ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും വോട്ടിനു വേണ്ടി കൂട്ടുപിടിക്കുന്നത് യുഡിഎഫ് ആണ്
ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം മുമ്പ് തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്തുണ ആവശ്യപ്പെട്ട് അങ്ങോട്ട് പോയിട്ടില്ല. ഇങ്ങോട്ട് പിന്തുണ പ്രഖ്യാപിച്ചത് സ്ഥാനാർഥിയുടെ പേര് നോക്കിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി സ്വതന്ത്ര പിന്തുണ പ്രഖ്യാപിക്കുക മാത്രമായിരുന്നു. ഒരിക്കലും പിന്തുണ ആവശ്യപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും വോട്ടിനു വേണ്ടി കൂട്ടുപിടിക്കുന്നത് യുഡിഎഫ് ആണ്. അത് അഭിമാനമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്ത് അഭിമാനമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തുള്ളത് മഴവിൽ സഖ്യമാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രതിപക്ഷവും ബിജെപിയും ചേരുന്നതാണ് ആ സഖ്യം. മൂന്നാം പിണറായി സർക്കാർ വരാതിരിക്കാനാണ് ഇവർ ലക്ഷ്യമെന്നും കേരളത്തെപ്പോലെ സിപിഎം വിരുദ്ധത പറയുന്ന മറ്റൊരു സ്ഥലം ലോകത്തില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മഴവിൽ സഖ്യം ഉണ്ടായിട്ടും എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ യുഡിഎഫിനും ബിജെപിക്കും ഒരേ മനസാണ്. ബിജെപിയുടെ കേരള വിരുദ്ധ മനോഭാവമാണ് യുഡിഎഫിനും ഉള്ളത്. ഈ പരസ്പര ധാരണയാണ് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: മുഖ്യമന്ത്രിയുടേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നടപടി; വിമർശനവുമായി വി.ഡി. സതീശൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയം അംഗീകരിക്കുന്നു. എന്നാൽ എവിടെ നിന്നാണ് ഇവർക്ക് ഭൂരിപക്ഷം ലഭിച്ചത്. വർഗീയ ശക്തികളുടെ സഹായത്തോടെയാണ് അതുണ്ടാക്കിയത്. വർഗീയശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സഖ്യം ചേർന്ന് നാണംകെട്ട നിലയിൽ ഉണ്ടാക്കിയ ഭൂരിപക്ഷമാണ് ഇതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മനസ്സിലാക്കണം. എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും ചേർന്നുള്ള വിജയമാണ് പാലക്കാട് ഉണ്ടായതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിലെ സർക്കാരിനെതിരെ രാഷ്ട്രീയ വിജയം നേടാൻ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ജയിക്കണം എന്നായിരുന്നു യുഡിഎഫിന്റെ പ്രഖ്യാപനം. അതിന് എല്ലാ സന്നാഹവും അവർ ഒരുക്കി. എന്നിട്ട് ചേലക്കരയിൽ ഉണ്ടായത് ആരുടെ വിജയമാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങൾ സർക്കാരിനൊപ്പമാണ്. കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് മണ്ഡലത്തിൽ എൽഡിഎഫിനുണ്ടായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുമ്പോഴും എൽഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യങ്ങൾ വിശദമായി പരിശോധിച്ചു. കാലങ്ങളായി ആ ഭൂമിയിൽ കഴിയുന്നവരെ ഒഴിപ്പിക്കില്ല എന്നത് തന്നെയാണ് സർക്കാർ നിലപാട്. സർക്കാരിന്റെ നിലപാട് സമരം ചെയ്യുന്നവർ ഏറെക്കുറെ അംഗീകരിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട് ചൂരൽമല ദുരന്തത്തിനുള്ള കേന്ദ്ര സഹായം അനുവദിച്ചു എന്ന് പറയുന്നത് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ഫണ്ടാണ്. ആ ഫണ്ട് ഉപയോഗിക്കാൻ മാനദണ്ഡങ്ങളുണ്ട്. ഈ തുക റീഇമ്പേഴ്സ്മെന്റ് ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.