യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടൻ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായി ആയിരുന്നു പാതി വില കേസ് പ്രതി അനന്തു കൃഷ്ണന്റെ മൊഴിയെന്ന തരത്തിൽ പുറത്തുവന്നത്
മാത്യു കുഴൽനാടൻ
പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ പക്കൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഒരു തരത്തിലുള്ള ബന്ധവും പ്രതിയുമായി ഉണ്ടായിട്ടില്ല. അനന്തു കൃഷ്ണൻ ഇതുവരെ തൻ്റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ സാഹചര്യ തെളിവുകളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഏഴ് ലക്ഷം പോയിട്ട് ഏഴ് രൂപ പോലും വാങ്ങിയിട്ടില്ല. ഏത് മന്ത്രിമാരും എംഎൽഎമാരുമാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. അവര് വിളിച്ച രണ്ട് പരിപാടിയിൽ പോയില്ല, മൂന്നാമത്തെ പരിപാടിയിൽ വൈകിയാണ് എത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
"ഞാൻ ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അത് കൂടാതെ അയാളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രണ്ടാമതും സ്ഥിരീകരിച്ചു. ഇന്ന് ഈ നേരം വരെ എന്‍റെ പേര് അദ്ദേഹം പറയുകയോ അവരുടെ മുൻപിൽ വരികയോ ചെയ്തിട്ടില്ല. അങ്ങനെ ഒരു പരാമർശമുണ്ടെങ്കിൽ ചോദ്യം ചെയ്യാനായി പൊലീസ് നിങ്ങളുടെ വാതിൽപ്പടിയിലെത്തുമായിരുന്നു എന്നാണ് ഉന്നതനായ ഉദ്യോഗസ്ഥൻ പറഞ്ഞത്. നിങ്ങൾ തെറ്റുകാരനാണെന്ന് കണ്ടിട്ടല്ല. അന്വേഷണത്തിന്റെ ഭാഗമായി യാഥാർഥ്യം എന്താണെന്ന് ചോദിക്കാൻ ഞങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു"- മാത്യു കുഴൽനാടൻ.
യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടൻ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായി ആയിരുന്നു പാതി വില കേസ് പ്രതി അനന്തു കൃഷ്ണന്റെ മൊഴിയെന്ന തരത്തിൽ പുറത്തുവന്നത്. കുഴൽനാടനെ കൂടാതെ യുഡിഎഫ് എംപി ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്കെതിരെയും പ്രതി സമാനമായ രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയുള്ളുവെന്നായിരുന്നു പ്രതിയുടെ മൊഴി. ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നും അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു.