ധീരജിനെ കൊലപ്പെടുത്തിയ കത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈവശമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാം തുറന്നു പറയാൻ തയ്യാറാണെന്നും സെബിൻ എബ്രഹാം ന്യൂസ് മലയാളത്തോട് പറഞ്ഞു
എസ്എഫ്ഐ നേതാവ് ധീരജിന്റെ കൊലപാതകത്തിൽ വൻ വെളിപ്പെടുത്തലുമായി മുൻ യൂത്ത് കോൺഗ്രസ് നേതാവ്. ധീരജിനെ കൊലപ്പെടുത്തിയ കത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈവശമുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ ഉടുമ്പൻചോല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സെബിൻ എബ്രഹാം ന്യൂസ് മലയാളത്തോട് പറഞ്ഞു. കത്തി നേരിട്ട് കണ്ടെന്നും പൊലീസിന് കണ്ടെത്താൻ കഴിയില്ലെന്നും സെബിൻ പറയുന്നു.
എല്ലാം തുറന്നുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങി പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു സെബിൻ്റെ വെളിപ്പെടുത്തൽ. ധീരജിനെ കുത്തിയ കത്തി പൊലീസിന് ഒരിക്കലും കണ്ടെത്താൻ കഴിയില്ല. കേസിൽ പ്രതിയായാലും കുഴപ്പമില്ലെന്ന് പറഞ്ഞ സെബിൻ, അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാം തുറന്നു പറയാൻ തയ്യാറാണെന്നും വ്യക്തമാക്കി.
ഡീൻ കുര്യാക്കോസ് എംപിയുടെ മുൻ പേഴ്സണൽ സ്‌റ്റാഫ് കൂടിയാണ് സന്ത്യാട്ടുപടവിൽ സെബിൻ എബ്രഹാം. ‘സ്റ്റോറീസ് ബൈ സെബിൻ’ എന്ന ബ്ലോഗിൽ 'പൊളിട്ടിക്കൽ കുമ്പസാരം' എന്ന പേരിൽ എഴുതിയ കുറിപ്പിലായിരുന്നു സെബിൻ്റെ വെളിപ്പെടുത്തൽ
2022 ജനുവരി പത്തിനാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ധീരജ് കുത്തേറ്റു മരിച്ചത്. പൈനാവ് എൻജിനീയറിങ് കോളജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിനിടെയായിരുന്നു കൊലപാതകം. നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ധീരജ്. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനാവാഞ്ഞത് പൊലീസുകാരെ കുഴക്കിയിരുന്നു.
കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘം ചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും കേസുണ്ട്.