തൻ്റെ മരണം നിശബ്ദമായി പോകരുതെന്ന് മാത്രമായിരുന്നു ഹസൂന ആഗ്രഹിച്ചിരുന്നത്
ഗാസ ദുരന്തമുഖം ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ച ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 25കാരിയായ ഫാത്തിമ ഹസൂനയാണ് കൊല്ലപ്പെട്ടത്. ഗർഭിണിയായ സഹോദരിയുൾപ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളും ഫാത്തിമ ഹസൂനയ്ക്കൊപ്പം കൊല്ലപ്പെട്ടു. 18 മാസത്തോളമായി ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്തുവരികയായിരുന്നു ഹസൂന. തൻ്റെ മരണം നിശബ്ദമായി പോകരുതെന്ന് മാത്രമായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. അതേസമയം ഹമാസ് അംഗത്തെ ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണമായിരുന്നു ഇതെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം.
മരണം എപ്പോഴും തന്റെ പടിവാതിൽക്കൽ ഉണ്ടെന്ന് ദുരന്തമുഖത്തെ ഫോട്ടോ ജേണലിസ്റ്റായ ഫാത്തിമ ഹസൂനയ്ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ നിശബ്ദമായൊരു മരണമല്ല, മറിച്ച് 'ഉച്ചത്തിലുള്ള മരണം' വേണമെന്നായിരുന്നു ഹസൂനയുടെ ആഗ്രഹം. 'വെറുമൊരു ബ്രേക്കിങ് വാർത്തയായോ, കൊല്ലപ്പെട്ട ഒരു ഗ്രൂപ്പിലെ എണ്ണം മാത്രമായോ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണെനിക്ക് വേണ്ടത്. സമയാതീതമായ ഒരു ആഘാതവും, സമയത്തിനോ ഒരു പ്രദേശത്തിനോ മറയ്ക്കാൻ കഴിയാത്ത, കാലാതീതമായ പ്രതിച്ഛായയും എനിക്ക് വേണം,'- ഫാത്തിമ ഹസൂന സോഷ്യൽ സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്. ഒടുവിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഗ്രഹിച്ച മരണം ഹസൂനയെ തേടിയെത്തി.
ഗാസയിലെ സ്ഥിര താമസക്കാരിയായിരുന്നു ഹസൂന. ഇസ്രായേലി ആക്രമണം ആരംഭിച്ചതുമുതലുള്ള തൻ്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഡോക്യുമെന്ററി, കാൻസിനു സമാന്തരമായി നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് ഹസൂന പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് 24 മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇത്.
ഗാസ ദുരന്ത മുഖത്തെ ചിത്രങ്ങൾ ഹസൂന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഹസൂനയ്ക്ക് 35,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഗാസയിൽ ജീവിക്കുന്ന ഒരാൾ ദൈനംദിനം നേരിടുന്ന വെല്ലുവിളികളും ഇസ്രായേൽ ആക്രമണത്തിൻ്റെ കീഴിൽ ജീവിക്കുന്നതിന്റെ ഭീഷണിയുമെല്ലാം അവരുടെ ചിത്രങ്ങൾ രേഖപ്പെടുത്തി.
2025 മെയിൽ 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഇറാനിയൻ സംവിധായിക സെപിദെ ഫാർസിയുടെ 'പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്' എന്ന ഡോക്യുമെന്ററി സിനിമയിൽ ഹസൂന അഭിനയിച്ചിരുന്നു. ഹസൂനയുടെ മരണവാർത്തയ്ക്ക് പിന്നാലെ, പുഞ്ചിരിച്ച് നിൽക്കുന്ന ഹസൂനയ്‌ക്കൊപ്പമുള്ള ഫോട്ടോ സെപിദെ ഫാർസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ALSO READ: കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു
ഹസൂനയുടെ മരണത്തിൽ പലസ്തീൻ പത്രപ്രവർത്തക സംരക്ഷണ കേന്ദ്രം (പിജെപിസി) അനുശോചനം രേഖപ്പെടുത്തി. ഗാസ നഗരത്തിലെ അൽ-നഫാഖ് സ്ട്രീറ്റിലെ ഹസൂനയുടെ കുടുംബ വീട് ലക്ഷ്യമിട്ട് തന്നെയായരുന്നു ഇസ്രയേൽ ആക്രമണമെന്നും നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും പിജെപിസി പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യമാണ് ഇതെന്ന് പറഞ്ഞ പിജെപിസി, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 212 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പിജെപിസി അറിയിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഘടന അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അതേസമയം ഹമാസ് അംഗത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നൽകുന്ന വിശദീകരണം. സാധാരണക്കാർക്ക് ദോഷം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു. ആക്രമണം ലക്ഷ്യം വെച്ച ഹമാസ് അംഗം, ഐഡിഎഫ് സൈനികർക്കും ഇസ്രായേലി സിവിലിയന്മാർക്കും നേരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തെന്നാണ് ഇസ്രയേൽ ഭാഷ്യം.