കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കാലയളവിലാണ് ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതിയുടെ ആദ്യഘട്ട ആലോചനകള്‍ നടന്നത്
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കൾ. കസ്തൂരിരംഗൻ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ നിയോഗിക്കപ്പെട്ട സമയത്താണ് അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓർമിച്ചു.
ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു ഡോ. കെ. കസ്തൂരിരംഗൻ്റെ അന്ത്യം. ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒയുടെ തലവനായി സേവനമനുഷ്ഠിച്ചു. 2003ലാണ് വിരമിച്ചത്. കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കാലയളവിലാണ് ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതിയുടെ ആദ്യഘട്ട ആലോചനകള്‍ നടന്നത്.
ഇന്ത്യയുടെ പ്ലാനിങ് കമ്മീഷന്‍ അംഗം, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനും ഡോ. കസ്തൂരിരംഗനായിരുന്നു. തുടര്‍ന്ന് വന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Also Read: ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു
മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ദീർഘകാലം ഐഎസ്ആർഒ-യുടെ ചെയർമാൻ പദവി അലങ്കരിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങളിലൂടെ രാജ്യത്തിൻ്റെ പുരോഗതിയ്ക്കായി നിരവധി സംഭാവനകൾ കസ്തൂരിരംഗൻ നൽകി. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിൻ്റെ വൈജ്ഞാനികമേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. കസ്തൂരിരംഗൻ്റെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പ്രതിപക്ഷ നേതാവിൻ്റെ അനുശോചനക്കുറിപ്പ്
ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് ഡോ . കെ. കസ്തൂരിരംഗൻ്റേത്. കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ.
രാജ്യത്ത് വിജയകരമായ ബഹിരാകാശ ഗവേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഒൻപത് വർഷം ഐ.എസ്.ആർ.ഒ ചെയർമാൻ. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടർ. രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച മഹനീയ വ്യക്തിത്വം.
ഡോ കസ്തൂരിരംഗൻ ഐ.എസ്.ആർ.ഒ മേധാവിയായിരുന്ന സമയത്താണ് ഇന്ത്യയുടെ ചന്ദ്ര യാത്രാ പദ്ധതിയുടെ ആദ്യ ആലോചനകൾ നടക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ നിയോഗിക്കപ്പെട്ട സമയത്താണ് അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായത്. ശാസ്ത്രത്തിന് പുറമെ വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഡോ. കസ്തൂരി രംഗൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
Also Read: 'സവര്‍ക്കറെ പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദ പ്രസ്താവനകളരുത്'; രാഹുലിന് സുപ്രീം കോടതിയുടെ വിമര്‍ശനം
കെ.സുധാകരന്‍ എംപിയുടെ അനുശോചനക്കുറിപ്പ്
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ.കെ.കസ്തൂരിരംഗന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.
ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായിരുന്നു കസ്തൂരി രംഗന്‍. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം.പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ,പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് രാജ്യത്തിനും ശാസ്ത്രമേഖലയ്ക്കും വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.