15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്
തുടരും സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് താന്‍ സ്തംഭിച്ചുപോയെന്ന് നടി ശോഭന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സിനിമയൊരു ഫാമിലി ഡ്രാമയാണെന്നും സംവിധായകനും നിര്‍മാതാവിനും അഭിനന്ദനങ്ങളും ശോഭന അറിയിച്ചു. ഇന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററിലെത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
"ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 38,000 ടിക്കറ്റുകള്‍ വിറ്റിരിക്കുന്നു തുടരും എന്ന ചിത്രം. വളരെ സന്തോഷം. ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്‌പോയിലറുകള്‍ ഞാന്‍ പറയുന്നില്ല. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നിര്‍മ്മാതാവ് രഞ്ജിത്തിനും അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നു. നന്ദി", എന്നാണ് ശോഭന വീഡിയോയില്‍ പറഞ്ഞത്.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്. റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.