നേരത്തെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേടിൽ തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗം പരിശോധന നടത്തും. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് പരിശോധന. 211 കോടി രൂപ കാണാതായെന്ന ആരോപണത്തിലാണ് പരിശോധന.
അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്നും ക്ലറിക്കൽ പിശക് സംഭവിച്ചതാണെന്നുമുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഫിനാൻസ് വിഭാഗത്തിന്റെ അന്വേഷണം. നേരത്തെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രാഥമിക പരിശോധനയിൽ ചെക്ക് രജിസ്റ്ററില്‍ ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. 196 കോടി രൂപയുടെ ചെക്ക് ബാങ്കില്‍ സമർപ്പിച്ചില്ലെന്നും 2023 ഫെബ്രുവരിക്ക് ശേഷം ചെക്ക് രജിസ്റ്റർ കൃത്യമായി മെയിന്റെയ്ൻ ചെയ്തിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
നഗരസഭയിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ചെക്ക് രജിസ്റ്ററില്‍ ക്രമക്കേട് നടന്നതായി വിജിലൻസ് സംഘം കണ്ടെത്തി. ബാങ്ക് ഒഫ് മഹാരാഷ്ട്രയിലുള്ള കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ 195.97 കോടി രൂപ കാണാനില്ലെന്നും ഇതില്‍ 189 കോടി രൂപയുടെ ചെക്ക് നഗരസഭയില്‍ ലഭിച്ചിരുന്നു.
ഈ ചെക്ക് ബാങ്കില്‍ നല്‍കി പണമാക്കി മാറ്റിയിട്ടില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ലൈബ്രറി സെസിന്റെ പേരില്‍ പിരിച്ച 11.33 ലക്ഷം രൂപ ബാങ്കില്‍ അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. സെക്യൂരിറ്റി ഡെപ്പോസിറ്റായി പിടിച്ച 13.75 ലക്ഷം രൂപയും പണമായില്ലെന്നാണ് കണ്ടെത്തല്‍.