സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആറാം തമ്പുരാന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ രഞ്ജിത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചുവെന്ന വാര്‍ത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയ സംവിധായകന്‍ എം. പത്മകുമാറിന് മറുപടിയുമായി ആലപ്പി അഷ്‌റഫ്.
അടികൊണ്ട ഒടുവില്‍ ഉണ്ണികൃഷ്ണനാണോ കുറ്റക്കാരനെന്നും രഞ്ജിത്തിനെ വെള്ളപൂശിക്കൊണ്ടുള്ള പത്മകുമാറിന്റെ പോസ്റ്റിനുള്ള മറുപടിയാണ് താന്‍ നല്‍കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആലപ്പി അഷ്‌റഫ് പറയുന്നു.
അന്‍പതു വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് താന്‍. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കക എന്നത് തന്റെ ശീലമല്ല. അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. സ്വന്തം കണ്ണുകളെ വിശ്വസിക്കരുതെന്നാണോ താങ്കള്‍ പറയുന്നതെന്നും ആലപ്പി അഷ്‌റഫ് പോസ്റ്റില്‍ ചോദിക്കുന്നു.
എത്ര കല്ലുവെച്ച നുണ എം. പത്മകുമാര്‍ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓര്‍മിക്കുക. താന്‍ പറഞ്ഞ സംഭവത്തെ മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുക തന്നെയാണ് പത്മകുമാറും ചെയ്തതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
ALSO READ: മദ്യപിച്ച് വാഹനമോടിച്ചു; നടന്‍ ഗണപതിയുടെ ലൈസന്‍സ് റദ്ദാക്കും
സൗഹൃദ സദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കല്‍ കൈയ്യാങ്കളിയോളം എത്തി എന്ന് പറഞ്ഞപ്പോഴും 'കരണക്കുറ്റിക്ക് അടിക്കല്‍'' മനഃപൂര്‍വ്വം ഒഴിവാക്കി രഞ്ജിത്തിനെ വെള്ളപൂശി. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ എന്നും അഷ്‌റഫ് ചോദിക്കുന്നു.
'എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് '- ഇതു താങ്കളുടെ വരികളാണ്.. ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികള്‍ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകള്‍ 'ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും 'എന്നു വെച്ചാല്‍ ഇനി ഏതറ്റംവരെ അയാള്‍ പോകണം...( ? )', എന്നും അഷ്‌റഫ് ചോദിക്കുന്നു.
സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ആറാം തമ്പുരാന്റെ സെറ്റില്‍ വെച്ച് മദ്യലഹരിയിലായിരുന്ന രഞ്ജിത് ഒടുവില്‍ ഉണ്ണികൃഷ്ണനെ മുഖത്തടിച്ചുവെന്നായിരുന്നു ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. മദ്യലഹരിയിലായിരുന്ന രഞ്ജിത് ഒടുവില്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ അപ്രതീക്ഷിതമായി മുഖത്തടിക്കുകയായിരുന്നുവെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ALSO READ: ലക്കി ഭാസ്‌കര്‍ ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം
ഇതിന് പിന്നാലെയാണ് അഷ്‌റഫിന് മറുപടിയുമായി സംവിധായകന്‍ എം പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ആറാം തമ്പുരാന്റെ സെറ്റില്‍ ഏറെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിക്കുന്നതെന്നായിരുന്നു എം. പത്മകുമാര്‍ പറഞ്ഞത്.
ആലപ്പി അഷ്റഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്