നിയമ നിര്‍മാണം ഇഴയുന്നു; അന്ധവിശ്വാസവും അനാചാരവും ജീവനെടുക്കുന്നു
logo

എസ് ഷാനവാസ്

Last Updated : 31 Jan, 2025 02:02 PM

1954ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉല്‍പ്പന്നങ്ങളും വരെ കുറ്റകരമാണ്.

KERALA



കഴിഞ്ഞദിവസമാണ് തിരുവനന്തപുരം ബാലരാമപുരത്ത് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ രണ്ടര വയസുകാരിയായ മകള്‍ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ പൊലീസിന് മൊഴി കൊടുത്തിരിക്കുന്നത്. എന്നാല്‍, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കുഞ്ഞിന്റെ ജനനശേഷമാണ് സാമ്പത്തിക ബുദ്ധിമുട്ട് വന്നതെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നതായി ശ്രീതു പൊലീസിന് മൊഴി കൊടുത്തിരുന്നു. പ്രതിക്രിയയ്ക്കായി കുഞ്ഞിന്റെ തല മൊട്ടയടിച്ചു. പ്രതിക്രിയകള്‍ക്കായി ജോത്സ്യന്‍ ആവശ്യപ്പെട്ട പണം നല്‍കിക്കൊണ്ടിരുന്നു. അതിനായി കടം വാങ്ങിയിരുന്നെന്നും മൊഴിയില്‍ പറയുന്നു. കുടുംബത്തിന് വ്യത്യസ്തതരം ആചാരങ്ങളും പൂജകളുമൊക്കെ ഉണ്ടായിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാര്യകാരണങ്ങള്‍ പൊലീസ് കണ്ടെത്തേണ്ടതുണ്ട്.

പാലക്കാട് നെന്മാറയിലെ ഇരട്ടക്കൊലപാതകം അന്വേഷിച്ചുപോകുമ്പോഴും എത്തിനില്‍ക്കുന്നത് പ്രതിയായ ചെന്താമരയുടെ അന്ധവിശ്വാസത്തിലാണ്. ഭാര്യ പിണങ്ങി വേര്‍പിരിഞ്ഞതിനു കാരണം വീടിനു എതിര്‍വശത്തുള്ള നീളന്‍ മുടിയുള്ള സ്ത്രീയാണെന്ന ജോത്സ്യന്റെ വാക്കായിരുന്നു 2019ല്‍ സജിതയെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം. അവര്‍ കൂടോത്രം ചെയ്തതുകൊണ്ടാണ് ഭാര്യ വിട്ടുപോയതെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി. ഭാര്യ, മകള്‍, മരുമകന്‍ എന്നിവരെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഭാര്യ പിണങ്ങിപ്പോയതിലെ വൈരാഗ്യം ചെന്താമര മനസില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഇതിനെല്ലാം ഇടയാക്കിയതാകട്ടെ, ജോത്സ്യന്റെ വാക്കും കൂടോത്രം പോലുള്ള ചെന്താമരയുടെ അന്ധവിശ്വാസങ്ങളുമാണ്.

അന്ധവിശ്വാസവും അനാചാരവും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വ്യക്തിജീവിതങ്ങളെയും, സാമുഹ്യജീവിതങ്ങളെയും ബാധിക്കുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ല. കൊടിയ പീഡനങ്ങളുടെയും, ദുഷിച്ച അനാചാരങ്ങളുടെയും വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. മൂന്ന് വര്‍ഷംമുന്‍പ്, നരബലി വാര്‍ത്ത കേട്ടും കേരളം ഞെട്ടിയിരുന്നു. 2022ല്‍ ഇലന്തൂരിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതീവ പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയ-സാംസ്കാരിക കേരളം ഉണര്‍ന്നു. അന്ധവിശ്വാസവും അനാചാരങ്ങളും മലയാള മണ്ണില്‍നിന്ന് തുടച്ചുനീക്കണമെന്ന് വിദ്യാസമ്പന്നമായ സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. ചര്‍ച്ചകളും സംവാദങ്ങളും ചൂടുപിടിച്ചു. അവിടെ തീര്‍ന്നു, സാംസ്കാരിക കേരളത്തിന്റെ കടമയും ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും. നരബലി നടന്ന സ്ഥലം കാണാന്‍ ഇലന്തൂരിലേക്ക് ആളുകള്‍ വണ്ടി പിടിച്ചെത്തിയതും കേരളം കണ്ടു.

