സാഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചത് സൈബര്‍ ആക്രമണമാണെന്ന് ഉടമയായ ഇലോണ്‍ മസ്‌ക്. സംഭവത്തില്‍ യുക്രൈയിനെതിരെയാണ് മസ്‌ക് വിരല്‍ ചൂണ്ടിയത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുക്രൈയ്‌നെതിരെ മസ്‌ക് സംശയം പ്രകടിപ്പിച്ചത്. എക്‌സിനു നേരെ ഉണ്ടായത് കടുത്ത സൈബര്‍ ആക്രമണമാണെന്നും ഇതിനു പിന്നില്‍ ഒരു സംഘമോ അല്ലെങ്കില്‍ ഒരു രാജ്യമോ ആകാമെന്നാണ് മസ്‌ക് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്‌ക് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഇപ്പോള്‍ അറിയില്ലെന്നും എന്നാല്‍, യുക്രൈന്റെ ഭാഗത്തുള്ള ഐപി അഡ്രസില്‍ നിന്നാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായതെന്നുമാണ് മസ്‌ക് പറഞ്ഞത്.
തിങ്കളാഴ്ച രാവിലെയോടെയാണ് എക്‌സിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം താറുമാറായി. ദീര്‍ഘനേരത്തേക്ക് എക്‌സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
Also Read: ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനം; ആയിരത്തോളം പേരെ ഒഴിപ്പിച്ചു
എക്‌സിനുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ സൈബര്‍ ആക്രമണമാണെന്ന് ഇലോണ്‍ മസ്‌ക് പറയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപുമായുള്ള ഒരു ലൈവ്-സ്ട്രീം അഭിമുഖത്തിനിടെ സമാന ആക്രമണം നടന്നതായി മസ്‌ക് ആരോപിച്ചിരുന്നു.
ഡോജ് ഡിസൈനര്‍ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു മസ്‌ക് ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് സൈബര്‍ ആക്രമണമെന്നായിരുന്നു മസ്‌കിന്റെ വാദം.
ഇപ്പോഴുണ്ടായ ആക്രമണത്തില്‍ യുക്രൈന് നേരിട്ട് ബന്ധമുണ്ടെന്ന് ആരോപിക്കുന്നില്ലെങ്കിലും യുക്രൈനില്‍ നിന്നുള്ള ഐപികളില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍, ആക്രമണകാരികള്‍ക്ക് സ്ഥലങ്ങള്‍ എളുപ്പത്തില്‍ മറയ്ക്കാന്‍ കഴിയുമെന്നതിനാല്‍, ഐപി വിലാസങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കുന്നത് വിശ്വസനീയമായിരിക്കില്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്തായാലും പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം നിലച്ചതോടെ, എക്‌സിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 2022 ല്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിനു ശേഷം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായിരുന്നു.