കേസന്വേഷണത്തിൻ്റെ ഭാഗമായി ഇഡി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി കേസിലെ സാക്ഷി തിരൂർ സതീശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
കൊടകര കുഴൽപ്പണക്കേസിലെ ഇഡി കുറ്റപത്രത്തിനെതിരെ വിമർശനം ശക്തമാകുന്നു. പൊലീസ് കുറ്റപത്രത്തിലെ ഒട്ടുമിക്കയാളുകളെയും ഇഡി ഒഴിവാക്കിയതായാണ് വിമർശനം. ധർമരാജൻ വാങ്ങാൻ തീരുമാനിച്ച ട്രാവൻകൂർ പാലസ് ഹോട്ടലിൻ്റെ ഉടമ തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയില്ല. ഇഡി നൽകിയ കുറ്റപത്രത്തിൽ സാക്ഷി പട്ടികയിലും തുഷാർ ഇല്ലെന്നതും ശ്രദ്ധേയമാണ്.
കേസന്വേഷണത്തിൻ്റെ ഭാഗമായി ഇഡി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി കേസിലെ സാക്ഷി തിരൂർ സതീശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയായിട്ടും, തന്നെയൊന്ന് നേരിട്ട് കാണാൻ പോലും ഇഡി തയ്യാറായില്ലെന്നാണ് തിരൂർ സതീശിൻ്റെ ആരോപണം. ഇഡി ഏത് രീതിയിലാണ് കുറ്റപത്രം തയ്യാറാക്കിയത്, ആർക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കുറ്റപത്രം സമർപ്പിച്ചത്, ആര് പറഞ്ഞിട്ടാണ് തയ്യാറാക്കിയത് എന്നറിയണമെങ്കിൽ ഇഡിയോട് തന്നെ ചോദിക്കണമെന്നും തിരൂർ സതീശ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്. കലൂർ പിഎംഎൽഎ കോടതി മുമ്പാകെയാണ് കുറ്റപത്രം ഫയൽ ചെയ്തത്. മൊത്തം 23 പ്രതികളാണ് കേസിലുള്ളത്. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വലിയ ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നേതാക്കളാരും കുറ്റപത്രത്തിൽ സാക്ഷികളോ പ്രതികളോ അല്ല. പ്രതികളെല്ലാം പണം കൊള്ളയടിച്ചവരാണ്. കൊള്ളയടിക്കപ്പെട്ട പണം എന്ത് ചെയ്തെന്ന് മാത്രമാണ് ഇഡി അന്വേഷിച്ചത്.
മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, മുഹമ്മദ് ഷുക്കൂർ, അബ്ദുൾ ബഷീർ, അബ്ദുൾ സലാം, റഹിം, ഷിജിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിൻ , ദീപ്തി, സുൾഫിക്കർ, റഷീദ്, ജിൻഷാമോൾ എന്നിങ്ങനെയുള്ളവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.
ആലപ്പുഴയിലുള്ള തിരുവിതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ഡ്രൈവർ ഷംജീർ വശം ധർമരാജ് എന്ന വ്യക്തി കൊടുത്ത് വിട്ട 3.56 കോടി രൂപ കൊടകര വച്ച് കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ധർമരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ ഇഡി മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ട് കെട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ച പണമാണിതെന്നായിരുന്നു സംസ്ഥാന പൊലീസിന്‍റെ കണ്ടെത്തല്‍.
2021 ഏപ്രില്‍ നാലിനാണ് പണം കൊള്ളയടിക്കപ്പെട്ടത്. തുടർന്ന് കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതാണെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 15 ഓളം ആളുകളെയാണ് കവർച്ചാ കേസിൽ ആദ്യ ഘട്ടത്തിൽ അറസ്റ്റ് ചെയ്യുന്നത്. ഈ പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതാണെന്ന ആരോപണം ഉയർന്നെങ്കിലും ഉറവിടം സംബന്ധിച്ച് കൃത്യമായി തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് വഴിമുട്ടി.
പണം കൈകാര്യം ചെയ്തതിൻ്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും, കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താനെന്നും വെളിപ്പെടുത്തി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷ് രംഗത്തെത്തിയിരുന്നു. 30 കോടിയിലധികം രൂപ ഓഫീസിലേക്ക് എത്തിയെന്നും സംസ്ഥാന നേതാക്കൾക്ക് ഇത് അറിയാമെന്നുമായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. ഇഡി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ തിരൂർ സതീഷ് പ്രതികരിച്ചത്.