എഎൻഐ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ഡൽഹി ഹൈക്കോടതി വെബ്സൈറ്റിനെ രൂക്ഷമായി വിമർശിച്ചത്. കോടതി വെബ്സൈറ്റിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.
വാർത്താ ഏജൻസിയായ എഎൻഐ നൽകിയ പരാതിയിൽ നിരവധി തവണ നോട്ടീസയച്ചിട്ടും മറുപടി ഇല്ലാതായതോടെ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് താക്കീതുമായി ഡൽഹി ഹൈക്കോടതി. ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രസ്താവന. എഎൻഐ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ഡൽഹി ഹൈക്കോടതി വെബ്സൈറ്റിനെ രൂക്ഷമായി വിമർശിച്ചത്. വെബ്സൈറ്റിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.
വിക്കിപീഡിയയിലെ ചില ഉള്ളടക്കങ്ങളിൽ അപകീർത്തികരമായ കാര്യങ്ങളുണ്ടെന്നും നീക്കം ചെയ്യണമെന്നും എഎൻഐ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സർക്കാരിൻ്റെ പ്രചാരണ ഉപകരണമായാണ് എഎൻഐ എന്നായിരുന്നു വിക്കീപീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി. തുടർന്ന് തെറ്റായ വിവരം പ്രസിദ്ധീകരിച്ച് അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് എഎൻഐ വിക്കിപീഡിയക്കെതിരെ മാനനഷ്ടക്കേസ് നൽകി. 2 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നായിരുന്നു എഎൻഐയുടെ ആവശ്യം. കേസിൽ വിക്കിപീഡിയക്ക് ജൂലൈ 9 ന് കോടതി സമൻസ് അയക്കുകയും ചെയ്തു. പേജ് എഡിറ്റ് ചെയ്തവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു കോടതി ഉത്തരവ്.
ALSO READ: VIDEO | ആംബുലന്‍സില്ല, മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ചുമലിലേറ്റി 15 കിലോമീറ്ററോളം നടന്ന് മാതാപിതാക്കള്‍
എന്നാൽ ഇതുവരെയും വിക്കിപീഡിയ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എഎൻഐ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇത് പരിഗണിക്കവേയാണ് കോടതി വിക്കിപീഡിയക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് നവീൻ ചൗള വെബ്സൈറ്റിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇതാണ് സമീപനമെങ്കിൽ വിക്കീപീഡിയ പൂട്ടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബറിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും അന്നേ ദിവസം വിക്കീപീഡിയ അംഗീകൃത പ്രതിനിധി നേരിട്ട് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.