താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലാണ് ഷിൻഡെയെ പ്രവേശിപ്പിച്ചിരിക്കുന്നത്
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് തിരശീല വീഴാൻ രണ്ടു ദിവസം ബാക്കി നിൽക്കേ മുൻ മുഖ്യമന്ത്രിയും ശിവസേന വിഭാഗം നേതാവുമായ ഏകനാഥ് ഷിൻഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലാണ് ഷിൻഡെയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും, സാധാരണ നടത്തുന്ന ചെക്കപ്പിന് ഡോക്ടറുടെ നിർദേശപ്രകാരമാണ് എത്തിയതെന്നുമെന്നാണ് ലഭ്യമാകുന്ന വിവരം. താൻ ആരോഗ്യവാനാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഷിൻഡെ തീർത്ത പ്രതിരോധമാണ് മഹായുതിയുടെ തീരുമാനം വൈകിച്ചത്. നിലവിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രിയെന്നാണ് സൂചന. ബിജെപിയിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് അജിത് പവാറും വ്യക്തമാക്കിയിരുന്നു. 280 അംഗ നിയമസഭയില്‍ 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പവാറിന്‍റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 57 സീറ്റുകളാണ് നേടിയത്. മൊത്തത്തില്‍ 230 സീറ്റുകള്‍ നേടിയ മഹായുതി സഖ്യം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയമാണ് നേടിയത്. മഹായുതി സഖ്യത്തിന് 140നു മേല്‍ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.
കഴിഞ്ഞ സർക്കാരിൻ്റെ രണ്ടര വർഷത്തെ പ്രവർത്തനം സുവർണ ലിപികളാൽ എഴുതപ്പെടുമെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. കഴിഞ്ഞ സർക്കാരിന് ലഭിച്ച അംഗികാരമാണ് ഈ ജനവിധി, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും വോട്ടർമാർ അവസരം നൽകിയില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ആരാകും എന്ന് മഹായുതി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തന്നെ ബിജെപി സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് സ്ഥിരീകരിച്ചത്. മുംബൈയിലെ ആസാദ് മൈതാനത്തിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.