13 മാസക്കാല യുദ്ധം വീണ്ടുമൊരു കൂട്ടപ്പലായനത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഗാസ മുനമ്പില്‍ കുടിയിറക്കപ്പെട്ട ആഭ്യന്തര അഭയാർഥികളുടെ നില വളരെ ദയനീയമാണ്
ഗാസ മുനമ്പില്‍ വീണ്ടുമൊരു കൂട്ടപ്പലായനത്തിന് വഴിയൊരുക്കുകയാണ് ഗാസ സിറ്റിയിലേക്കുള്ള ആക്രമണങ്ങള്‍. ഇസ്രയേൽ സൈന്യത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതോടെ തെക്കന്‍ മേഖലകളിലേക്ക് മാറി താമസിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഇസ്രയേല്‍.
ഗാസ സിറ്റിയുടെ കിഴക്കുള്ള ഷെജയ്യ പ്രവശ്യയിലാണ് ഇസ്രയേൽ സേന ഏറ്റവും പുതിയ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ചത്തെ ആക്രമണത്തോടെ അർധരാത്രി മുതല്‍ മേഖലയില്‍ നിന്നുള്ള പലായന ദൃശ്യങ്ങള്‍ പലസ്തീന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കഴുതപ്പുറത്തും റിക്ഷകളിലും മറ്റുമായി അവശ്യസാധനങ്ങള്‍ കെട്ടിവച്ച് കുട്ടികളടക്കമുള്ള സംഘങ്ങള്‍ നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ALSO READ: ഇസ്രയേലിലേക്ക് 250ഓളം മിസൈലുകള്‍ തൊടുത്ത് ഹിസ്ബുള്ള; ടെൽ അവീവിൽ കനത്ത നാശനഷ്ടം
13 മാസക്കാല യുദ്ധം വീണ്ടുമൊരു കൂട്ടപ്പലായനത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഗാസ മുനമ്പില്‍ കുടിയിറക്കപ്പെട്ട ആഭ്യന്തര അഭയാർഥികളുടെ നില വളരെ ദയനീയമാണ്. 2.3 ദശലക്ഷം വരുന്ന ജനസംഖ്യയുടെ ഭൂരിഭാഗവും നിരന്തര പാലായനത്തിലാണ്. മിസൈലുകള്‍ക്ക് പുറമെ സീസണല്‍ വെള്ളപ്പൊക്കങ്ങളും ഗാസന്‍ ജനതയുടെ ടെന്‍റുകളിലെ ജീവിതത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാനും ടെന്‍റുകളില്‍ മാർഗമില്ല. കൂടാതെ പതിനായിരക്കണക്കിന് അഭയാർഥികളെ മഴ ബാധിച്ചതായും പലസ്തീനിയൻ ദ്രുതകർമ്മസേന അറിയിച്ചു.
ALSO READ: ഇനി 31 വര്‍ഷം കഴിഞ്ഞ് കാണാം...; മിനി മൂണിനോട് യാത്ര പറഞ്ഞ് ഭൂമി
അതേസമയം, വടക്കൻ ഗാസയിലെ മൂന്ന് പ്രധാന നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. ജബാലിയ, ബെയ്ത് ലാഹിയ, ബെയ്ത് ഹനൂൻ എന്നീ നഗരങ്ങളിലാണ് പലായനത്തിലുള്ള ജനത അഭയം പ്രാപിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ ഇവിടെ നിന്ന് തുരത്തിയതായി ഇസ്രയേല്‍ അവകാശപ്പെടുന്നു.