വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ മൗനസമ്മതമുണ്ടെന്നാണ് വിമർശനം
സംഘപരിവാറിനും ബിജെപിക്കുമെതിരെ ദീപിക എഡിറ്റോറിയൽ. രാജ്യത്ത് ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചു വരുന്നുവെന്നാണ് മുഖപ്രസംഗത്തിലെ നിരീക്ഷണം. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ മൗനസമ്മതമുണ്ടെന്നാണ് വിമർശനം. ആ കണക്കുകള്‍ കാര്യം പറയുന്നുണ്ട് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Also Read: വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ സംഭവം: മരണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാന്‍ വിജിലന്‍സ്
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ബിജെപി അധികാരത്തിൽ വന്ന 2014ൽ 127 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വർഷവും അതു വർധിച്ചു. 2015ൽ 142, 2016ൽ 226, 2017ൽ 248, 2019ൽ 328, 2020ൽ 279, 2021ൽ 505, 2022ൽ 601, 2023ൽ 734, 2024 നവംബർ വരെ 745 എന്നിങ്ങനെയാണ് അതു വർധിച്ചത്. യുസിഎഫിന്റെ ഹോട്ട്ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവ മാത്രമാണിത്. ഇതിൽ, വംശീയതയുടെ മറവിൽ മണിപ്പൂരിൽ നടത്തിയ ക്രൈസ്തവ വേട്ട ഉൾപ്പെടുത്തിയിട്ടില്ല - മുഖപ്രസംഗത്തില്‍ പറയുന്നു.
Also Read: തൃശൂരിലെ പൂര പ്രേമികൾക്ക് ആവേശമായി പാറമേക്കാവ് വേല വെടിക്കെട്ട് അരങ്ങേറി
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ആശങ്കകൾ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും ദീപിക മുഖപ്രസംഗം പറയുന്നു. ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി ക്രൈസ്തവരോടുള്ള ബിജെപി നിലപാട് വോട്ട് രാഷ്‌ട്രീയത്തെ മുൻനിർത്തിയുള്ള അടവുനയം. ക്രിസ്മസിനു കേരളത്തിലും സംഘപരിവാർ സംഘടനകൾ പരീക്ഷണത്തിനിറങ്ങിയെന്നും മുഖപ്രസംഗം പറയുന്നു. കാസയടക്കമുള്ള സംഘടനകൾക്കും പരോക്ഷ വിമർശനമുണ്ട്.