fbwpx
കണ്ണീരോടെ ഉറ്റവർ; ആദരവ് അർപ്പിച്ച് പ്രമുഖർ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന് വിട നൽകി നാട്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Apr, 2025 01:51 PM

ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനം വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. രാമചന്ദ്രൻ്റെ ഭാര്യയും മകളും ഭാരത് മാതാ കീ ജയ് വിളിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

KERALA


ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന് നാടിൻ്റെ അന്ത്യാഞ്ജലി. പൊട്ടിക്കരഞ്ഞ് ഉറ്റവർ. ആദരമർപ്പിച്ച് ഗവർണർ ഉൾപ്പെടെയുള്ള പ്രമുഖർ. ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനം വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. രാമചന്ദ്രൻ്റെ ഭാര്യയും മകളും ഭാരത് മാതാ കീ ജയ് വിളിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്. രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ നിന്ന് മൃതദേഹം കുടുംബം ഏറ്റുവാങ്ങിയത്. ഭാര്യ ഷീലയും മകൾ ആരതിയും മകൻ അരവിന്ദും കലങ്ങിയ ഉള്ളകവുമായി ആശുപത്രിയിൽ എത്തിയിരുന്നു.


തുടർന്ന് വിലാപയാത്രയായി ചങ്ങമ്പുഴ പാർക്കിലേക്ക് മൃതദേഹം എത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, വാർത്തയറിഞ്ഞ് എത്തിയവരും ചങ്ങമ്പുഴ പാർക്കിലേക്ക് ഒഴുകിയെത്തി. ആക്രമിക്കപ്പെട്ടത് രാജ്യമാണെന്നും രാമചന്ദ്രൻ അതിൽ രക്തസാക്ഷിയാണെന്നും വന്നവർ പറഞ്ഞു. അവർ കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.


സംസ്ഥാന സർക്കാരിന് മന്ത്രിമാരായ പി.രാജീവും എ.കെ.ശശീന്ദ്രനും റീത്ത് സമർപ്പിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ, മതമേലധ്യക്ഷന്മാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.


ALSO READ: ഭീകരാക്രമണത്തെ ഹിന്ദു-മുസ്ലീം വിഭജനത്തിനുള്ള ആയുധമാക്കി, RSS സമൂഹത്തിലെ കാൻസർ: തുഷാർ ഗാന്ധി


പത്ത് മണിയോടെ മങ്ങാട്ടുറോഡിലെ വസതിയിൽ മൃതദേഹം എത്തിച്ചു. വീട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു വീടിന് ഉള്ളിലേക്ക് പ്രവേശനം. ഒന്നര മണിക്കൂറിന് ശേഷം മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി പുറത്തേക്ക് എടുത്തു. സർക്കാരിൻ്റെ ആദരമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.തുടർന്ന് മതപരമായ ചടങ്ങുകൾ വസതിക്ക് മുന്നിൽ വെച്ച് നടത്തി.


ബുധനാഴ്ച രാത്രിയാണ് രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. ഭാര്യ ഷീലയ്‌ക്കും മകൾ ആരതിക്കും മകളുടെ ഇരട്ടക്കുട്ടികൾക്കും ഒപ്പമായിരുന്നു രാമചന്ദ്രൻ്റെ കാശ്മീർ യാത്ര. ദുബായിൽ ജോലി ചെയ്തിരുന്ന മകൾ നാട്ടിലെത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌. ഹൈദരാബാദ്‌ വഴിയാണ്‌ രാമചന്ദ്രനും കുടുംബവും കാശ്മീരിൽ എത്തിയത്‌. ചൊവ്വാഴ്ച വൈകീട്ടോടെയാണ്‌ രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. മകൾ അമ്മുവാണ്‌ നാട്ടിലേക്ക്‌ വിളിച്ച് ദുരന്തവാർത്ത അറിയിച്ചത്.



Also Read;പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു; കേരളപുരം സ്വദേശി ഗുരുതരാവസ്ഥയിൽ, ചോറ്റാനിക്കര സി.ഐ. മനോജിനെതിരെ പരാതി


ചൊവ്വാഴ്ച പഹൽഗാമിലെ കാഴ്ചകൾ കണ്ട് നടക്കവെ മകൾക്കും ചെറുമക്കൾക്കും മുന്നിൽ വെച്ച് തന്നെ 67കാരന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഭാര്യ ഇവരോടൊപ്പം പോകാതെ ഹോട്ടൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. പ്രവാസിയായിരുന്ന രാമചന്ദ്രൻ ജോലി നിർത്തി നാട്ടിൽ സ്ഥിരമായത് രണ്ട് വർഷം മുൻപാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം എല്ലാവരോടും അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.

28 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.


NATIONAL
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി
Also Read
user
Share This

Popular

NATIONAL
TAMIL MOVIE
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി