“തെലങ്കാനയുടെ അന്തസ് സംരക്ഷിക്കുന്നതിനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും അദാനിയുടെ സംഭാവന നിരസിക്കാൻ ഞങ്ങൾ തീരുമാനിച്ചു"വെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു
യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ച് തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. “തെലങ്കാനയുടെ അന്തസ് സംരക്ഷിക്കുന്നതിനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും അദാനിയുടെ സംഭാവന നിരസിക്കാൻ ഞങ്ങൾ തീരുമാനിച്ചു"വെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
ലാഭകരമായ സൗരോർജ കരാറുകൾക്ക് വേണ്ടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യുഎസ് കോടതിയിലെ കുറ്റപത്രത്തില്‍ ഗൗതം അദാനിയുടെ പേര് ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യങ് ഇന്ത്യ സ്കിൽസ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഫൗണ്ടേഷൻ്റെ പേരിൽ 100 കോടി രൂപ നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നുവെന്ന് വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറിയും കമ്മീഷണറുമായ ജയേഷ് രഞ്ജൻ, ഡോ.പ്രീതി അദാനിക്ക് എഴുതിയ കത്തിലൂടെ അറിയിച്ചു.
സെക്ഷൻ 80G പ്രകാരം യൂണിവേഴ്‌സിറ്റിക്ക് ഐടി ഉത്തരവിൽ ഇളവ് ലഭിക്കാത്തതിനാൽ ഞങ്ങൾ ഇതുവരെ ആരോടും ഫണ്ട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ നിലവിൽ ഉത്തരവിൽ ഇളവ് വന്നിട്ടുണ്ടെങ്കിലും ഉയർന്നുവരുന്ന വിവാദങ്ങൾ കണക്കിലെടുത്ത് ഫണ്ട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.