ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കില്‍ കര്‍സേവ നടത്തുമെന്ന വിഎച്ച്പിയും ബജ്രംഗ്ദളും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ആഹ്വാനമാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്
ലോകത്തില്‍ മറ്റേതൊരു രാഷ്ട്രവും ഇന്ന് രൂപപ്പെട്ടതു പോലെ, പല കാലങ്ങളില്‍ പല ഭരണാധികാരികളാല്‍ പല സംസ്‌കാരങ്ങളില്‍ ഭരിക്കപ്പെട്ടാണ് നാം ഇന്ത്യാക്കാര്‍ ഇന്നില്‍ എത്തി നില്‍ക്കുന്നത്. അതിന്റെയെല്ലാം സ്വാധീനം രക്തത്തിലും സംസ്‌കാരത്തിലും സ്വാംശീകരിക്കപ്പെട്ട പിന്‍തലമുറക്കാരാണ് നാം... ആ ചരിത്രം ഉറങ്ങുന്ന മണ്ണില്‍ കാലുറപ്പിച്ച് നിന്നാണ് ചിലര്‍ വിഭാഗീയതയുടേയും വിദ്വേഷത്തിന്റെയും വെറുപ്പുകള്‍ പുറംതള്ളുന്നത്.
പറഞ്ഞു വരുന്നത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യത്തെ തുടര്‍ന്നുണ്ടായ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്നു വരുന്ന സംഘര്‍ഷങ്ങളെ കുറിച്ചാണ്. ഔറംഗബാദിലെ കുല്‍ദാബാദിലാണ് ഔറംഗസേബിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത്. മറ്റ് മുഗള്‍ ഭരണാധികാരികളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തനായ ഔറംഗസേബിന്റെ ശവകുടീരത്തിനും സവിശേഷതകള്‍ ഏറെയാണ്.
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കില്‍ കര്‍സേവ നടത്തുമെന്ന വിഎച്ച്പിയും ബജ്രംഗ്ദളും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ആഹ്വാനമാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്.
ആരാണ് ഔറംഗസേബ്?
മുഗള്‍ചരിത്രത്തിലെ അതിക്രൂരനും മതഭ്രാന്തനുമായ ഭരണാധികാരിയായിട്ടും, പരമദയാലുവും വിശാലഹൃദയനുമായ ചക്രവര്‍ത്തിയായുമെല്ലാം ഔറംഗസേബിനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നതായി കാണാം. രാഷ്ട്രീയവും സംസ്‌കാരികവുമായ വിവേചനങ്ങളിലും കാഴ്ച്ചപ്പാടിലും അധിഷ്ടിതമാണ് ഈ വിലയിരുത്തലുകളും വിശേഷണങ്ങളുമെല്ലാം. നിങ്ങള്‍ ഒരു മതവാദിയോ മതനിരപേക്ഷ വാദിയോ ആണെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഔറംഗസേബ് എന്ന ചക്രവര്‍ത്തിയെ കുറിച്ചുള്ള വായന. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ ശവകുടീരം തര്‍ക്കവിഷയമാകുന്നതു പോലെ.
ALSO READ: തുത്മോസ് രണ്ടാമന്റെ കല്ലറയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും
പ്രിയതമയുടെ ഓര്‍മയ്ക്കായി താജ്മഹല്‍ പണിത ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഇളയ മകന്‍. മറ്റു മുഗള്‍ ചക്രവര്‍ത്തിമാരെ അപേക്ഷിച്ച് ആഡംബരത്തോട് യാതൊരു താത്പര്യവുമില്ലാത്ത ആളായിരുന്നു ഔറംഗസേബ്. 1707 മരണപ്പെട്ട ഔറംഗസേബിന്റെ മൃതദേഹം അദ്ദേഹത്തിന്റെ പൂര്‍വികരില്‍ നിന്ന് വ്യത്യസ്തമായി ആത്മീയ ഗുരു ഷെയ്ക്ക് സൈനുദ്ദിന്റെ ദര്‍ഗക്കു സമീപത്താണ് സംസ്‌ക്കരിച്ചിരിക്കുന്നത്. പ്രതിദിനം മൂവായിരത്തോളം പേര്‍ സന്ദര്‍ശിക്കുന്ന ഔറംഗസേബിന്റെ ശവകുടീരത്തെ ദേശീയപ്രാധാന്യമുള്ള സ്മാരകമെന്ന നിലയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്.