2014 -ചെന്നിത്തലയുടെ പ്രഖ്യാപനം
ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, നിയമസഭയിലും ചോദ്യങ്ങള്‍ ഉയരും. സമഗ്ര നിയമം വരും എന്നൊരു മറുപടി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. അതിന് എല്‍ഡിഎഫെന്നോ യുഡിഎഫെന്നോ വിവേചനമില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇച്ഛാശക്തി അടിയറവുവെച്ച് പതിവുപല്ലവി ആവര്‍ത്തിക്കും. അന്ധവിശ്വാസവും, അനാചാരവുമായി ബന്ധപ്പെട്ട നാല് സുപ്രധാന ബില്ലുകളെങ്കിലും നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. അന്നത്തെ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ 'അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍' കരട് തയ്യാറാക്കി. പൊലീസ് ഉദ്യോഗസ്ഥരുമായും വിവിധ മേഖലയിലെ വിദഗ്ധരുമായും ചര്‍ച്ച ചെയ്താണ് ബില്‍ തയ്യാറാക്കിയത്. ബില്ലിനെക്കുറിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും, സമഗ്ര നിയമം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല സഭയില്‍ പ്രഖ്യാപിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ആ 'വലിയ പരിശ്രമം' അവിടെ തീര്‍ന്നു.

2017 -പി.ടി. തോമസിന്റെ ബില്‍
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് മറ്റൊരു ബില്‍ നിയമസഭയില്‍ വരുന്നത്. 2017ല്‍ പ്രതിപക്ഷ എംഎല്‍എ ആയിരുന്ന പി.ടി. തോമസാണ് 'അന്ധവിശ്വാസ നിരോധന ബില്‍' അവതരിപ്പിക്കുന്നത്. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളെയും അവയെച്ചൊല്ലിയുള്ള ആചാരങ്ങളെയും അന്ധവിശ്വാസമായി പരിഗണിക്കുന്ന ബില്‍ 'ആള്‍ദൈവങ്ങള്‍' ഉള്‍പ്പെടെ സ്വയംപ്രഖ്യാപിത ദൈവപുരുഷന്മാര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സമിതി രൂപീകരിക്കണമെന്നും, വിജ്ഞാപനത്തിലൂടെ ചട്ടങ്ങള്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവർത്തനങ്ങളും വര്‍ധിക്കുന്നതിന്റെ കാരണങ്ങളും, അവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക, ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നിങ്ങനെ നിര്‍ദേശങ്ങളും ബില്‍ മുന്നോട്ടുവെച്ചു. സ്വകാര്യബില്‍ ആയതിനാല്‍ പരിഗണക്കേണ്ടതില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. അതേസമയം, വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്ത് ഔദ്യോഗിക ബില്ലായി പരിഗണിക്കണമെന്നായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിർദേശം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമഗ്ര നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഇടതു സര്‍ക്കാര്‍ അതിനെയെല്ലാം റദ്ദ് ചെയ്തു.

2019 -നിയമ പരിഷ്കാര കമ്മീഷന്റെ ബില്‍
പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെയാണ് നിയമ പരിഷ്കാര കമ്മീഷനും സമാനമായൊരു ബില്‍ കൊണ്ടുവരുന്നത്. ദുര്‍മന്ത്രവാദവും ദുരാചാരങ്ങളും ഇല്ലാതാക്കാനുള്ള നിയമനിര്‍മാണം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നിയമ വകുപ്പ് നിയമ പരിഷ്കാര കമ്മീഷനോട് ശുപാര്‍ശകള്‍ ആരാഞ്ഞു. തുടര്‍ന്ന്, കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് 'ദി കേരള പ്രിവൻഷൻ ആന്‍ഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്‍ഡ് ബ്ലാക് മാജിക് ബിൽ 2019' എന്ന ബില്ലിന്റെ കരട് തയ്യാറാക്കി. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കൽ, അന്ധവിശ്വാസത്തിന്റെ പേരില്‍ നഗ്നരാക്കി നടത്തല്‍, മര്‍ദനം, ചികിത്സ തടയല്‍, ലൈംഗിക പീഡനം എന്നിങ്ങനെ ശാരീരിക പീഡനങ്ങളും മാനസിക പീഡനങ്ങളുമൊക്കെ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കുന്നതായിരുന്നു ബില്‍. വിശ്വാസത്തിന്റെ പേരില്‍ തുടര്‍ന്നുവരുന്ന അനാചാരങ്ങള്‍ക്കും, എല്ലാ മതത്തിലുമുള്ള ആള്‍ദൈവങ്ങള്‍ക്കും, ഭൂതോച്ചാടകര്‍ക്കുമൊക്കെ കുച്ചുവിലങ്ങിടുന്ന തരത്തിലായിരുന്നു ബില്‍. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും ബില്‍ എതിര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിശ്വാസസമൂഹവും, മതസംഘടനകളും എതിര്‍പ്പുമായെത്തിയതോടെ സര്‍ക്കാര്‍ അയഞ്ഞു. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍, പുതിയ ബില്‍ തയ്യാറാക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഇടതു സര്‍ക്കാരിന്റെ വീറും വാശിയുമൊക്കെ അവിടെ തീര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനിര്‍മാണം സംബന്ധിച്ച് പുരോഗതിയൊന്നും കാണാതായതോടെ, കേരള യുക്തിവാദി സംഘം ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കി. എന്നാല്‍, അന്ധവിശ്വാസത്തിനും, ദുര്‍മന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരുക തന്നെയാണ് ലക്ഷ്യമെന്നായിരുന്നു 2022ല്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

