വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ നാളെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം പുഷ്പന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പുഷ്പന്റെ മരണത്തിലൂടെ നഷ്ടമായത് നല്ലൊരു സഖാവിനെയാണെന്നും, പുഷ്പൻ്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.
ALSO READ: 'ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുഷ്പൻ, അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്': മുഖ്യമന്ത്രി
പുഷ്പൻ അദ്ദേഹത്തിൻ്റെ മനക്കരുത്ത് ജീവിതാവസാനം വരെ നിലനിർത്തിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും അനുസ്മരിച്ചു. ലോകത്തിന് തന്നെ മാതൃകയായ വിപ്ലവ പോരാളിയാണ് പുഷ്പൻ. സിപിഎം ഉയർത്തിപ്പിടിക്കുന്ന നയങ്ങളുമായി ഒത്തുപോകുന്ന സമീപനം രോഗകിടക്കയിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. ഒരു വിഷമവും പ്രകടിപ്പിക്കാതെ അദ്ദേഹം പ്രസ്ഥാനത്തിനൊപ്പം നിലകൊണ്ടു. ഇങ്ങനെ ഒരാൾ ലോകത്ത് തന്നെ അപൂർവ്വമാണ് എന്നും പി. ജയരാജൻ പറഞ്ഞു.