മുകേഷ് ചന്ദ്രക്കറിൻ്റെ മൃതദേഹം ബസ്തർ ഡിവിഷനിലെ കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്
മുകേഷ് ചന്ദ്രക്കർ, സുരേഷ് ചന്ദ്രക്കർ
മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഹൈദരാബാദിൽ വെച്ചാണ് പ്രതി സുരേഷ് ചന്ദ്രക്കറിനെ പൊലീസ് പിടികൂടിയത്. ഛത്തീസ്ഗഢിലെ ബസ്തർ ഡിവിഷനിൽ കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കിൽ കഴിഞ്ഞയാഴ്ചയാണ് ചന്ദ്രക്കറിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞത് മുതൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയെ കണ്ടെത്താനായി 200 സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും 300 ഓളം മൊബൈൽ നമ്പറുകൾ കണ്ടെത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പുതുവത്സര ദിനത്തിൽ ബിജാപൂരിലെ തൻ്റെ വീട്ടിൽ നിന്ന് മുകേഷ് ചന്ദ്രക്കർ ഇറങ്ങുന്ന ദൃശ്യമാണ് അവസാനമായി കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രക്കറിൻ്റെ മൃതദേഹം ബസ്തർ ഡിവിഷനിലെ കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്.
ALSO READ: ഇന്ത്യയിൽ ആദ്യ HMPV കേസ്; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചു
സ്വതന്ത്ര പത്രപ്രവർത്തകനും എൻഡിടിവിക്ക് വാർത്തകൾ നൽകുന്ന റിപ്പോർട്ടറും കൂടിയാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രക്കർ. ഇരുമ്പ് വടികൊണ്ട് ചന്ദ്രക്കറിനെ ആക്രമിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച് സിമൻ്റ് ഉപയോഗിച്ച് അടച്ച് കുറ്റകൃതം മറച്ചുവെക്കുകയായിരുന്നു. കേസിൽ ചന്ദ്രക്കറിൻ്റെ രണ്ട് ബന്ധുക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
പ്രസ് അസോസിയേഷനും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സംഭവത്തെ അപലപിച്ചു. മാധ്യമപ്രവർത്തകരെ, പ്രത്യേകിച്ച് ഫീൽഡ് റിപ്പോർട്ടിംഗിലും അന്വേഷണാത്മക പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടിയെടുക്കാൻ ഛത്തീസ്ഗഢ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.