി. മത്സര വേദിയായി പോലും പാകിസ്ഥാൻ പരിഗണിക്കപ്പെട്ടില്ല. 1996ൽ ശ്രീലങ്കയ്ക്കും, ഇന്ത്യക്കുമൊപ്പം ഏകദിന ലോകകപ്പിന് വേദിയായശേഷം, മൂന്ന് പതിറ്റാണ്ടിനിപ്പുറമാണ് പാകിസ്ഥാൻ മറ്റൊരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. ചാംപ്യൻസ് ട്രോഫിക്ക് പാക് മണ്ണ് വേദിയൊരുക്കുമ്പോഴും, ഇന്ത്യ അവിടെ കളിക്കുന്നില്ല. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇന്ത്യ-പാകിസ്ഥാൻ ദ്വികക്ഷി ബന്ധം പോലെയാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധവും. സങ്കീർണമായ നൂലിഴകളാൽ അത് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു രാജ്യമായിരുന്നവർ വിഭജിക്കപ്പെട്ടശേഷം പിന്തുടർന്ന രാഷ്ട്രീയ, മത പ്രമാണങ്ങളുടെ നിഴലുകൾ കായിക രംഗത്തും വീണുപതിഞ്ഞിട്ടുണ്ട്. ആഭ്യന്തര രാഷ്ട്രീയം, യുദ്ധങ്ങൾ, ഭീകരാക്രമണങ്ങൾ എന്നിവ ചേർന്നാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തെ നിർവചിക്കുന്നത്. അത് തന്നെയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തെ വീറും വാശിയും ഉള്ളതാക്കി മാറ്റുന്നത്. 1952ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ ഇന്ത്യയിലെത്തി. രണ്ട് മത്സരങ്ങൾ ഇന്ത്യയും ഒരെണ്ണം പാകിസ്ഥാനും ജയിച്ചു. രണ്ട് മത്സരങ്ങൾ സമനിലയിലായി. പിന്നീട് 1954-55ൽ പാകിസ്ഥാനും, 1960-61ൽ ഇന്ത്യയും ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥ്യം വഹിച്ചു. പത്ത് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. 1965ലെയും 1971ലെയും യുദ്ധങ്ങൾ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തെ സാരമായി ബാധിച്ചു. വർഷങ്ങളോളം ക്രിക്കറ്റ് ബന്ധം നിലച്ചു. 1978ലാണ് വീണ്ടുമത് സജീവമാകുന്നത്. ബിഷൻ സിങ് ബേദിയുടെ നേതൃത്വത്തിൽ ഇന്ത്യ പാകിസ്ഥാനിലെത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പര കളിച്ചു. 2-1ന് പാകിസ്ഥാൻ പരമ്പര സ്വന്തമാക്കി. 1984ലും ഇന്ത്യ പാകിസ്ഥാനിലെത്തി. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു. എന്നാൽ, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് അവസാന ടെസ്റ്റ് ഉപേക്ഷിച്ച് ഇന്ത്യൻ ടീം തിരികെപ്പോന്നു.

സങ്കീര്‍ണം, ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം
ആദ്യകാലം പോലെ അത്ര സുഗമമായിരുന്നില്ല ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം. അത് തുടരാൻ ഇടക്കിടെ നയതന്ത്ര ചർച്ചകൾ ആവശ്യമായി വന്നു. അങ്ങനെയാണ് 1980കളുടെ അവസാനം മുതൽ 1990കൾ വരെ ഷാർജ, ടൊറോന്റോ ഉൾപ്പെടെ ഇന്ത്യ-പാക് മത്സരങ്ങൾക്ക് വേദിയാകുന്നത്. ഷാർജയൊക്കെ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകരുടെ ആഘോഷമുറ്റമായി മാറിയതും ഇക്കാലത്താണ്. 1990-91ൽ ഏഷ്യാ കപ്പിന് ആതിഥ്യം വഹിച്ചത് ഇന്ത്യയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ, ടീമിനെ അയയ്ക്കേണ്ടെന്ന് പാക് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തു. അതോടെ മത്സരം, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ തമ്മിലായി. ഇന്ത്യ ഏഷ്യാകപ്പ് ജയിക്കുകയും ചെയ്തു.

1991ലും പാകിസ്ഥാൻ ഇന്ത്യ പര്യടനം റദ്ദാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് വേണ്ടെന്നുവച്ചത്. കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത ക്രിക്കറ്റ് ബന്ധങ്ങളെയും സാരമായി ബാധിച്ചു തുടങ്ങുകയായിരുന്നു. അതേവർഷം തന്നെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ തയ്യാറായി. എന്നാൽ അന്ന് ശിവ സേന ഉയർത്തിവിട്ട പ്രതിഷേധം മത്സരങ്ങൾ റദ്ദാക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് കുത്തിക്കിളച്ച് നശിപ്പിച്ച ശിവസേന പ്രതിഷേധം സമാനതകളില്ലാത്തതായിരുന്നു. 1994ലും ടെസ്റ്റ് പരമ്പരയിൽനിന്ന് പാകിസ്ഥാൻ പിന്മാറി. പകരം ശ്രീലങ്ക ഇന്ത്യയിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അന്ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ പോരാടുന്ന സഹാറ കപ്പ് നിഷ്പക്ഷ വേദികളിലായാണ് നടത്തിയിരുന്നത്. എന്നാൽ 1999ലെ കാർഗിൽ യുദ്ധം അതിനെയും ബാധിച്ചു. 2001ലെ പാർലമെന്റ് ആക്രമണം സ്ഥിതി കൂടുതൽ വഷളാക്കി. ഇരു രാജ്യങ്ങളും വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് പുതിയ നയതന്ത്ര പാത സ്വീകരിച്ചു. 2004ൽ ഇന്ത്യ ടീമിനെ പാക് പര്യടനത്തിന് അയച്ചു. ദിൽ ജീത്ത് കെ ആനാ... ഹൃദയങ്ങൾ ജയിച്ചു വാ എന്ന സന്ദേശവുമായി സൗരവ് ഗാംഗുലിയും സംഘവും പാകിസ്ഥാനിലെത്തി. പാക് മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കി ചരിത്രം കുറിച്ചു. ക്രിക്കറ്റ് നയതന്ത്രത്തിന്റെ വിജയഗാഥ മുഴങ്ങിക്കേട്ടു. രാഷ്ട്രീയ, സൈനിക അഭിപ്രായ വ്യത്യാസങ്ങൾക്കും പിരിമുറുക്കത്തിനുമിടെ, സ്പോർട്സ് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നത് വാഴ്തപ്പെട്ടു. 2006ലും ഇന്ത്യ പാകിസ്ഥാനിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-0ന് പാകിസ്ഥാൻ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 4-1ന് ഇന്ത്യയും സ്വന്തമാക്കി.

