ഇരുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. തുടർന്ന് പത്ത് ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ വൈദ്യുതി വിതരണ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ വീണ്ടും ഭീഷണിയുമായി റഷ്യ. യുക്രെയ്നെതിരെ മധ്യദൂര ബലിസ്റ്റിക് മിസൈൽ പ്രയോഗിക്കുമെന്നാണ് വ്ളാഡിമിർ പുടിൻ്റെ ഭീഷണി. അതിനിടെ അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വാനോളം പുകഴ്ത്താനും പുടിൻ മറന്നില്ല.
മഞ്ഞുകാലമായതോടെ റഷ്യ യുക്രൈനിലേക്ക് നടത്തുന്ന ആക്രമണങ്ങൾ വീണ്ടും ശക്തമാക്കുകയാണ്. യുക്രൈൻ വൈദ്യുതി നിലയങ്ങളെ ലക്ഷ്യമിട്ടായിരുന്നു റഷ്യ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഇരുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. തുടർന്ന് പത്ത് ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്.
പിന്നാലെയാണ് ഐ.ആർ.ബി.എം പ്രയോഗിക്കുമെന്ന് പുടിൻ ഭീഷണി മുഴക്കിയത്. കിയേവിലെ സുപ്രധാന കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താൻ മടിക്കില്ലെന്നാണ് പുടിൻ്റെ ഭീഷണി. കഴിഞ്ഞ ആഴ്ച യുക്രെയ്നിലെ ദ്നിപ്രോയിലേക്ക് റഷ്യ ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരുന്നു.
Also Read; വെടിനിർത്തല്‍ കരാറില്‍ ഇസ്രയേലിന് മേല്‍ക്കെെ; ഹിസ്ബുള്ള പിന്മാറുമോ?
റഷ്യയിൽ അമേരിക്കൻ നിർമിത മിസൈലുകൾ പ്രയോഗിക്കാൻ ജോ ബൈഡൻ അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. അറ്റാക്കംസ് മിസൈലുകളും ബ്രിട്ടീഷ്-ഫ്രെഞ്ച് നിർമിത മിസൈലുകളും യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചിരുന്നു.
ബൈഡൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ റഷ്യ ശക്തമായി വിമർശിച്ചിരുന്നു. അതേസമയം നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പുട്ടിൻ പുകഴ്ത്തി. ട്രംപ് ബുദ്ധിയുള്ള ആളാണെന്നും അധികാരത്തിലെത്തിയാൽ യുദ്ധത്തിന് പരിഹാരം കാണുമെന്നും റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു.