ക്ലാസിക് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. സണ്‍റൈസേഴ്സ് ഹൈദരാബാദ്, സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ക്ലാസിക് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്നത്തെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ
സീസണിലെ റണ്ണറപ്പുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദ്, സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഹൈദരാബാദില്‍ വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.
5 ഐപിഎല്‍ കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. നായകന്മാരായിരുന്ന രോഹിത് ശര്‍മയും മഹേന്ദ്ര സിംഗ് ധോണിയും തന്നെയാണ് ശ്രദ്ധാകേന്ദ്രം. പ്ലേഓഫിലെത്താതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായാണ് ഇരുടീമുകളും കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ചെന്നൈ അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും പത്ത് മത്സരങ്ങള്‍ തോറ്റ് മുംബൈ ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്ത്.
ടീമുകളിലേക്ക് വന്നാല്‍ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന സംഘം ഏതെന്ന ചോദ്യത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന് തന്നെയാണ് ഉത്തരം. 2 വര്‍ഷം സസ്‌പെഷനുണ്ടായതിനാല്‍ ഇതുവരെ കളിച്ചത് 15 സീസണുകളാണ്. അതില്‍ 10ലും ഫൈനലിലെത്തി ചെന്നൈ. 5 കിരീടങ്ങള്‍ ധോണിയുടെ നേതൃത്വത്തില്‍ ടീം സ്വന്തമാക്കി. 12 സീസണുകളില്‍ പ്ലേഓഫിലെത്തി.
Also Read: 'റോയല്‍' തുടക്കം, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് RCB
മുംബൈയും നേടിയത് 5 കിരീടങ്ങള്‍. പക്ഷേ 2020ന് ശേഷം കിരീടം നേടാനായിട്ടില്ല മുംബൈയ്ക്ക്. രോഹിത്തിന്റെ നേതൃത്വത്തില്‍ 10 തവണ പ്ലേഓഫിലെത്തിയിട്ടുണ്ട് മുംബൈ. കഴിഞ്ഞ സീസണില്‍ നായകസ്ഥാനം ഏറ്റെടുത്ത രണ്ട് താരങ്ങള്‍ ഹാര്‍ദിക് പണ്ഡ്യയും റുതുരാജ് ഗെയ്ക്വാദും. കഴിഞ്ഞ വര്‍ഷം മുംബൈ ആരാധകരില്‍ നിന്ന് മോശം അനുഭവമാണ് ഹാര്‍ദിക്കിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യക്കായി മികച്ച പ്രകടനം തുടര്‍ന്നതോടെ ക്യാപ്റ്റനില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ആരാധകര്‍. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, മിച്ചല്‍ സാന്റനര്‍ ക്യാപ്റ്റന്മാരുടെ കൂട്ടത്തെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് ഹാര്‍ദിക്കിന്.
പക്ഷേ ഹാര്‍ദിക്കിന് വിലക്ക് നേരിടുന്നതിനാല്‍ ചെന്നൈക്കെതിരെ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. മറുവശത്ത് ധോണിയുടെ നിഴലില്‍ നിന്ന് മാറി തന്റെ മികവ് പ്രകടിപ്പിക്കാന്‍ ഉള്ള അവസരമാണ് ഋതുരാജിന് മുന്നിലുള്ളത്. നിരവധി സീനിയര്‍ താരങ്ങളെ നയിക്കുകയെന്ന ഉത്തരവാദിത്തം കൂടി ഋതുരാജിന്.
ചെന്നൈ ടീം ലൈനപ്പ് പരിശോധിച്ചാല്‍ ന്യുസീലന്‍ഡ് ബാറ്റര്‍ രച്ചിന്‍ രവീന്ദ്രയും നായകന്‍ ഋതുരാജ് ഗെയ്ക്വാദുമാകും ഓപ്പണിംഗില്‍. ന്യുസീലന്‍ഡിന്റെ തന്നെ ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, ആര്‍ അശ്വിന്‍ വാലറ്റം വരെ നീളുന്ന വെടിക്കെട്ട് ബാറ്റര്‍മാരാണ് ചെന്നൈയുടെ കരുത്ത്. മഹേന്ദ്ര സിംഗ് ധോണിയുടെ കാമിയോ റോള്‍ ഇത്തവണ എന്ത് ഇംപാക്റ്റ് ഉണ്ടാക്കുമെന്നതും ശ്രദ്ധേയം. കഴിഞ്ഞ സീസണില്‍ 220 സ്‌ട്രൈക്ക് റേറ്റില്‍ വെടിക്കെട്ട് തീര്‍ത്താണ് ധോണി ആരാധകരെ ആവേശം കൊള്ളിച്ചത്. സ്പിന്നിന് ആനുകൂല്യം നല്‍കുന്ന ചെപ്പോക്കിലെ പിച്ചില്‍ നാല് സ്പിന്നര്‍മാരെയെങ്കിലും പന്തേല്‍പ്പിക്കാനും ഋതുരാജിന് സാധിക്കും. പേസ് നിരയില്‍ മതീഷ പതിരാനയ്ക്ക് ഒപ്പം ഖലീല്‍ അഹമ്മദിനും അവസരമുണ്ടാകും.
Also Read: കമന്റേറ്റേഴ്‌സ് പാനലില്‍ ഇത്തവണ ഇര്‍ഫാന്‍ പഠാനില്ല
മുംബൈയും വന്‍സംഘവുമായാണ് ഇത്തവണയും ഇറങ്ങുന്നത്. ഹിറ്റ്മാന്‍ രോഹിത്തിനൊപ്പം ഇംഗ്ലണ്ട് താരം വില്‍ജാക്സ് ഓപ്പണ്‍ ചെയ്യാനെത്തും. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നമന്‍ ധിര്‍ എന്നിവര്‍ പിന്നാലെയെത്തും. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനും അവസരം നല്‍കിയേക്കും. ബൗളിംഗില്‍ ബുംറയുടെ അഭാവത്തില്‍ ട്രെന്റ് ബോള്‍ട്ടിനാകും ചുമതല. ദീപക് ചഹറിന്റെ പ്രകടനവും നിര്‍ണായകമാകും. ചെന്നൈ പിച്ചില്‍ മിച്ചല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ, മുജിബുര്‍ റഹ്‌മാന്‍ ത്രയത്തെ ഇറക്കിയുള്ള സ്പിന്‍ ആക്രമണമാകും മുംബൈ നടത്തുക.
ചെപ്പോക്കില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള സന്ദര്‍ശക ടീമാണ് മുംബൈ. നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കണക്കിലും മുംബൈയ്ക്കാണ് മുന്‍തൂക്കം. ഇരുടീമും തമ്മിലുള്ള 37 മത്സരങ്ങളില്‍ 20ലും ജയിച്ചത് മുംബൈയാണ്. എന്നാല്‍ 2022ന് ശേഷം നടന്ന അഞ്ചില്‍ നാലിലും ജയിച്ചത് ചെന്നൈയാണ്.
സൂപ്പര്‍സണ്‍ഡേയില്‍ ഐപിഎല്ലിലെ ആദ്യ പോരിനിറങ്ങുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും. എതിരാളികള്‍ നിലവിലെ റണ്ണറപ്പുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദ്. സഞ്ജു ഇംപാക്റ്റ് പ്ലെയറായി മാത്രം കളത്തിലിറങ്ങുന്നതിനാല്‍ രാജസ്ഥാനെ നയിക്കുക റിയാന്‍ പരാഗ് ആണ്. മെഗാ താരലേലത്തിന് ശേഷം കരുത്ത് ചോര്‍ന്നോ രാജസ്ഥാന് എന്ന ആശങ്കയുണ്ട് ആരാധകര്‍ക്ക്. സഞ്ജു ബാറ്റിങ്ങില്‍ മാത്രം കളിക്കുന്നതിനാല്‍ ധ്രുവ് ജുറെല്‍ കീപ്പ് ചെയ്യും. സഞ്ജു, യശശ്വി സഖ്യം നല്‍കുന്ന തുടക്കത്തിലാണ് ടീമിന്റെ പ്രതീക്ഷ.
നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മയര്‍, പൊരുതാവുന്ന സംഘമുണ്ടെങ്കിലും ബാറ്റിംഗില്‍ ആഴമില്ലെന്ന ആശങ്ക തുടരുന്നു. ബൗളിങ്ങില്‍ മികച്ച നിരയുണ്ട് രാജസ്ഥാന്. ജോഫ്രാ ആര്‍ച്ചര്‍ സന്ദീപ് ശര്‍മ സഖ്യത്തിന്റെ പേസ് ആക്രമണവും ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ സഖ്യത്തിന്റെ സ്പിന്‍ ആക്രമണവും രാജസ്ഥാന്റെ പ്രതീക്ഷ.
മറുവശത്ത് ഐപിഎല്ലിലെ റണ്‍വേട്ടയുടെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്താണ് കഴിഞ്ഞ സീസണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അവസാനിപ്പിച്ചത്. ഇത്തവണയും ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ സഖ്യത്തിന്റെ പവര്‍പ്ലേ വെടിക്കെട്ടാണ് ടീം പ്രതീക്ഷിക്കുന്നത്. ഹെന്റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍,നിതീഷ് കുമാര്‍ റെഡ്ഢിഎന്നിവര്‍ കൂടി ചേരുമ്പോള്‍ ഏത് റണ്‍മലയും ടീമിന് അനായാസം മറികടക്കാം. കഴിഞ്ഞ വര്‍ഷം 250ന് മുകളില്‍ മൂന്ന് തവണയാണ് ഹൈദരാബാദ് സ്‌കോര്‍ ചെയ്തത്. മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍ ത്രയത്തിന്റെ പേസ് അറ്റാക്കും ടീമിന്റെ കരുത്ത്. നേര്‍ക്കുനേര്‍ പോരില്‍ 20 മത്സരങ്ങളില്‍ 11 കളികളില്‍ ഹൈദരാബാദും 9ല്‍ രാജസ്ഥാനും ജയിച്ചു. പതിനെട്ടാം അങ്കത്തില്‍ പുതിയ തുടക്കമിടാന്‍ കാത്തിരിക്കുകയാണ് ടീമുകള്‍. സൂപ്പര്‍ സണ്‍ഡേയില്‍ ക്ലാസിക്ക് പോര് കാണാം ഇനി.