പൊലീസിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടി നടത്തിയ ആദ്യഘട്ട പോരാട്ടത്തിന് പാർട്ടിക്കുള്ളിൽ നിന്ന് പോലും പിന്തുണ കിട്ടി.എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്കും പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും ആയതോടെ സിപിഎം തിരിച്ചടിക്കാൻ തുടങ്ങി.
ഇടതുപക്ഷത്തിന്‍റെ മുന്നണി പോരാളിയിൽ നിന്നാണ് മുഖ്യശത്രുവായുള്ള അൻവറിന്‍റെ പരിണാമം. കേരള രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിൽ നിന്ന് അപ്രസക്തനാകുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലെ സർക്കാർ നടപടി അൻവറിനെ വീണ്ടും ശക്തനാക്കും.ഇതോടെ യുഡിഎഫിലേക്കുള്ള വഴിയും അൻവറിന് എളുപ്പമായിരിക്കുകയാണ്.
സൈബറിടത്തിൽ സിപിഎമ്മിന്‍റെ മുന്നണിപ്പോരാളി,നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തെ കണക്കിന് വിമർശിക്കുന്ന ഇടതുപക്ഷത്തിന്‍റെ നാക്ക്.ആ ഇടത്തു നിന്നാണ് അൻവർ വിമത പോരാട്ടം തുടങ്ങുന്നത്. പൊലീസിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടി നടത്തിയ ആദ്യഘട്ട പോരാട്ടത്തിന് പാർട്ടിക്കുള്ളിൽ നിന്ന് പോലും പിന്തുണ കിട്ടി.എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്കും പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും ആയതോടെ സിപിഎം തിരിച്ചടിക്കാൻ തുടങ്ങി. ഒടുവിൽ ഇടത് ബന്ധം ഉപേക്ഷിച്ച് പുറത്തേക്ക്.
പുതിയ രാഷ്ട്രീയ പാർട്ടിയുമായെത്തിയ അൻവറിന് പക്ഷെ ഉപതെരഞ്ഞെടുപ്പിൽ കാലിടറി.കാര്യമായ സ്വാധീനം ഉറപ്പിക്കാൻ കഴിയാതിരുന്നതോടെ അൻവറിന്‍റെ പ്രസക്തി കുറയുന്നുവെന്ന പ്രതീതി വന്നു.ആ സമയത്ത് അൻവറിന് കിട്ടിയ പിടിവള്ളിയാണ് പൊലീസിന്‍റെ അറസ്റ്റ്.ജനകീയമായ വിഷയത്തിൽ ഇടപെട്ട് അറസ്റ്റ് വരിച്ചുവെന്നതിന് ഒപ്പം സിപിഎമ്മിന്‍റേയും മുഖ്യമന്ത്രിയുടേയും ശത്രുതയ്ക്ക് ഇരയായെന്ന പ്രചാരണമായിരിക്കും അൻവർ ഇനി നടത്തുക.
Also Read; പി. വി. അൻവർ എംഎൽഎ ജയിലിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും
തന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ മുസ്ലിം വിരുദ്ധതയുടെ തെളിവാണെന്ന ആരോപണവും അൻവർ ഉയർത്തുന്നു.പൊലീസിന്‍റെ നടപടിക്കെതിരെ നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം അൻവറിന് നൽകുന്നത്. ഭരണകൂട ഭീകരതയാണ് പൊലീസ് നടപടിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.ധൃതി പിടിച്ച് എംഎൽഎയെ അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നായിരുന്നു കെ.സുധാകരന്‍റെ ചോദ്യം.
മുസ്ലിം ലീഗും അൻവറിന്‍റെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. യുഡിഎഫിലേക്ക് ചേക്കേറാൻ കാത്തു നിൽക്കുന്ന അൻവറിന് തന്‍റെ രാഷ്ട്രീയ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള വഴികൂടിയാണ് പൊലീസും സർക്കാരും ചേർന്ന് നൽകിയതെന്ന് പറഞ്ഞാൽ പോലും തെറ്റാകില്ല.