തന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരു രൂപ പോലും രാജ്യത്തിന്റെ ഖജനാവില്‍ നിന്നും എടുക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. ഭാര്യയുടെ ഓര്‍മയ്ക്ക്് പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് മാര്‍ബിള്‍ കൊട്ടാരം പണിത പിതാവിന്റെ പുത്രന്‍ തുറന്ന ആകാശത്തിനു കീഴിലാണ് അന്തിയുറങ്ങുന്നത്. ആകെ 14 രൂപ 12 പൈസ മാത്രമാണ് മരണാനന്തര ചടങ്ങുകള്‍ക്ക് ചെലവായത്.
സ്വന്തമായി നിര്‍മിക്കുന്ന പ്രാര്‍ഥനാ തൊപ്പികളും എഴുതി തയ്യാറാക്കിയ ഖുറാന്‍ കയ്യെഴുത്തു പ്രതികളും വിറ്റാണ് ജീവിത ചെലവിനുള്ള പണം ഈ ചക്രവര്‍ത്തി കണ്ടെത്തിയിരുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഔറംഗസേബ് ഭരിച്ച 50-52 വര്‍ഷങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മുഗള്‍ സാമ്രാജ്യം മാറുന്നത്.
ഔറംഗസേബിനെ കുറിച്ച് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചരിത്രത്തിലുള്ളതാണ്. എന്നാല്‍, മറ്റൊരു വശവും ചരിത്രത്തിലുണ്ട്, ധൂര്‍ത്ത് നടത്തി സാമ്രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്ന് ആരോപിച്ച് പിതാവായ ചക്രവര്‍ത്തി ഷാജഹാനില്‍ നിന്ന് അധികാരം പിടിച്ചെടുത്താണ് ഔറംഗസേബ് അധികാരത്തിലേറിയത്. ഈ യുദ്ധത്തില്‍ തന്റെ മൂന്ന് സഹോദരങ്ങളെ ഔറംഗസേബിന്റെ സൈന്യം കൊല്ലുന്നുണ്ട്. ഷാജഹാനെ ആഗ്രയിലെ കോട്ടയില്‍ ശിഷ്ടകാലം മുഴുവന്‍ തടവിലാക്കി.
ഔറംഗസേബിന്റെ ഭരണകാലത്താണ്, അമുസ്ലീങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ അമുസ്ലിം പൗരന്‍മാര്‍ നല്‍കേണ്ട നികുതിയായ ജിസ്യ നിര്‍ബന്ധമാക്കിയത്. എന്നാല്‍, അതേസമയം തന്നെ മറ്റുനികുതികളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇവിടെ, ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ കണ്ണടയ്ക്കുന്ന അല്ലെങ്കില്‍ ബോധപൂര്‍വം പറയാതെ പോകുന്ന ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളുണ്ട്, ഹൂമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നിവര്‍ കേവലം മുസ്ലീം ചക്രവര്‍ത്തിമാരായിരുന്നില്ല, മുഗള്‍ ഭരണം മുസ്ലീം ഭരണമായിരുന്നില്ല എന്ന സത്യം. ഔറംഗസേബില്‍ നിന്നും ആശയത്തിലും ഭരണത്തിലും തീര്‍ത്തും വ്യത്യസ്തരായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വികനായ അക്ബര്‍ ചക്രവര്‍ത്തിയും പിതാവ് ഷാജഹാനുമെല്ലാം.
മുഗള്‍ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവര്‍ത്തിയായിരുന്നു അക്ബര്‍. ശ്രദ്ധിക്കണം, രാജ്യമല്ല, സാമ്രാജ്യമാണ്, രാജാവല്ല, ചക്രവര്‍ത്തിയാണ്. അക്ബറിന്റെ കാലത്താണ് മുഗള്‍ സാമ്രാജ്യത്ത് ശക്തമായ ഭരണക്രമം സ്ഥാപിക്കുന്നത്. അതുകൊണ്ട് മുഗള്‍ സാമ്രാജ്യത്തിന്റെ മഹാശില്‍പി എന്നാണ് അക്ബര്‍ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗള്‍ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്. അക്ബറിന്റെ ഭരണകാലത്താണ് ഇസ്ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് 'ദീനെ ഇലാഹി'യെന്ന പുത്തന്‍ ആശയം അവതരിപ്പിക്കുന്നത്. ഫത്തേപ്പൂര്‍ സിക്രിയില്‍ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന ആ സൗധത്തില്‍ സര്‍വമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയതും അക്ബറായിരുന്നു.