ക്രിക്കറ്റിനെ തകര്‍ത്ത മുംബൈ ഭീകരാക്രമണം
ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം ഊഷ്മളമായൊരു ട്രാക്കിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു 2008ലെ മുംബൈ ആക്രമണം. 174 പേരുടെ മരണത്തിന് കാരണമായ ആക്രമണം ഇന്ത്യ-പാക് ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി. അത് ക്രിക്കറ്റിനെയും ബാധിച്ചു. അങ്ങനെയാണ് 2009ൽ തീരുമാനിച്ചിരുന്ന പാക് പര്യടനത്തിൽനിന്ന് ഇന്ത്യ പിന്മാറുന്നത്. പാകിസ്ഥാൻ ഇന്ത്യക്കു പകരം ശ്രീലങ്കയെ ക്ഷണിച്ചു. പക്ഷേ, ശ്രീലങ്ക അന്ന് കടുത്ത ഭീകരാക്രമണം നേരിട്ടു. അതോടെ, 2011 ഏകദിന ലോകകപ്പിനുള്ള ആതിഥേയ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് പാകിസ്ഥാൻ ഒഴിവാക്കപ്പെട്ടു. മത്സരങ്ങൾ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലായാണ് നടത്തപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന മൻ മോഹൻ സിങ് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ സെമി ഫൈനൽ മത്സരം കാണാൻ വിളിച്ചുവരുത്തിയത് പുതിയ പ്രതീക്ഷയായി. ഇതേത്തുടർന്ന് 2012ൽ പാകിസ്ഥാൻ ഇന്ത്യയിലെത്തി. ടി20 മത്സരം 1-1 സമനിലയിൽ അവസാനിച്ചപ്പോൾ, ഏകദിന പരമ്പര 3-1ന് പാകിസ്ഥാൻ സ്വന്തമാക്കി. എന്നാൽ അത്തരം നയതന്ത്ര നീക്കങ്ങളൊന്നും പിന്നീട് സംഭവിച്ചില്ല. അതോടെ, ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം നിശ്ചലമായി. 2018ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മാറ്റി. 2023ൽ പാകിസ്ഥാൻ ആതിഥ്യം വഹിച്ച ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തപ്പെട്ടത് ശ്രീലങ്കയിലായിരുന്നു. ഇക്കുറി ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിയിലാണ് നടക്കുന്നത്. ഇത് വരും വർഷങ്ങളിലും തുടരും.

ഇന്ത്യ-പാക് ക്രിക്കറ്റ് എന്ന ബിസിനസ്
ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം വലിയൊരു ബിസിനസ് കൂടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ-പാക് മത്സരങ്ങൾ പതിനായിരം കോടിയുടെയെങ്കിലും ബിസിനസിന് കാരണമായിട്ടുണ്ടെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കണക്ക്. ഇക്കുറി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിമിഷങ്ങൾകൊണ്ടാണ് വിറ്റുപോയത്. പ്രീമിയം ടിക്കറ്റിനായി ഒന്നരലക്ഷത്തോളം ആളുകളാണ് ഓൺലൈനിൽ ക്യൂ നിന്നത്. ദുബായിയിൽ നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ടെലിവിഷനിൽ പത്ത് സെക്കൻഡ് മിന്നിമറഞ്ഞ പരസ്യങ്ങളുടെ റേറ്റ് 50 ലക്ഷം വരെയായിരുന്നുവെന്ന് ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു മത്സരങ്ങളുടേതിനേക്കാൾ ഇരട്ടിയോ അതിനപ്പുറമോ ആണത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇത് 30 ലക്ഷമായിരുന്നു എന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് വലിയ ബിസിനസായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഐപിഎൽ പോലുള്ള ടൂർണമെന്റുകളിൽ വലിയ തോതിലാണ് പണമൊഴുകുന്നത്. സ്പോൺസർമാരും പരസ്യക്കാരുമൊക്കെ പണമൊഴുക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യമുണ്ട്. അങ്ങനെയാണ് ആഭ്യന്തര താരങ്ങൾക്കൊപ്പം വിദേശ താരങ്ങൾക്കും വലിയ സാധ്യതകളുള്ള ഇടമായി ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടം മാറിയത്. ഇത്തരം മത്സരങ്ങൾ വരുന്നതോടെ, രാജ്യത്തെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടിയാണ് മെച്ചപ്പെടുന്നത്. ക്രിക്കറ്റ് അക്കാദമികൾക്കും യുവ ക്രിക്കറ്റർമാർക്കും അത് നൽകുന്ന പ്രതീക്ഷകൾ വലുതാണ്.

