വിഷയത്തിൽ പൊലീസ് അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും മേൽ നടപടികൾ എന്തൊക്കെയെന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ നിയമഭേദഗതി ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. വിഷയത്തിൽ പൊലീസ് അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
'സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്,' വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂളും ആകട്ടെ, സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ.
സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.
ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിർ വിധേയനായെന്ന് കുടുംബം പരാതിയിൽ പറയുന്നു. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മിഹിർ മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങളിലൂടെ മിഹിറിനെ അവഹേളിക്കുന്ന സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് ബന്ധുക്കൾ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.