ALSO READ: ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക
ആ അക്ബറിന്റെ പിന്‍ഗാമിയായ ഔറംഗസേബ് ആകട്ടെ അദ്ദേഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നുവെന്ന് ചരിത്രം പറയുന്നു. പണ്ഡിതനും സൂഫിവര്യനുമായ അലി തന്‍ത്വാവി തന്റെ വിശ്വവിഖ്യാത കൃതിയായ 'ചരിത്രപുരുഷന്മാര്‍ ' എന്ന പുസ്തകത്തില്‍, ഔറംഗസേബിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'മറ്റു ഭരണാധികാരികളില്‍ നിന്നും ഔറംഗസീബ് വ്യതിരിക്തനാകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, പൊതു ഖജനാവില്‍ നിന്നും പണം അനാവശ്യമായി ഉപയോഗിച്ചിട്ടില്ല. രണ്ട്, ശരീഅത്ത് നിയമങ്ങളെ ഒരൊറ്റ വിജ്ഞാന കോശമാക്കി ഔറംഗസേബ് ക്രോഡീകരിച്ചു'.
നിരവധി ഹിന്ദു രാജാക്കന്മാരെ കടുത്ത മതവാദിയായ ഔറംഗസേബ് കൊന്നൊടുക്കിയെന്നതാണ് മറ്റൊരു വിമര്‍ശനം. ജനാധാപത്യ യുക്തിയില്‍ നിന്ന് അളന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുന്നതല്ല, രാജഭരണം. ഇന്നത്തെ കാലത്തെ യുക്തിയില്‍ അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള പല അട്ടിമറികളും രാജതന്ത്രങ്ങളും യുദ്ധ തന്ത്രങ്ങളുമൊക്കെ നിറഞ്ഞതാണ് നമ്മുടെ ചരിത്രം. പക്ഷേ, ആ ആനുകൂല്യം നല്‍കാതെ ചരിത്രത്തെ വളച്ചൊടുക്കാനും വ്യാഖ്യാനിക്കാനും സാധിക്കും.
അടുത്തിടെ ബോളിവുഡില്‍ ഇറങ്ങിയ വിക്കി കൗശാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമുണ്ട്, ഛവ്വ, ചരിത്ര സിനിമയെന്ന് വിശേഷിപ്പിക്കുന്ന ഈ സിനിമയില്‍, രണ്ട് ചരിത്ര പുരുഷന്മാരുണ്ട്. ശിവജിയുടെ പുത്രന്‍ സംബാജിയും ഷാജഹാന്റെ പുത്രന്‍ ഔറംഗസേബും. ചരിത്രത്തിലും ഈ സിനിമയിലും ഔറംഗസേബ് സംബാജിയെ വധിക്കുന്നുണ്ട്. ചരിത്രത്തില്‍ സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന രാജാവ് ഒരു നാട്ടുരാജാവിനെയാണ് വധിക്കുന്നതെങ്കില്‍, സിനിമയില്‍, ഹിന്ദുവായ സംബാജിയെ മുസ്ലീമായ ഔറംഗസേബ് ആണ് വധിക്കുന്നത്. വലിയ വ്യത്യാസമുണ്ട് ഇവ രണ്ടും തമ്മില്‍, ഔറംഗസേബ് വധിച്ച മുസ്ലീം ഭരണാധികാരികളെ കുറിച്ചോ സ്വന്തം സഹോദരങ്ങളെ കുറിച്ചോ പരാമര്‍ശിക്കപ്പെടുന്നില്ല. ഇതേ സിനിമ കണ്ടാണ് മധ്യപ്രദേശിലെ ഒരു കോട്ടയില്‍ നിധിയുണ്ടെന്ന് വിശ്വസിച്ച് നാട്ടുകാര്‍ പാരയും കോടാലിയുമായി ഇറങ്ങിയത്. ഒരു സിനിമ സമൂഹത്തിലെന്തൊക്കെ സ്വാധീനമുണ്ടാക്കുന്നുവെന്നതിന്റെ ചെറിയ ഉദാഹരമാണിത്. അപ്പോള്‍ ചരിത്രം തന്നെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യേകിച്ച് രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാക്കുന്ന പോളറൈസേഷന്‍ എത്ര ആഴത്തിലുള്ളതാകും?
ചരിത്രം അത് അന്വേഷിക്കുന്നവരുടെ വീക്ഷണകോണിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ രാഷ്ട്രീയവും താത്പര്യവും എന്താണ്, അതാകും നിങ്ങള്‍ വായിക്കുന്ന ചരിത്രം. ഒരു നൂറ് വര്‍ഷം കഴിഞ്ഞുള്ള കാലം സങ്കല്‍പ്പിച്ചു നോക്കുക, ഇന്ന് നമുക്ക് ചുറ്റും ഉയരുകയും രൂപപ്പെടുകയും ചെയ്ത കെട്ടിടങ്ങളും ശില്‍പങ്ങളുമെല്ലാം മറ്റ് പല നിര്‍മിതകള്‍ക്കു മേല്‍ ഉയര്‍ന്നതാണെന്നതായിരിക്കും അന്നത്തെ ചരിത്രം.