720 അടി വ്യാസമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 17നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക.
ഭീമന്‍ ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2024 ഒഎന്‍ എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സെപ്റ്റംബര്‍ 17ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും.
രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ട് 2024 ഒഎന്‍ എന്ന ഛിന്നഗ്രഹത്തിന്. അതുതന്നെയാണ് ഈ ഛിന്നഗ്രഹത്തെ കൃത്യമായി നിരീക്ഷിക്കാൻ നാസയെ പ്രേരിപ്പിച്ചതും. 720 അടി വ്യാസമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 17നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക.
ഈയടുത്ത കാലങ്ങളിലായി ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഛിന്നഗ്രഹങ്ങളിൽ ഏറ്റവും വലുതാണിത്. നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ഭൂമിക്കടുത്ത് കൂടെ കടന്നുപോകുമെങ്കിലും നിലവിൽ 2024 ഒഎന്‍, യാതൊരു ഭീഷണിയും സൃഷ്ടിക്കില്ലെന്നും നാസ കണക്കുകൂട്ടുന്നു. ഭൂമിയുടെ ഏറ്റവും അടുത്തെത്തുമ്പോള്‍ 620,000 മൈലായിരിക്കും അകലം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ ഇരട്ടിയിലധികമാണിത്.
മണിക്കൂറില്‍ 25,000 മൈല്‍ വേഗത്തിലുള്ള ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയില്‍ നേരിയ വ്യത്യാസം വന്നാല്‍ അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും നാസ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത പിന്തുടരുന്നതിനായി നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിക്കാണ് ചുമതല. ഇതിനായി അത്യാധുനിക ഒപ്റ്റിക്കല്‍ ടെലസ്‌കോപ്പുകളും റഡാറുകളുമാണ് ഉപയോഗിക്കുന്നത്.
2024 ഒഎന്‍-ൻ്റെ വലിപ്പം, ആകൃതി, ഘടന എന്നിവയെ കുറിച്ച് പഠിക്കാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഇതുവഴി സാധ്യമാവും. പഠനത്തിനായി നാസയ്ക്കൊപ്പം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും വിവിധ സര്‍വകലാശാലകളും സഹകരിക്കുന്നുമുണ്ട്.