2021 -കെ.ഡി.പ്രസേനന്റെ ബില്‍
2021ലാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരള നിയമസഭയില്‍ അവസാനമായി ബില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇടത് എംഎല്‍എ ആയിരുന്ന കെ.ഡി. പ്രസേനനായിരുന്നു സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. കേരള അന്ധവിശ്വാസ-അനാചാര നിര്‍മാജന ബില്‍ എന്ന പേരില്‍ വളരെ സമഗ്രമായിരുന്നു പ്രസേനന്‍ അവതരിപ്പിച്ച ബില്‍. ഭരണഘടനയുടെ 51എ(ബി) പ്രകാരം, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും 51എ (എച്ച്) അനുസരിച്ച്‌ ശാസ്ത്രമനോഭാവം, മാനവികത, അന്വേഷണത്വര, പരിഷ്ടരണക്ഷമത എന്നിവ വളര്‍ത്താനുള്ള അവകാശങ്ങളും പൗരന്റെ മൗലിക കടമയാണ്. അന്ധവിശ്വാസ അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും നിരന്തരമായ മതസ്പര്‍ദ്ധകള്‍ക്ക്‌ കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ മതേതര, മാനവിക സംസ്കാരം വികസിപ്പിക്കാനുള്ള കടമ സര്‍ക്കാരിനുണ്ട്. ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം പൊതുക്രമസമാധാനം, പൊതുധാര്‍മികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടുമാത്രമേ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താന്‍ പാടുള്ളൂ. ഈ തത്വം പ്രായോഗികവല്‍ക്കരിക്കണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ഒരു നിയമനിര്‍മാണം അനിവാര്യമായിരിക്കുന്നു എന്നാണ് ബില്ലിന്റെ മുഖവുര.

രാജ്യത്ത് ഡ്രഗ്‌സ് ആന്‍ഡ്‌ മാജിക്കല്‍ റെമഡീസ്‌ (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) ആക്ട്‌ 1954 നിലവിലുണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ദിവ്യശക്തി പ്രാര്‍ത്ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്രക്കല്ലുകള്‍, ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങളും പ്രയോഗ പ്രവര്‍ത്തനങ്ങളും ആള്‍ദൈവ പ്രതിഭാസങ്ങളും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. നിര്‍ദ്ദോഷികളായ വിശ്വാസികളുടെ ധനവും മാനവും നശിച്ചിട്ടുളള നിരവധി സംഭവങ്ങള്‍ അനാവൃതമായിരിക്കുന്നു. പരിഷ്‌കൃത, മതനിരപേക്ഷ സമൂഹത്തിന്‌ അപമാനകരമാണ്‌ ഈ സ്ഥിതിവിശേഷം. നിരക്ഷര, സാക്ഷര വ്യത്യാസമില്ലാതെ ജനങ്ങള്‍ ഈ ചൂഷണത്തിന്‌ വിധേയരാക്കപ്പെടുന്നു. ഇത്തരം സാമൂഹ്യ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു നിയമം അനിവാര്യമായിരിക്കുന്നുവെന്ന് ബില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യകാരണ ചിന്തയ്ക്ക്‌ ഉചിതമല്ലാത്തതും, ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും, സാമൂഹ്യ പുരോഗതിക്ക്‌ വിഘാതമായിരിക്കുന്നതുമായ വിശ്വാസങ്ങളെയാണ് ബില്‍ അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായ ഫലങ്ങള്‍ ഉളവാക്കുന്ന എല്ലാ ആചാരങ്ങളും കര്‍മങ്ങളുമാണ് അനാചാരം. പ്രകൃത്യാതീത ശക്തികളും പ്രേത-ഭൂതങ്ങളും ഉണ്ടെന്നും അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പിച്ച്‌ ചെയ്യുന്ന പൂജാദി കര്‍മ്മങ്ങളെ മത്തുവാദം എന്നാണ് ബില്‍ അടയാളപ്പെടുത്തുന്നത്. അംഗീകൃതമായ ശാസ്ത്രീയ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്താതെ പ്രാര്‍ഥന, മന്ത്രം, ഓതി കൊടുക്കല്‍, മാന്ത്രിക യന്ത്രങ്ങള്‍ ജപിച്ച്‌ നല്‍കല്‍,സ്പര്‍ശന ആശ്ലേഷങ്ങള്‍, ഉറുക്ക്‌, ഏലസ്‌, മധ്യസ്ഥപ്രാര്‍ഥന, ദിവൃശക്തികളുടെ പേരിലുള്ള ചികിത്സ തുടങ്ങിയ അത്ഭുതരോഗശാന്തിയുടെ ഗണത്തില്‍ പെടുന്നു. ആള്‍ദൈവങ്ങള്‍, മന്ത്രവാദം, ദുരാചാരം, ജ്യോത്സ്യം, ഫലസിദ്ധിയുണ്ടെന്ന്‌ അവകാശപ്പെടുന്ന യാഗയജ്ഞ പൂജാദികര്‍മ്മങ്ങള്‍, ധ്യാനം, അത്ഭുത രോഗശാന്തി, അശാസ്ത്രീയ ചികിത്സാ സമ്പ്രദായങ്ങള്‍ എന്നിവ സംബന്ധിച്ച പരസ്യങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍ പ്രതൃക്ഷമായോ പരോക്ഷമായോ ഉള്ള പ്രവൃത്തികള്‍ പ്രചരിപ്പിക്കല്‍ എന്ന ഗണത്തില്‍ വരുന്നു.

