ഫ്രഞ്ച് പാർലമെന്‍റിലെ 331 പ്രതിനിധികളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്
നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് മിഷേല്‍ ബാർണെയറിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ. അധികാരം ഏറ്റെടുത്ത് മൂന്ന് മാസത്തിനുള്ളിലാണ് ബാർണെയറിന്‍റെ സർക്കാർ താഴെയിറങ്ങുന്നത്. 1958ൽ രാജ്യത്തിൻ്റെ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും കുറഞ്ഞ കാലാവധിയാണിത്. വ്യാഴാഴ്ച രാവിലെ ബാർണെയർ രാജി സമർപ്പിക്കും. തുടർന്ന് പ്രസിഡന്‍റ് രാജ്യത്തെ അഭിസംബോധന ചെയ്യും.
ഫ്രഞ്ച് പാർലമെന്‍റിലെ 331 പ്രതിനിധികളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 2025ലേക്കുള്ള ബാർണെയറിന്‍റെ ബജറ്റ് നിർദേശങ്ങളോടുള്ള കടുത്ത എതിർപ്പാണ് പ്രതിനിധികളെ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. ചെലവ് ചുരുക്കലും 60 ബില്യൺ യൂറോ നികുതി വർധനയുമാണ് സർക്കാർ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റില്‍ നിർദേശിച്ചിരുന്നത്. തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നും ഇടതുപക്ഷ സഖ്യങ്ങളും ഒത്തൊരുമിച്ചാണ് ബാർണെയറുടെ പദ്ധതി എതിർത്തത്. പാർലമെൻ്റിൻ്റെ അംഗീകാരമില്ലാതെ ബജറ്റിൻ്റെ ചില ഭാഗങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബാർണെയർ പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ചുവെന്നും ഇരു കൂട്ടരും ആരോപിച്ചു.
Also Read: നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്കാലിക ജയില്‍ മോചനം; ശിക്ഷ മൂന്നാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഇറാന്‍
രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സാമ്പത്തിക മേഖലയെ സന്തുലിതമാക്കാനുള്ള ബാർണെയറുടെ ശ്രമങ്ങൾ. സർക്കാരിന്‍റെ ചെലവുചുരുക്കല്‍ നടപടികളോട് വോട്ടർമാരും വിമുഖതയാണ് പ്രകടിപ്പിച്ചത്.
ബാർണിയറിന് അധികാരം നഷ്ടമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍ ആണ്. എത്രയും പെട്ടെന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുകയെന്നതാണ് മാക്രോണിനു മുന്നിലുള്ള വെല്ലുവിളി. മാത്രമല്ല ഇങ്ങനെ തെരഞ്ഞെടുക്കുന്ന വ്യക്തി 2025ലെ ബജറ്റ് പാസാക്കാനും തകർന്നു കിടക്കുന്ന സർക്കാരിനെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ആളുമായിരിക്കണം.
Also Read: "വംശഹത്യ നടത്തിയത് മുഹമ്മദ് യൂനസാണ്, ഞാനല്ല"; ബംഗ്ലാദേശ് ഇടക്കാല നേതാവിനെതിരെ ഗുരുതരാരോപണവുമായി ഷെയ്ഖ് ഹസീന
ലെ പെന്നിന്‍റെ വളർന്നു വരുന്ന സ്വാധീനവും പാർലമെന്‍റിന്‍റെ അധോസഭയില്‍ വിവിധ മുന്നണികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന കക്ഷിനിലയും മാക്രോണിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ ലെ പെന്നിന്‍റെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണല്‍ റാലി, മാക്രോണിന്‍റെ സെന്‍ട്രിസ്റ്റ് സഖ്യം, ഇടതുപക്ഷം എന്നിവയാണ് അധോസഭയിലെ കക്ഷികള്‍.