ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം മലേറിയ ഇന്ന് ഓരോ മിനിറ്റിലും, മലേറിയ ഒരു ജീവൻ അപഹരിക്കുന്നുവെന്നും പറയുന്നു
മനുഷ്യരാശിയെ ബാധിക്കുകയും ജീവൻ കവർന്നെടുക്കുകയും ചെയ്ത രോഗമാണ് മലേറിയ. അനോഫിലിസ് കൊതുകുകളിലൂടെയാണ് മലേറിയ മനുഷ്യരിലേക്കെത്തുന്നത്. രോഗികളുടെ എണ്ണവും മരണവുമൊക്കെ വര്‍ധിച്ചപ്പോള്‍, ആഗോള തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി പ്രതിരോധം സൃഷ്ടിച്ചിരുന്നു. പക്ഷേ, ആ ഭീതി എക്കാലത്തേക്കുമായി ഒഴിഞ്ഞുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീണ്ടുമൊരു മലേറിയ ദിനം എത്തുമ്പോള്‍, പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയാണ് ലോകാരോഗ്യ സംഘടന പങ്കുവെക്കുന്നത്.
2007 മുതലാണ് ആഗോള തലത്തിൽ ഏപ്രിൽ 25 മലേറിയ ദിനമായി ആചരിക്കാൻ തുടങ്ങിയത്. പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിട്ടും ലോകത്ത് ഇപ്പോഴും പ്രധാനപ്പെട്ട ഒരു ആരോഗ്യ പ്രശ്നമായി മലേറിയ മാറിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം, 2023ൽ ആഗോളതലത്തിൽ 83 രാജ്യങ്ങളിലായി 263 ദശലക്ഷം പുതിയ മലേറിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2022ൽ ഇത് 252 ദശലക്ഷവും, 2025ൽ ഇത് 226 ദശലക്ഷവും ആയിരുന്നു. 2015-ൽ മലേറിയ ബാധിച്ച് 5,78,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2023-ൽ ഇത് 5,97,000 ആയി ഉയരുന്ന സ്ഥിതിയാണ് ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം, സംഘർഷം, അക്രമം, ആഗോള പ്രതിസന്ധികൾ, എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ മലേറിയ നിയന്ത്രണ ശ്രമങ്ങളെ തടസപ്പെടുത്തുന്നുണ്ട് എന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. ഇത് രോഗ നിയന്ത്രണത്തിന് വിപീത ഫലം ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഫണ്ടിങ്ങിലുണ്ടാകുന്ന ഗണ്യമായ കുറവ് മലേറിയയെ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങൾക്ക് തടസമാകുന്നുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഫണ്ട് വെട്ടിക്കുറച്ചു കൊണ്ടുള്ള യുഎസിൻ്റെ നീക്കം ഗുരുതര സാഹചര്യങ്ങൾക്ക് മേൽ പ്രഹരമേൽപ്പിച്ചു. ഇത് സങ്കീർണമായൊരു സ്ഥിതിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇതുമൂലം രോഗ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയ്ക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ രാജ്യങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും സംഘടന പ്രദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
1990 കളുടെ അവസാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതിൻ്റെ ഭാഗമായി ഏകദേശം 2.2 ബില്ല്യൺ കേസുകളും, 12.7 ദശലക്ഷം മലേറിയ മരണങ്ങളും തടയാൻ സാധിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളൽ സംഭവിച്ചതിന് പിന്നാലെ മലേറിയ മൂലം ഉണ്ടാകുന്ന മരണം വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം മലേറിയ ഇന്ന് ഓരോ മിനിറ്റിലും, മലേറിയ ഒരു ജീവൻ അപഹരിക്കുന്നുവെന്നും പറയുന്നു.
മലേറിയ അവസാനിപ്പിക്കുന്നതിനായി വീണ്ടും പ്രതിജ്ഞാബദ്ധരാകേണ്ട സമയമാണിത്. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള അറിവ്, പരിശോധന, ചികിത്സാ രീതികൾ എന്നിവയുടെ വിജയിച്ച മോഡൽ നമുക്ക് ലഭ്യമാണ്. രോഗ നിർമാർജനം കേവലം ആരോഗ്യ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് രാഷ്ട്രത്തെയാകെ ബാധിക്കുന്ന ഒന്നാണ്. രാഷ്ട്രത്തെ സംബന്ധിച്ച് അതിൻ്റെ നീതിയുക്തവും, സുരക്ഷിതവുമായ ഭാവിയിലേക്ക് നടത്തുന്ന നിക്ഷേപം കൂടിയാണിത്. അത് സാധ്യമാകണമെങ്കിൽ ആഗോള കൂട്ടായ്മ ആവശ്യമാണ്. മലേറിയയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒന്നിച്ച് പോരാടാനും, പ്രതിരോധ പ്രവർത്തനത്തെ ശക്തിപ്പെടുത്താനും നമുക്ക് സാധിക്കണമെന്നാണ് ലോക മലേറിയ ദിനത്തിൽ ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.