ഭീഷണിയെ പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ച് കൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.
പാലക്കാട് നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്കെതിരെ പലതവണ പരാതിപെട്ടിട്ടും നടപടിയുണ്ടായില്ലെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ വിചിത്ര വിശദീകരണവുമായി പൊലീസ്. പരാതിക്ക് പിന്നാലെ ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നെന്ന് ഡിവൈഎസ്പി അജിത് കുമാർ പറഞ്ഞു. ഭീഷണിയെ പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ച് കൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.
ഡിസംബർ 29 നാണ് ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ, അകത്തേക്ക് കയറാൻ തയ്യാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതിയുടെ പക്ഷം. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞത് കൊണ്ട്, താൻ പുറത്തേക്ക് വന്നാണ് അയാളെ കണ്ട് സംസാരിച്ചതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ച ഇയാളെ താക്കീത് നൽകി തിരികെ വിടുകയായിരുന്നു പൊലീസ്.
നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് അനാസ്ഥകാട്ടിയെന്ന് സുധാകരന്റെ മകൾ അഖില പറഞ്ഞിരുന്നു. ഭയം കൊണ്ടാണ് അച്ഛനൊപ്പം വീട്ടിലേക്ക് വരാതിരുന്നത്. വന്നുരുന്നെങ്കിൽ താനും കൊല്ലപ്പെടുമായിരുന്നെന്നും അഖില പറഞ്ഞു.
കൊല ചെയ്യുന്നതിന് തൊട്ട് മുന്നേ വടിവാൾ ഉയർത്തി ഭീതി പരത്തിയതായി നാട്ടുകാരും പറയുന്നു. വടിവാൾ കാണിച്ച് 'എൻ്റെ സെറ്റപ്പ് കണ്ടില്ലേ' എന്ന് ചോദിക്കുമായിരുന്നു. മഴുവും വടിവാളും ആയിട്ടാണ് നടപ്പ്. ഇയാളെ പേടിച്ച് പേടിച്ചാണ് ജീവിച്ചിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് പ്രതി ചെന്താമര പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും മകനെയും വെട്ടിക്കൊന്നത്. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 2019ൽ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര.
കേസിൽ ജാമ്യം ലഭിച്ച ഇയാൾ ഒരുമാസമായി പ്രദേശത്തുണ്ട്. 2019 മുതൽ പ്രതിക്ക് സുധാകരന്റെ കുടുംബത്തോട് വൈരാഗ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറയുന്നു. ഫോൺ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.