അന്ധവിശ്വാസം പ്രചരിപ്പിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത്‌ കുറ്റകരമാക്കണം. ആറ് മുതല്‍ എട്ട് മാസം വരെ തടവും, 5000 മുതല്‍ 10,000 രൂപ വരെ പിഴയും ബില്‍ നിര്‍ദേശിക്കുന്നു. കുറ്റകരമായ കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നയാളും സമാന ശിക്ഷ അനുഭവിക്കണം. പൊലീസുകാര്‍ക്ക് സ്വമേധയാ അന്വേഷണം നടത്താം. കേസില്‍ ജാമ്യം അനുവദിക്കാന്‍ പാടില്ല. അന്ധവിശ്വാസ അനാചാര കര്‍മങ്ങള്‍ വഴി ആര്‍ജജിച്ച സ്വത്തുക്കള്‍ അഴിമതി നിരോധന നിയമത്തിലെ വകപ്പിന് സമാനമായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാം. ഒരു സ്ഥാപനമോ, സംഘടനയോ, കമ്പനിയോ ആണ്‌ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതെങ്കില്‍, അതിന്റെ ചുമതലയുണ്ടായിരുന്ന എല്ലാ വ്യക്തികള്‍ക്കും അതില്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കും. സംഘടന/സ്ഥാപനം/കമ്പനിയുടെ പേരില്‍ കേസ്‌ എടുത്ത്‌ ശിക്ഷിക്കാവുന്നതാണെന്നും ബില്‍ പറയുന്നു.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി, ഗസറ്റ്‌ വിജ്ഞാപനം മുഖേന ഒന്നോ അതിലധികമോ പൊലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ ഒന്നോ അതിലധികമോ പൊലീസ്‌ ഓഫീസര്‍മാരെ വിജിലന്‍സ്‌ ഓഫീസര്‍മാരായി നിയമിക്കാം. നിയമത്തിന്‌ കീഴില്‍ ശിക്ഷിക്കപ്പെട്ട ഏതൊരാളുടെയും പേരും താമസസ്ഥലവും ബന്ധപ്പെട്ട വിവരങ്ങളും കുറ്റം നടന്ന സ്ഥലത്ത്‌ പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തണം എന്നിങ്ങനെ വ്യവസ്ഥകളും കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സഞ്ചിതനിധിയില്‍നിന്ന്‌ അധികച്ചെലവ് ഉണ്ടാകില്ല. എന്നാല്‍, നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിന് സഞ്ചിതനിധിയില്‍ നിന്നും അനാവര്‍ത്തകമായ ചെലവ്‌ ബില്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസ പ്രവൃത്തികളും അനാചാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്‌. അന്ധവിശ്വാസവും അനാചാരങ്ങളും സാമൂഹികവിപത്തായി വളരുമ്പോള്‍ അതുയര്‍ത്തുന്ന ചൂഷണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്‌. ഇക്കാര്യം ഉറപ്പാക്കേണ്ടത്‌ സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും ബില്‍ അടിവരയിടുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും പ്രസേനന്റെ ബില്‍ അതിനോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. 2019ലെ ബില്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്ത് 'രണ്ടാം നവോത്ഥാന'ത്തിന് ചുക്കാന്‍ പിടിച്ച ഇടതു സര്‍ക്കാര്‍ നിശബ്ദമായി. അന്ധവിശ്വാസവും ദുരാചാരവും സംബന്ധിച്ച ചോദ്യം എപ്പോഴൊക്കെ ഉയര്‍ന്നാലും, കോടതി ചോദിച്ചാലും നിയമ നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സ്ഥിരം മറുപടിയുമായി.

