അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുൾപ്പെടെ ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും
നിലമ്പൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഗൂഡലോചനയുടെ ഫലമായി വന്നതാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. അപ്രതീക്ഷിതമായി വന്ന ഒന്നാണെന്നാണ് ഈ ഉപതെരഞ്ഞെടുപ്പ്. അൻവർ കഴിഞ്ഞ രണ്ടുവർഷവും ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് നിന്നത്. എന്നാൽ വലതുപക്ഷത്തോടൊപ്പം നിന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താമെന്ന കാഴ്ചപ്പാടോടുകൂടിയുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ നീക്കമാണ് നിലമ്പൂരിൽ ഇപ്പോൾ അൻവർ നടത്തിയിരിക്കുന്നത്. പക്ഷെ ആ നീക്കത്തെ വളരെ നേരത്തെ തന്നെ പാർട്ടി തിരിച്ചറിഞ്ഞുവെന്നും വി.പി. അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ് തർക്കൾ ഇടതുപക്ഷത്തിന് പ്രശ്നമുള്ള കാര്യമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പാർട്ടി സ്ഥാനാർഥിയെ നിർണയിക്കും. ആ മണ്ഡലത്തിൽ ജയിക്കുമെന്ന് ഉറപ്പുള്ള ഉചിതമായ നേതാവിനെയാകും പാർട്ടി തെരഞ്ഞെടുക്കുക. ആ സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള സംഘടനാപരമായ ഒരുക്കങ്ങളാണ് പാർട്ടി ഇപ്പോൾ നടത്തുന്നത്.
അൻവർ പാർട്ടി വിട്ടപ്പോൾ തന്നെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളയുന്ന രീതിയിലുള്ള കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. ഈ ആരോപണങ്ങളൊന്നും ഇടതുപക്ഷത്തെയോ, സർക്കാരിനെയോ ബാധിച്ചിട്ടില്ല. അൻവർ പൊട്ടിക്കുന്ന ഉണ്ടയില്ലാത്ത വെടികളൊന്നും തെരഞ്ഞെടുപ്പിൽ ഒരു വിഷയമാവില്ല. അൻവർ എഫക്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. നിലമ്പൂരിൽ ഇടതുപക്ഷം വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും വി.പി. അനിൽ പറഞ്ഞു.
നിലമ്പൂർ സീറ്റ് സിപിഐഎമ്മിന്റേതാണെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പറഞ്ഞത്. ആരെ പരിഗണിക്കണമെന്ന് സിപിഐഎം തീരുമാനിക്കും. സ്വതന്ത്രരേയും പരിഗണിക്കും. സ്ഥാനാർഥി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പി.വി. അൻവർ അടഞ്ഞ അധ്യായമാണ്. അൻവറിൽ നിന്ന് പാർട്ടിക്ക് ഒന്നും പഠിക്കാനില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുൾപ്പെടെ ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വൈകാതെ യോഗം ചേരും. യുഡിഎഫ് സ്ഥാനാർഥി ആരെന്നറിഞ്ഞ ശേഷം സ്ഥാനാർഥിയെ നിർണയിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. എന്നാൽ നിലമ്പൂരിൽ സ്ഥാനാർഥി ചർച്ചയ്ക്കുള്ള സമയമായിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.