2 പേജുള്ള മെമ്മൊറാണ്ടത്തിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്. വൈ. ഖുറൈഷി വോട്ടർമാരുടെ ഡാറ്റയിൽ ഉന്നയിച്ച ക്രമക്കേടുകളും പ്രതിപക്ഷം കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷിനിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് മെമ്മോറാണ്ടം സമർപ്പിച്ച് കോൺഗ്രസ്. ക്രമക്കേട് നടന്നതിൽ തെളിവുകൾ ഹാജരാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗിലും വോട്ടെണ്ണലിലും ഗുരുതരമായ പൊരുത്തകേടുകൾ ഉന്നയിച്ചാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് മെമ്മോറാണ്ടം സമർപ്പിച്ചത്. പ്രസക്തമായ തെളിവുകൾ ഹാജരാക്കാനും മണ്ഡലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 12 പേജുള്ള മെമ്മൊറാണ്ടത്തിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ് വൈ ഖുറൈഷി വോട്ടർമാരുടെ ഡാറ്റയിൽ ഉന്നയിച്ച ക്രമക്കേടുകളും പ്രതിപക്ഷം കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുസമൂഹത്തൽ ചർച്ച ചെയ്യേണ്ട ഗുരുതരമായ വിഷയമാണെന്ന് എക്സിൽ മെമ്മോറാണ്ടം പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കി, ഓരോ മണ്ഡലത്തിലും 10,000 ത്തിലധികം വോട്ടർമാരെ ഉൾപ്പെടുത്തി എന്നീ പരാതികളാണ് പ്രധാനമായി ഉന്നയിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2024 ജൂലൈ മുതൽ നവംബർ വരെ വോട്ടർ പട്ടികയിൽ ഏകദേശം 47 ലക്ഷം വോട്ടർമാരുടെ വർധനവ് ഉണ്ടായതായും പരാതിയിൽ പറയുന്നു.. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്.
ശരാശരി 50,000 വോട്ടർമാരുടെ വർധനയുണ്ടായ 50 നിയമസഭാ മണ്ഡലങ്ങളിൽ 47 മണ്ഡലങ്ങളിലും വിജയിച്ചത് ഭരണകക്ഷിയായി മഹായുതിയാണെന്നും നേതാക്കൾ ചൂണ്ടികാണിച്ചു. . വിഷയം നേരത്തെ കമ്മിഷനു മുൻപിൽ അവതരിപ്പിച്ചിരുന്നെങ്കിലും, കമ്മിഷൻ ഉചിതമായ നടപടികളൊന്നും എടുത്തില്ലെന്നും മഹാരാഷ്ട്രയിൽ കോൺഗ്രസ് ചുമതലക്കാരനായ രമേശ് ചെന്നിത്തല, നാന പടോലെ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവർ ആരോപിക്കുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ ഇന്ത്യ സഖ്യത്തെ വേരോടെ പിഴുതെറിഞ്ഞായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം. മഹായുതി സഖ്യം 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റായിരുന്നു. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റാണ് നേടിയത്.