ജാർഖണ്ഡിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളെ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം ബുധനാഴ്ച കത്തിൽ കുറിച്ചു
ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ 2.87 ലക്ഷം പേർക്ക് തൊഴിലും, 5 ലക്ഷം പേർക്ക് സ്വയം തൊഴിലവസരവും വാഗ്‌ദാനം ചെയ്ത് മുൻ മുഖ്യമന്ത്രി ചംപയ് സോറന്‍. യുവാക്കൾക്ക് എഴുതിയ തുറന്ന കത്താലാണ് ചംപയ് സോറന്‍ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഇനിയുള്ള ഭാവി യുവശക്തിയിൽ അധിഷ്‌ഠിതമാണെന്ന് പറഞ്ഞ അദ്ദേഹം, അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽ വന്നാൽ 2.87 ലക്ഷം നിയമനങ്ങൾക്കുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ചംപയ് സോറൻ അറിയിച്ചു.
5 ലക്ഷം യുവാക്കൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ കൂടി ഒരുക്കുന്നതിലൂടെ തൊഴിൽ ലഭിക്കാത്തവർക്കും വികസനത്തിൻ്റെ മുഖ്യധാരയിൽ ചേരാനാകുമെന്നും ചംപയ് സോറന്‍ വ്യക്തമാക്കി. ജാർഖണ്ഡിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കത്തിൽ കുറിച്ചു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ സമൂഹത്തിൻ്റെ വികസനത്തിന് വേണ്ടിയാണ് താൻ എന്നും പ്രവർത്തിച്ചത്. ഞങ്ങൾ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞങ്ങളുടെ ലക്ഷ്യം സർക്കാരിനെ മാറ്റുക മാത്രമല്ല, മൊത്തത്തിലുള്ള ഒരു മാറ്റമാണെന്നും ചംപയ് സോറൻ പറഞ്ഞു. ഗുമസ്തൻ മുതൽ മുഖ്യമന്ത്രി വരെ എല്ലാവരും കേൾക്കുന്ന ഒരു സംവിധാനം ഞങ്ങൾ സൃഷ്ടിക്കുകയും,നിങ്ങളുടെ പരാതികളെ വളരെ സത്യസന്ധതയോടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ കലണ്ടർ തയ്യാറാക്കി കൊണ്ട് എല്ലാ റിക്രൂട്ട്‌മെൻ്റ് നടപടികളും സുതാര്യതയോടെ പൂർത്തിയാക്കുമെന്നും ചംപയ് സോറൻ വാഗ്ദാനം ചെയ്തു. അർഹരും കഴിവുള്ളവരുമായ വിദ്യാർഥികളെ മാത്രം തെരഞ്ഞെടുക്കുന്ന സംവിധാനം സൃഷ്ടിക്കാമെന്നും അതിൽ പേപ്പർ ചോർച്ചയ്ക്കും അഴിമതിക്കും ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് ഒരുമിച്ച് ഒരു 'പുതിയ ജാർഖണ്ഡ്' കെട്ടിപ്പടുക്കാമെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.
ALSO READ: 'സ്വന്തം ആളുകൾ വേദനിപ്പിച്ചു, പാർട്ടിയിൽ അസ്തിത്വമില്ല'; ജെഎംഎം വിടുന്നുവെന്ന് ചംപയ് സോറൻ
ജനുവരിയിൽ ഭൂമി തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിന് മുന്നോടിയായി ഹേമന്ത് സോറൻ രാജിവെച്ചതോടെയാണ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിക്കസേരയിൽ എത്തിയത്. എന്നാൽ, അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന് ജാമ്യം ലഭിക്കുകയും, റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിൽ സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് ചംപയ് സോറനെ രാജിവെപ്പിക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടു, തന്റെ ആത്മാഭിമാനത്തിന് അടിയേറ്റുവെന്നും പറഞ്ഞ ചംപയ് സോറൻ പിന്നീട് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.