പാകിസ്ഥാനോട് കാണിക്കണം, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്
മറുവശത്ത്, മികച്ച ക്രിക്കറ്റർമാരാൽ പേരുകേട്ട പാകിസ്ഥാൻ ഇന്ന് തിരിച്ചടികൾ മാത്രമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ക്രിക്കറ്റ് നശിച്ചുവെന്ന് വിളിച്ചുപറയുന്നത് പാക് ആരാധകർ തന്നെയാണ്. ഏതെങ്കിലും ടൂർണമെന്റിലെ പരാജയം കണ്ടിട്ടുള്ള വിലാപവാക്യമല്ലത്. ആഭ്യന്തര ടൂർണമെന്റുകൾ പോലും നിറംമങ്ങി. മറ്റു രാജ്യങ്ങൾ വന്ന് കളിക്കാതെയായതോടെ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പോലും ശരിയായ വിധം നടക്കുന്നില്ല. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പോലും വലിയ താരങ്ങളെത്തുന്നില്ല. അതിനാൽ വലിയ സ്പോൺസർമാരുമില്ല. ആഭ്യന്തര തലത്തിൽ ക്രിക്കറ്റിനെ വളർത്താനുള്ള യാതൊന്നും ഇല്ലാതെയാകുന്നു. ക്രിക്കറ്റ് മാത്രമാണ് അവശേഷിക്കുന്ന വിനോദമെന്ന് അവർ ആവർത്തിക്കുന്നുണ്ട്. ഗ്രൗണ്ടിൽ ബാബറിനെയും റിസ്വാനെയും, ഇമാമിനെയും അഫ്രീദിയെയുമൊക്കെ കാണുന്നതിനൊപ്പം വിരാടിനെയും ഗില്ലിനെയും രോഹിതിനെയും ബുമ്രയെയുമൊക്കെ കാണാൻ അവർ ആഗ്രഹിക്കുന്നുണ്ട്. കളിക്കളത്തിലും പുറത്തും ഇന്ത്യ-പാക് താരങ്ങൾ കാണിക്കുന്ന സൗഹൃദത്തെ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

1952 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ് പാകിസ്ഥാൻ. 1992ൽ അവർ ഏകദിനത്തിൽ ലോക ചാംപ്യന്മാരായി. 1999ൽ പ്രഥമ ഏഷ്യൻ ടെസ്റ്റ് ചാംപ്യൻഷിപ്പ് നേടി. 2000ലും 2012ലും ഏഷ്യാ കപ്പ് സ്വന്തമാക്കി. 2009ൽ ടി20 ലോക ചാംപ്യന്മാരായി. നെഹ്റു കപ്പ്, ഓസ്ട്രൽ-ഏഷ്യാ കപ്പ്, ഓസ്ട്രേലിയൻ ത്രിരാഷ്ട്ര പരമ്പര എന്നിങ്ങനെ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ ചാംപ്യൻസ് ട്രോഫി ജേതാക്കളാണ് പാകിസ്ഥാൻ. ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നിൽ മൂന്നാം സ്ഥാനമുണ്ട്. ടെസ്റ്റിലും ടി20യിലും ഏഴാം സ്ഥാനം. വ്യക്തിഗത പ്രകടനം നോക്കിയാൽ ഏകദിന ബാറ്റിങ്ങിൽ ശുഭ്മാൻ ഗില്ലിനു പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് പാക് താരം ബാബർ അസം. ടി20യിൽ ഏഴാം സ്ഥാനത്തും. ഏകദിന ബൗളർമാരുടെ പട്ടികയിലും ടെസ്റ്റ് ബൗളർമാരുടെ പട്ടികയിലും ആദ്യ പത്തിൽ പാക് താരങ്ങളുണ്ട്. ആഭ്യന്തര, രാജ്യാന്തര രാഷ്ട്രീയ സംഘർഷങ്ങളും, സാമ്പത്തിക പ്രതിസന്ധിയും, തീവ്രവാദം ഉയർത്തുന്ന വെല്ലുവിളികളുമൊക്കെ നേരിട്ടാണ് പാകിസ്ഥാൻ ക്രിക്കറ്റിൽ ചരിത്രം രചിക്കുന്നത്. അതിനൊപ്പം നിൽക്കുക എന്നതാണ് യഥാർത്ഥ സ്പോർട്സാൻ സ്പിരിറ്റ്.

Also Read
user
Share This

Popular

KERALA
WORLD
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്