കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു
കൊല്ലം കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ സമവായത്തുനൊരുങ്ങി സിപിഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തും. സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. വിമതരുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും, സംഘടനാ തലത്തിൽ തന്നെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തിലാണ് അവസാനിച്ചത്. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തിയിരുന്നു.
ALSO READ: കാവിവൽക്കരണത്തിനു വേണ്ടി ആർഎസ്എസ് ഗവർണറെ ഉപയോഗിക്കുന്നു: എം. വി. ഗോവിന്ദൻ
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ. സോമപ്രസാദ് എന്നിവരെയടക്കം തടഞ്ഞുവെച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി. ആർ. വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്നാണ് വിമത വിഭാഗം ആരോപിക്കുന്നു. ഇതിനു പിന്നാലെ കരുനാഗപ്പള്ളിയിൽ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. ഇതിനെ തുടർന്നാണ് സമവായനീക്കത്തിന് സംസ്ഥാന നേതൃത്വം മുൻകൈയെടുക്കുന്നത്.