ഇയാൾ ഉപയോഗിച്ചിരുന്ന കാർ കഴിഞ്ഞദിവസം പാലക്കാട് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് ബെംഗളൂരുവിലെന്നാണ് സൂചന. അബ്ദുൾ സനൂഫിനെ തേടി അന്വേഷണസംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന കാർ കഴിഞ്ഞദിവസം പാലക്കാട് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ഫസീലയുടെ കുടുംബം അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും തന്റെ മകൾക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിക്കരുതെന്നും യുവതിയുടെ പിതാവ് മുഹമ്മദ് മാനു ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അബ്ദുൾ സനൂഫിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഈ മാസം 24 -നാണ് അബ്ദുൽ സനൂഫ് യുവതിക്കൊപ്പം ലോഡ്ജിലെത്തി മുറി എടുത്തത്. ഇരുപത്തഞ്ചാം തീയതി രാത്രി ലോഡ്ജിൽ നിന്ന് പോയ അബ്ദുൾ സനൂഫ് പിന്നീട് തിരികയെത്തിയില്ല. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. ഇന്ധനം തീർന്ന ശേഷം കാർ പാലക്കാട് ഉപേക്ഷിച്ച് കെഎസ്ആർടിസി ബസ്സിൽ ബംഗളൂരിലേക്ക് യാത്ര ചെയ്തെന്നാണ് പോലീസ് നിഗമനം. കാറുടമയായ സുഹൃത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി അബ്ദുൽ സനൂഫിനെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.