പരിഷത്തും യുക്തിവാദി സംഘവും
ജനപ്രതിനിധികള്‍ മാത്രമല്ല, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, കേരള യുക്തിവാദി സംഘവുമൊക്കെ അന്ധവിശ്വാസത്തിനും ദുരാചാരത്തിനുമെതിരെ നിര്‍ദേശങ്ങളും മെമ്മോറാണ്ടവുമൊക്കെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരള യുക്തിവാദി സംഘം 'അന്ധവിശ്വാസ-ദുരാചാര നിർമാർജന ബിൽ' ആണ് മുന്നോട്ടുവച്ചത്. 2008ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന് ബില്‍ കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ബില്‍ സമര്‍പ്പിച്ചിട്ടും കാര്യമുണ്ടായില്ല. 2014ല്‍, നരേന്ദ്ര ധബോൽക്കറുടെ ഒന്നാം ചരമവാർഷികത്തില്‍ പരിഷത്ത് അന്ധവിശ്വാസത്തിനും ദുരാചാരത്തിനുമെതിരെ കാമ്പയിനും ജനകീയ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ വേണമെന്നായിരുന്നു ആവശ്യം. ലക്ഷംപേര്‍ ഒപ്പിട്ട ജനകീയ നിവേദനവും മാതൃകാബില്ലും ജനപ്രതിനിധികള്‍ക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും കൈമാറി. ഒന്നും നടന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും, പരിഷത്ത് മാതൃകാബില്‍ കൈമാറി. അപ്പോഴും നടപടിയൊന്നും ഉണ്ടായില്ല.

1954ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്‌ജക്ഷനബിള്‍ അഡ്വൈര്‍ടൈസ്മെന്റ് ആക്ട് 1954) നിയമപ്രകാരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉല്‍പ്പന്നങ്ങളും കുറ്റകരമാണ്. മാന്ത്രിക ഏലസുകള്‍, ദിവ്യശക്തി പ്രാര്‍ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്രക്കല്ലുകള്‍, ജോത്സ്യം, മന്ത്രവാദം തുടങ്ങിയവയുടെ പരസ്യങ്ങളും പ്രയോഗ പ്രവര്‍ത്തനങ്ങളുമൊക്കെ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍, ഇതൊക്കെ കേരളത്തില്‍ നിര്‍ബാധം തുടരുന്നുണ്ട്. പലതരം രോഗശാന്തിക്കാരും, അവരുടെ പരസ്യങ്ങളുമൊക്കെ നിരത്തുകളിലും കവലകളിലും, സാമുഹ്യ മാധ്യമങ്ങളിലുമൊക്കെ നിറയെ കാണാം. പരസ്യങ്ങളും സാക്ഷ്യപ്രസ്താവനകളും കൊടുക്കുന്നതില്‍ മാധ്യമങ്ങളും പിന്നിലല്ല. ഇവയെല്ലാം ആളുകളെ അവിശ്വസനീയമാംവിധം സ്വാധീനിക്കുമ്പോഴും, മറ്റൊരാളുടെ ജീവനെടുക്കാനോ, സ്വന്തം ജീവന്‍ ത്യജിക്കാനോ തയ്യാറാകുമ്പോഴും സര്‍ക്കാര്‍ തുടരുന്ന മൗനം പുരോഗമനമൂല്യങ്ങളെ ചേര്‍ത്തുപിടിക്കേണ്ട ജനാധിപത്യത്തിന് യോജിച്ചതല്ല. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമഗ്ര നിയമ നിര്‍മാണത്തിനുള്ള കൃത്യമായ മാര്‍ഗരേഖ ഉണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നത്, അടുത്ത തലമുറയോടു കൂടി ചെയ്യുന്ന തെറ്റാണ്.

KERALA
ചുങ്കത്തറയില്‍ കൂറുമാറിയ പഞ്ചായത്തംഗത്തിൻ്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ സംഭവം; ഏരിയ സെക്രട്ടറിക്കെതിരെ കേസ്
Also Read
Share This