ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ ചട്ടഭേദഗതിയുടെ കരടിലൂടെ ഒളിച്ചു കടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം
യുജിസിയുടെ പുതിയ മാർഗരേഖയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഗവർണറുടെ പ്രവർത്തനം മന്ത്രിസഭാ നിർദേശങ്ങൾക്ക് വിധേയമാകണമെന്ന കാഴ്ചപ്പാടാണ് തകർക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ ചട്ടഭേദഗതിയുടെ കരടിലൂടെ ഒളിച്ചു കടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. യുജിസിയും കേന്ദ്ര സർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണ, വർഗീയവൽക്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് പുതിയ നിർദേശങ്ങൾ. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണെന്ന് പിണറായി വിജയൻ പറയുന്നു.
ALSO READ: സർവകലാശാല വിസി നിയമനം: യുജിസി കരട് നിർദേശങ്ങൾ പിൻവലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ഗവർണറുടെ പ്രവർത്തനങ്ങൾ മന്തിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് ഇവിടെ തകർക്കപ്പെടുന്നത്. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ കേന്ദ്ര സർക്കാർ താൽപ്പര്യപ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്.
സർവകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണ് വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദേശം. സംസ്ഥാന സർവകലാശാലകളുടെ സർവാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, യുജിസി കരട് ചട്ടഭേദഗതിയിലെ സംഘപരിവാർ അജണ്ടക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികൾ രംഗത്തുവരണം എന്ന് അഭ്യർഥിക്കുകയും ചെയ്തു.
സർവകലാശാല വൈസ് ചാന്‍സലർ നിയമനത്തില്‍ യുജിസി കരട് നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ രംഗത്തെത്തിയിരുന്നു. ചാൻസലറായ ഗവർണർക്ക് വൈസ് ചാന്‍സലർമാരെ നേരിട്ട് നിയമിക്കാമെന്ന കരട് നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ്. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഈ നിർദേശത്തെ എതിർക്കണമെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിൽ യുജിസി പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചത്. ചാൻസലർക്ക് കൂടുതൽ അധികാരം നല്‍കുന്നതാണ് യുജിസി പുറത്തിറക്കിയ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം. പുതിയ നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സലർക്കായിരിക്കും. വിദഗ്‌ധർ അംഗങ്ങളായ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നുമാണ് 2018ലെ യുജിസി മാർഗനിർദേശം.
ഇതിൽ മാറ്റം വരുത്തിയാണ് പുതിയ നിയമം വരുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ നിയമം ബാധകമാണ്. ഈ നിയമത്തെ മറികടന്നു നടക്കുന്ന വിസി നിയമനങ്ങൾ അസാധുവുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം പുറത്തുവരുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിസി നിയമനം കോടതി കയറുന്നത് സ്ഥിരം കാഴ്ചയാണ്. കേരള മുന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍-എല്‍ഡിഎഫ് സർക്കാർ പോരിന്‍റെ തുടക്കവും വിസി നിയമനത്തിലെ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.